ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ അരങ്ങേറ്റംകുറിച്ച ദേവ്ദത്ത് പടിക്കലിന് അഭിമാനത്തുടക്കം. മലയാളി താരമെന്നനിലയില്‍ നമുക്കും അഭിമാനിക്കാവുന്ന പ്രകടനമാണ് ദേവ്ദത്ത് നടതത്തിയത്. ആദ്യ ടെസ്റ്റില്‍തന്നെ അര്‍ധസെഞ്ചുറി തികയ്ക്കാന്‍ ദേവ്ദത്തിനായി. ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ രണ്ടാംദിനം 65 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി നേടിയത്.
87-ാം ഓവറില്‍ ഷുഐബ് ബഷീറിന്‍റെ പന്ത് സിക്സര്‍ പറത്തിയാണ് ദേവ്ദത്ത് അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. 103 പന്തുകള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍, ഒരു സിക്സും പത്തു ഫോറും അടിച്ചെടുത്തു. 93-ാം ഓവറില്‍ ഷുഐബ് ബഷീറിന്‍റെ പന്തില്‍ മടങ്ങി. നാലാം നമ്പറിലെ ദേവ്ദത്തിന്‍റെ അരങ്ങേറ്റവും അപൂര്‍വതയായി. 1988ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഡബ്ല്യു വി രാമനാണ് നാലാം നമ്പറില്‍ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അതിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ യുഗവും പിന്നീട് കോലി യുഗവുമായിരുന്നതിനാല്‍ നാലാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്ത് അരങ്ങേറ്റം കുറിക്കുക എന്നത് ഒരു താരത്തെ സംബന്ധിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വതയായിരുന്നു.പടിക്കലിന് മുമ്പ് ഇന്ത്യക്കായി നാലാം നമ്പറില്‍ അരങ്ങേറിയത് എട്ട് ബാറ്റര്‍മാര്‍ മാത്രമാണ്. സി. കെ. നായിഡു, വിജയ് ഹസാരെ, ഹേമു അധികാരി, രാംനാഥ് കെന്നി, അപൂര്‍വ സെന്‍ ഗുപ്ത, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, ഗുണ്ടപ്പ വിശ്വനാഥ്, ഡബ്ല്യു വി രാമന്‍ എന്നിവരാണവര്‍.
65 റണ്‍സടിച്ച പടിക്കല്‍ അരങ്ങേറ്റ ടെസ്റ്റില്‍ നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററുമായി. അരങ്ങേറ്റ ടെസ്റ്റില്‍ നാലാം നമ്പറില്‍ 137 റണ്‍സടിച്ച ഗുണ്ടപ്പ വിശ്വനാഥ് ആണ് ഒന്നാമത്. ഡബ്ല്യു വി രാമനുശേഷം 1992ലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ സ്ഥിരമായത്.പിന്നീട് 21 വര്‍ഷക്കാലം സച്ചിന്‍ കളിച്ച മത്സരങ്ങളില്ലെല്ലാം നാലാം നമ്പറില്‍ മറ്റൊരു താരവും കളിച്ചിട്ടില്ല.മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ബാബുവിന്‍റെയും എടപ്പാള്‍ സ്വദേശിയായ അമ്പിളിയുടെയും മകനാണ് ദേവ്ദത്ത് പടിക്കല്‍. വ്യാഴാഴ്ച 100-ാം ടെസ്റ്റ് കളിച്ച ആര്‍. അശ്വിന്‍റെ കൈയില്‍നിന്നാണ് ഇരുപത്തിമൂന്നുകാരനായ താരം ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ചത്. 2021-ല്‍ ശ്രീലങ്കയ്ക്കെതിരേ ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
സര്‍ഫറാസ് ഖാനും ജുറലും തങ്ങളുടെ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. അതുപോലെ ആകാശ്ദീപ് മൂന്നു വിക്കറ്റും അരങ്ങേറ്റ ടെസ്റ്റില്‍ നേടി. പരുക്കേറ്റ രജത് പടിദാറിന് പകരക്കാരനായാണ് ദേവ്ദത്ത് പടിക്കലിനെ ടീമിലെടുത്തത്. ഈ പരമ്പരയിലല്‍ അരങ്ങേറുന്ന അഞ്ചാമത്തെ താരമാണ് ദേവ്ദത്ത്. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, രജത് പടിദാര്‍, ആകാശ് ദീപ് എന്നിവരും ഈ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചു.
31 ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി 2227 റണ്‍സാണ് പടിക്കല്‍ നേടിയത്. ഇതില്‍ ആറ് സെഞ്ചുറികളും 12 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 193 ആണ് ഉയര്‍ന്ന സ്‌കോര്‍.