വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ആര് അശ്വിന്. ഇംഗ്ലണ്ടിനെതിരേ ഏറ്റവും വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ അശ്വിന് ഒന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരെ അശ്വിന്റെ വിക്കറ്റ് നേട്ടം 96ല്‍ എത്തി. ഇതിഹാസ ലെഗ് സ്പിന്നര്‍ ബി ചന്ദ്രശേഖറിന്റെ പേരില്‍ ഏറെ നാളായി നിലനിന്ന റെക്കോഡാണ് അശ്വിന് പഴങ്കഥയാക്കിയത്. ചന്ദ്രശേഖര്‍ 95 വിക്കറ്റുകളാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ കാര്യമായ നേട്ടം അശ്വിനില്ല. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനു നഷ്ടമായ ആറില്‍ മൂന്ന് വിക്കറ്റുകളും പോക്കറ്റിലാക്കിയത് അശ്വിന്. ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട് എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്.
ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരങ്ങളില്‍ അശ്വിന് രണ്ടാം സ്ഥാനത്തെത്തി. ജെയിംസ് ആന്‍ഡേഴ്സനാണ് പട്ടികയിലെ ഒന്നാമന്. 36 ടെസ്റ്റുകളില്‍ നിന്നു 144 വിക്കറ്റുകളാണ് ആന്‍ഡേഴ്സന്റെ പേരിലുള്ളത്. അഞ്ച് വിക്കറ്റ് നേട്ടം ആറ് തവണ.