ആര്‍ദ്ര ഗോപകുമാര്‍
കുന്നംകുളം: കൗമാരത്തിന്റെ വീറും വാശിയും ട്രാക്കിലും ഫീല്‍ഡിലും പ്രകടമായ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സൂപ്പര്‍ സ്കൂളുകളെ മലര്‍ത്തിയടിച്ച് ചാംപ്യന്‍ പട്ടമണിഞ്ഞ സ്കൂളായി മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ്. മുന്‍കാലങ്ങളില്‍ ചാംപ്യന്‍ പട്ടം കുത്തകയാക്കി വച്ചിരുന്ന പാലക്കാട്ടെ കുമരംപുത്തൂരിനെയും പറളിയെയും എറണാകുളം മാര്‍ ബേസിലിനെയും പിന്തള്ളിയാണ് ഒന്നാമതെത്തിയത്.
57 പോയിന്റ് നേടി സ്കൂള്‍ തലത്തില്‍ ബെസ്റ്റ് സ്കൂള്‍ പട്ടം നിലനിര്‍ത്തി കടകശേരി ഐഡിയല്‍. കഴിഞ്ഞ വര്‍ഷത്തെ കായികമേളയില്‍ അപ്രതീക്ഷിതമായിരുന്നു ഐഡിയലിന്റെ മുന്നേറ്റമെങ്കില്‍ ഇത്തവണ മേളയുടെ ആദ്യദിനം മുതല്‍ വ്യക്തമായ മുന്‍തൂക്കം നേടിയായിരുന്നു ഐഡിയല്‍ സ്കൂള്‍ വരവറിയിച്ചത്. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 57 പോയിന്റുകള്‍ നേടിയാണ് ഐഡിയല്‍ ബെസ്റ്റ് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടത്.
46 പോയിന്റുകളോടെ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ആണ് രണ്ടാമത്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് മാര്‍ ബേസില്‍ നേടിയത്. പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസ് ആറ് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ 43 പോയിന്റുകള്‍ നേടി മൂന്നാമതെത്തി.
പാലക്കാട് പറളി എച്ച്എസ് (30), കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ് (29), മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് (28), പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസ് (25), കാസര്‍ഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസ് (24), എറണാകുളം കീരമ്പാറ സെന്റ് സ്റ്റീഫന്‍ എച്ച്എസ്എസ് (23), കോഴിക്കോട് പുല്ലൂരാമ്പാറ(17) എന്നിവ നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ നേടി. 88 സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് മേളയ്ക്കെത്തിയത്.