ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസി വനിതാ ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. 11 അംഗ ടീമില്‍ സ്മൃതി മന്ഥാന, ഹര്മന്പ്രീത കൗര്‍, രേണുക സിങ് എന്നിവരാണ് ഇടം നേടിയത്. ഹര്‍മന്‍പ്രീത് തന്നെയാണ് ടീമിനെ നയിക്കുന്നതും. മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്ന് രണ്ട് താരങ്ങള്‍ വീതം ടീമിലിടം നേടി. ന്യൂസിലന്‍ഡിന്റെ ഒരു താരവും ഐസിസിയുടെ ടീമിലെത്തി. പാക്കിസ്ഥാന്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്ന് ഒരാള്‍ക്കും ടീമിലെത്താന്‍ സാധിച്ചില്ല.
നേരത്തെ ടി20 ടീമിലും ഉള്‍പ്പെട്ട താരമാണ് മന്ഥാന. കഴിഞ്ഞ വര്‍ഷം ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും മന്ഥാന നേടിയിരുന്നു. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 123 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഹര്‍മന്‍പ്രീത് രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമാണ് നേടിയത്. ഇംഗ്ലണ്ടിനെതിരേ പുറത്താവാതെ നേടിയ 143 റണ്‍സാണ് മികച്ച സ്കോര്‍. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്താനും ഹര്‍മനായിരുന്നു. പുത്തന്‍താരം രേണുക സിംഗ് ടീമിലെത്തി. കഴിഞ്ഞ വര്‍ഷം 18 വിക്കറ്റാണ് രേണുക വീഴ്ത്തിയത്. 28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഓസ്ട്രേലിയന്‍ താരം അലീസ ഹീലിയാണ് വിക്കറ്റ് കീപ്പര്‍. മന്ഥാനയ്ക്കൊപ്പം ടീമിന്റെ ഓപ്പണറായി എത്തുന്നതും ഹീലി തന്നെ. ദക്ഷിണാഫ്രിക്കയുടെ ലൗറ് വോള്‍വാര്‍ട്ട് മൂന്നാമതായി ക്രീസിലെത്തും. ഇംഗ്ലണ്ടിന്റെ നതാലി സ്കിവര്‍ നാലാമതായി കളിക്കും. ഓസ്ട്രേലിയയുടെ ബേത് മൂണിയാണ് മധ്യനിരയ്ക്ക് കരുത്ത് നല്കുന്ന മറ്റൊരു താരം. പിന്നാലെ ഹര്‍മന്‍പ്രീത്. ന്യസിലന്‍ഡിന്റെ യുവഓള്‍റൗണ്ടര്‍ അമേലിയ കേര് ഏഴാമത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ അയബോംഗ ഖക, ഷബ്നിം ഇസ്മയില്‍ എന്നിവര്‍ രേണുകയ്ക്കൊപ്പം വാലറ്റത്ത്.
ഐസിസി ഏകദിന ടീം: അലീസ ഹീലി (വിക്കറ്റ് കീപ്പര്‍), സ്മൃതി മന്ഥാന, ലൗറ വോള്‍വാര്‍ട്ട്, നതാലി സ്കിവര്‍, ബേത് മൂണി, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്, സോഫി എക്ലെസ്റ്റോണ്‍, അയബോംഗ് ഖക, രേണുക സിംഗ്, ഷബ്നിം ഇസ്മയില്‍.