വിശാഖപട്ടണം: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടേറ്റ കനത്ത തോല്‍വിക്കു പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിനും ടീം അംഗങ്ങള്‍ക്കും കനത്ത പിഴശിക്ഷ. കുറഞ്ഞ ഓവര്‍നിരക്കിന്‍റെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവര്‍ത്തിച്ചതിനാല്‍ പന്ത് 24 ലക്ഷം രൂപ പിഴയൊടുക്കണം.
ടീം തെറ്റ് ആവര്‍ത്തിച്ചതിനാലാണ് ഇംപാക്റ്റ് പ്ലെയര്‍ അടക്കം പ്ലേയിങ് ഇലവനിലുണ്ടായിരുന്ന എല്ലാവര്‍ക്കും പിഴചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് ക്യാപ്റ്റന്‍ ഒഴികെയുള്ള ടീം അംഗങ്ങള്‍ പിഴയായി നല്‍കേണ്ടത്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പന്തിന് പിഴയിട്ടിരുന്നു. 12 ലക്ഷം രൂപയായിരുന്നു പിഴ. ഇത്തവണ തെറ്റ് ആവര്‍ത്തിച്ചതോടെ പിഴ ഇരട്ടിയായി.
ഇത്തവണയും 12 ലക്ഷം പന്തിന്‍റെ കീശയില്‍നിന്നു പോകും. 106 റണ്‍സിന്‍റെ കനത്ത തോല്‍വിയായിരുന്നു ഡല്‍ഹിക്ക് കോല്‍ക്കത്തയ്‌ക്കെതിരേ നേരിടേണ്ടിവന്നത്. ഇനി ഒരിക്കല്‍ക്കൂടി കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടാല്‍ പന്തിന് വിലക്ക് നേരിടേണ്ടിവരും.
ക്യാപ്റ്റന് 30 ലക്ഷം പിഴയും ലഭിക്കും. ടീം അംഗങ്ങള്‍ക്ക് 12 ലക്ഷമോ മാച്ച് ഫീസിന്‍റെ 50 ശതമാനമോ ഏതാണോ കുറവ് അതാകും പിഴ.വാഹനാപകടത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത് സീസണിന്‍റെ തുടക്കത്തിലേ തിരിച്ചടിയാണ് നേരിടുന്നത്. സീസണില്‍ ഒരു വിജയം മാത്രം നേടിയ പന്തിന്‍റെ ഡല്‍ഹി ക്യാപിറ്റല്‍സ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്. മോശം ഫോമിനൊപ്പം കുറഞ്ഞ ഓവര്‍ നിരക്കുമാണ് ഇപ്പോള്‍ ഡല്‍ഹി ടീമിനെ കൂടുതല്‍ വലയ്ക്കുന്നത്.