ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളില്‍ വീണ്ടും വാതുവയ്പ് വിവാദം. മത്സരത്തില്‍ കൃത്രിമം കാണിക്കാനായി അടുത്തിടെ ചിലര്‍ കളിക്കാരെ സമീപിച്ചതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബെ വ്യക്തമാക്കി.
ആരാണ് കളിക്കാരെ ഇത്തരത്തില്‍ ബന്ധപ്പെട്ടതെന്നോ ഏതൊക്കെ കളിക്കാരെയാണ് ബന്ധപ്പെട്ടതെന്ന കാര്യത്തില്‍ ചൗബേ വ്യക്തത വരുത്തിയിട്ടില്ല. കളിയുടെ സമഗ്രത സംരക്ഷിക്കാന്‍ ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
''ഞങ്ങളുടെ കളിക്കാരെ ഇത്തരത്തില്‍ ഒന്നിലധികം തവണ ചിലര്‍ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവങ്ങള്‍ ഞങ്ങള്‍ സമഗ്രമായി പരിശോധിക്കുകയും അന്വേഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. ഞങ്ങളുടെ കളിക്കാരെയും ഈ കളിയേയും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, കളിക്കാരെയും കളിയേയും അപകടത്തിലാക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.'' - ചൗബെ പറഞ്ഞു.