ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2023ലെ മികച്ച ഏകദിന താരത്തിനുള്ള അന്തിമ ലിസ്റ്റ് പുറത്തുവന്നു. നാല് താരങ്ങളാണ് അവസാന ഘട്ടത്തില്‍ മികച്ച താരത്തിനായി മത്സരിക്കുക. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചു. ന്യൂസിലാന്‍ഡിന്റെ ഡാരല്‍ മിച്ചലാണ് നാലാമത്തെ താരം.
മത്സരം 29
റൺസ് 1584
ക്യാച്ചുകൾ 24
കഴിഞ്ഞ വര്‍ഷം 29 മത്സരങ്ങള്‍ കളിച്ച ഗില്‍ 1,584 റണ്‍സ് നേടി. 24 ക്യാച്ചുകളും ഗില്ലിന്റെ കൈകളില്‍ എത്തി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ചുറിയെന്ന നേട്ടം ഗില്‍ നേടിയത് കഴിഞ്ഞ വര്‍ഷമാണ്. ഏകദിന ലോകകപ്പില്‍ 11 മത്സരങ്ങള്‍ കളിച്ച ഗില്‍ 354 റണ്‍സും നേടിയിരുന്നു.
മികച്ച പ്രകടനം
പോയ വർഷത്തിന്റെ തുടക്കത്തിൽ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരേ 208 റൺസ് നേടിയ ശുഭ്മാൻ ഗിൽ ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡബിൾ സെഞ്ചുറിയായി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തിരുവനന്തപുരത്ത് സെഞ്ചുറി നേടിയതിന് പിന്നാലെ ഹൈദരാബാദിൽ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ ഗിൽ വെറും 149 പന്തിൽ 208 റൺസ് അടിച്ചുകൂട്ടി.
മത്സരം 19
വിക്കറ്റ് 43
റൺസ് 36
ക്യാച്ച് 3
2023ല്‍ 19 മത്സരങ്ങള്‍ കളിച്ച മുഹമ്മദ് ഷമി 43 വിക്കറ്റുകളാണ് നേടിയത്. അതില്‍ 24 വിക്കറ്റുകള്‍ ഏകദിന ലോകകപ്പിലാണ്. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരവുമാണ് മുഹമ്മദ് ഷമി. കഴിഞ്ഞ വര്‍ഷം 27 മത്സരങ്ങള്‍ കളിച്ച കോഹ്ലി 1,377 റണ്‍സ് നേടി.
മികച്ച പ്രകടനം
ലോകകപ്പ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരേ 7/57 എന്ന റെക്കോഡ് നേട്ടമാണ് ഷമിയുടെ മികച്ച പ്രകടനം. റൺ വേട്ടയിൽ ഓപ്പണർമാരുടെ വിക്കറ്റ് വീഴ്ത്തിയ ഷമി പിന്നീട് വില്യംസണിനേയും മടക്കി. അടുത്ത പന്തിൽ തന്നെ ടോം ലാഥമിനെ പുറത്താക്കി. പിന്നാലെ സെറ്റായ മിച്ചലിനെ 134 റൺസിന് പുറത്താക്കി. ഇന്ത്യക്ക് ഫൈനൽ പ്രവേശനം ഉറപ്പാക്കി.
മത്സരം 27
റൺസ് 1377
ക്യാച്ച് 12
വിക്കറ്റ് 1
ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ 50 സെഞ്ചുറിയെന്ന ചരിത്ര നേട്ടം കോലി സ്വന്തമാക്കി. ലോകകപ്പില്‍ ആകെ കോലി നേടിയത് 765 റണ്‍സാണ്. ഒരു ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഇതാണ്.
മികച്ച പ്രകടനം
ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ നോക്കൗട്ട് പോരാട്ടത്തിനായി കോഹ്ലി ലോകകപ്പിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ്മയുടെ വിക്കറ്റ് വീണപ്പോൾ, ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റിയ കോലി ഏകദിന ഫോർമാറ്റിലെ 50-ാം സെഞ്ച്വറി തികച്ചാണ് മടങ്ങിയത്. "ഇത് സ്വപ്നമാണ്. അനുഷ്ക അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു, സച്ചിൻ പാജി സ്റ്റാൻഡിൽ ഉണ്ടായിരുന്നു," കോലി ഇന്നിങ്സ് ബ്രേക്കിൽ വാചാലനായി.
മത്സരം 26
റൺസ് 1204
വിക്കറ്റ് 9
ക്യാച്ച് 22
കഴിഞ്ഞ വര്‍ഷം 26 മത്സരങ്ങള്‍ കളിച്ച ഡാരല്‍ മിച്ചല്‍ 1,204 റണ്‍സ് നേടി. ഏകദിന ലോകകപ്പില്‍ മാത്രമായി 552 റണ്‍സാണ് ന്യൂസിലാന്‍ഡ് താരം നേടിയത്. ലോകകപ്പില്‍ സെമി ഫൈനലില്‍ ഉള്‍പ്പടെ രണ്ട് സെഞ്ചുറിയും ഡാരല്‍ മിച്ചല്‍ നേടിയിരുന്നു.
മികച്ച പ്രകടനം
ലോകകപ്പിൽ ധർമ്മശാലയിൽ നടന്ന ലീഗ് മത്സരത്തിൽ, മിച്ചൽ 127 പന്തിൽ 130 റൺസുമായി മികച്ച പ്രകടനം നടത്തി. കുറച്ച് ദിവസങ്ങൾക്ക് ശേഷം നടന്ന സെമി ഫൈനലിൽ, 398 റൺസിന്റെ അസംഭവ്യമായ റൺചേസിൽ അദ്ദേഹം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി. നായകൻ വില്ല്യംസൺ വീണപ്പോഴും, മിച്ചൽ തന്റെ ഷോട്ടുകൾ തുടർന്നു, ന്യൂസിലൻഡ് 300 റൺസ് കടന്നപ്പോൾ 46-ാം ഓവറിൽ മാത്രമാണ് അദ്ദേഹം പുറത്തായത്. മിച്ചൽ 119 പന്തിൽ 134 റൺസെടുത്തു.