ക്രിക്കറ്റില്‍ അലിഞ്ഞ് സബര്‍മതി

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- ഓസ്ട്രേലിയ ക്ലാസിക് ഫൈനല്‍
ക്രിക്കറ്റില്‍ അലിഞ്ഞ് സബര്‍മതി
Updated on

അഹമ്മദാബാദിൽ നിന്ന് സി.കെ. രാജേഷ്കുമാര്‍

ഗാന്ധിജിയുടെ ആശ്രമം നിലകൊള്ളുന്ന ചരിത്രപ്രസിദ്ധമായ സബര്‍മതിയുടെ ആകാശത്തെ ദീപാവലിപ്പൂരത്തിന് കൊടിയിറങ്ങിയെങ്കിലും ക്രിക്കറ്റ് ആവേശത്തിന്‍റെ പുകപടലം നിറഞ്ഞുനില്‍ക്കുകയാണ്. ഇന്ന് അതൊരു വലിയ പൂത്തിരിയായി നിറഞ്ഞു കത്തും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന സ്വപ്ന ഫൈനല്‍ ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. ക്രിക്കറ്റില്‍ അലിഞ്ഞ സബര്‍മതി നദി സ്വച്ഛമായി ഒഴുകുകയാണ്, ഇന്നത്തെ സായാഹ്നം കാത്ത്.

1,36,000 ആരാധകര്‍ക്കു മുന്നില്‍ ആതിഥേയരായ ഇന്ത്യയും ലോക ക്രിക്കറ്റില്‍ അഞ്ചുവട്ടം കിരീടംവച്ച രാജാക്കന്മാരായ ഓസ്ട്രേലിയയും ഏറ്റുമുട്ടും പകല്‍ 2നാണ് പോരാട്ടം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമും പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ സംഘവും സര്‍വതന്ത്രങ്ങളുമൊരുക്കിക്കഴിഞ്ഞു. മണിക്കൂറുകളുടെ അന്തരത്തില്‍ ലോകം ക്രിക്കറ്റിലേക്കു ചുരുങ്ങുമ്പോള്‍ ബാറ്റും പന്തും മായക്കാഴ്ചകളാവും സമ്മാനിക്കുക.

ലോകകപ്പിന്‍റെ 13ാം പതിപ്പിനാണ് ഇന്ന് തിരശീല വീഴുന്നത്. ഇക്കാലയളവില്‍ 8 തവണ ഓസ്ട്രേലിയ ഫൈനലിലെത്തി. ഇതില്‍ 5 തവണയും കിരീടം. ഇന്ത്യയാകട്ടെ, മൂന്നു തവണ ഫൈനലിലെത്തി. രണ്ടുവട്ടം ചാംപ്യന്മാരായി. 1983ല്‍ കപിലിന്‍റെ ചെകുത്താന്മാര്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ പിന്നീട് ആ ഭാഗ്യം ലഭിച്ചത് മഹേന്ദ്ര സിങ് ധോണിക്കാണ്, 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍. 2033ല്‍ സച്ചിന്‍ എന്ന വികാരത്തിന്‍റെ ചുമലിലേറി സൗരവ് ഗാംഗുലി എന്ന നായകന്‍റെ മിടുക്കില്‍ നാം ഫൈനലിലെത്തിയെങ്കിലും അവിടെ റിക്കി പോണ്ടിങ്ങിന്‍റെ കങ്കാരുക്കളോട് പരാജയപ്പെടാനായിരുന്നു വിധി. ഇന്ത്യ ലോകകപ്പ് നേടിയ ശേഷം 12 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരാണ് ഇന്ന് ഇന്ത്യ. ഈ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കലാശപ്പോരിന് അര്‍ഹത നേടിയത്. സെമിയില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിനു ടിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിനു തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ഫൈനല്‍ കളിക്കുന്നത്.

ഇന്നത്തെ മത്സരത്തിനു മുന്നോടിയായി വർണാഭമായ സമാപനച്ചടങ്ങുകള്‍ അരങ്ങേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരം വീക്ഷിക്കാനെത്തുന്നുണ്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനെ മോദി നേരിട്ട് ക്ഷണിച്ചുവെങ്കിലും ജോലിത്തിരക്കു മൂലം അദ്ദേഹമെത്തില്ല. പകരം ഡെപ്യൂട്ടി പ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസ് പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന സമാപന പരിപാടികള്‍ 1.30വരെ നീളും. അല്‍ബേനിയന്‍ ഗായികയും ഗാനരചയിതാവുമായ ദുവ ലിപയുടെ സംഗീത പരിപാടിയാണ് മുഖ്യം.

ഈ ലോകകപ്പില്‍ ഇതുവരെ 4 മത്സരങ്ങളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നത്. രണ്ടാമത് ബാറ്റ് ചെയ്ത ടീം 3 തവണയും ജയിച്ചു. ഒക്റ്റോബര്‍ 14ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്ലാസിക് പോരാട്ടം ഇവിടെ നടന്നിരുന്നു. അന്ന് രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യ 7 വിക്കറ്റിനു വിജയിച്ചിരുന്നു. ഓസ്ട്രേലിയ ഇവിടെ 31 റസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.