SKY റിട്ടേൺസ്: അനായാസ ജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ ജീവൻ നിലനിർത്തി
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യുന്നു.
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യുന്നു.
Updated on

പ്രൊവിഡൻസ്: വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിൽ ജീവൻ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവ് ഇന്ത്യയുട രക്ഷകനായി. 160 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്തും ഏഴു വിക്കറ്റും ബാക്കി നിൽക്കെ മറികടന്നപ്പോൾ, 44 പന്തിൽ 83 റൺസെടുത്ത സൂര്യ പ്ലെയർ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടിയ വിൻഡീസ് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ഓപ്പണർമാർ ബ്രാൻഡൻ കിങ്ങും (42 പന്തിൽ 42 റൺസ്) കൈൽ മെയേഴ്സും (20 പന്തിൽ 25) ചേർന്ന് 55 റൺസ് കൂട്ടുകെട്ടുയർത്തിയെങ്കിലും റൺ നിരക്ക് ഉയർന്നില്ല. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ എന്നീ സ്പിന്നർമാരെ ബാറ്റിങ് പവർപ്ലേയിൽ ഉൾപ്പെടെ ഫലപ്രദമായി ഉപയോഗിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഒരു ഘട്ടത്തിലും വിൻഡീസ് ബാറ്റർമാർക്ക് അടിച്ചുതകർക്കാൻ അവസരം നൽകിയില്ല.

19 പന്തിൽ 40 റൺസെടുത്ത ക്യാപ്റ്റൻ റോവ്മാൻ പവലാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 12 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ നിക്കൊളാസ് പുരാൻ പ്രതീക്ഷയുണർത്തിയെങ്കിലും വലിയ സ്കോറിലേക്കു പോകാനായില്ല.

നാലോവറിൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബൗളർമാരിൽ മികവ് പുലർത്തിയത്. അക്ഷർ പട്ടേലും മുകേഷ് കുമാറും ഓരോ വിക്കറ്റ് നേടി. ഇരുപതോവറിൽ 159 റൺസെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് മാത്രമാണ് വിൻഡീസിനു നഷ്ടമായിരുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അരങ്ങേറ്റക്കാരൻ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ (1) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ശുഭ്‌മാൻ ഗില്ലും (6) വൈകാതെ മടങ്ങി. എന്നാൽ, അവിടെ ഒരുമിച്ച സൂര്യകുമാറും തിലക് വർമയും ചേർന്ന് ടീമിന് അനായാസ വിജയം ഉറപ്പാക്കുകയായിരുന്നു.

ക്ഷണനേരത്തിൽ 87 റൺസ് കൂട്ടിച്ചേർത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിയുന്നത് സൂര്യയുടെ പുറത്താകലോടെയാണ്. 10 ഫോറും നാലു സിക്സും ഉൾപ്പെട്ട ഇന്നിങ്സിന് അന്ത്യം കുറിച്ചത് അൽസാരി ജോസഫ്.

അഞ്ചാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും അറ്റാക്കിങ് മോഡിലായിരുന്നു. 15 പന്തിൽ 20 റൺസെടുത്ത പാണ്ഡ്യ പുറത്താകാതെ നിന്നു.

മറുവശത്ത് ‌37 പന്തിൽ 49 റൺസുമായി യുവതാരം തിലക് വർമയും നോട്ടൗട്ടൗയിരുന്നു. തിലകിന് അർധ സെഞ്ചുറി നേടാൻ അവസരം നൽകാത്തതിന്‍റെ പേരിൽ ഹാർദിക്കിനെതിരേ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

Trending

No stories found.

Latest News

No stories found.