ദീർഘകാലത്തിനു ശേഷം ഇന്ത്യക്കു കിട്ടിയ നിലവാരമുള്ള പേസ് ബൗളിങ് ഓൾറൗണ്ടറായിരുന്നു ഹാർദിക് പാണ്ഡ്യ. എന്നാൽ, വിടാതെ പിന്തുടർന്ന പരുക്കുകൾ കാരണം എല്ലാ ഫോർമാറ്റിലും ഹാർദിക്കിനെ കളിപ്പിക്കാതെ അധ്വാനഭാരം കുറച്ച് കരുതലോടെ മുന്നോട്ടു പോകുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനെജ്മെന്‍റ്. സമീപകാലത്തായി ട്വന്‍റി20 ഫോർമാറ്റ് മാത്രം കളിക്കുന്ന ഹാർദിക്, ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിൽ അംഗവുമല്ല.
എന്നാൽ, ഓസ്ട്രേലിയയിലെ പോലെ വേഗവും ബൗൺസുമുള്ള വിക്കറ്റുകളിൽ ഒരു പേസ് ബൗളിങ് ഓൾറൗണ്ടറുടെ സാന്നിധ്യം പ്ലെയിങ് ഇലവനിൽ നിർണായകവുമാണ്. ഇങ്ങനെയൊരു റോൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ യുവതാരം നിതീഷ് കുമാർ റെഡ്ഡിക്കു സാധിക്കുമെന്നാണ് ഇന്ത്യൻ ടീമിന്‍റെ ബൗളിങ് കോച്ച് മോണി മോർക്കൽ ഉറപ്പിച്ചു പറയുന്നത്.
21 വയസ് മാത്രമുള്ള റെഡ്ഡി കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി നടത്തിയ പ്രകടനങ്ങളുടെ ബലത്തിലാണ് ടെസ്റ്റ് ടീമിൽ വരെ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ പേസ് ബൗളിങ് ഓൾറൗണ്ടർമാരുടെ ക്ഷാമവും ഈ അതിവേഗ പ്രൊമോഷന് ഒരു കാരണമായി. വിജയ് ശങ്കർ, ശിവം ദുബെ തുടങ്ങിയവരെ ഇടക്കാലത്ത് വൈറ്റ് ബോൾ ഫോർമാറ്റുകളിൽ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് നിലവാരത്തിലുള്ള പ്രകടനങ്ങൾ ഇവരിൽനിന്നൊന്നും പ്രതീക്ഷിക്കുന്നില്ല.
23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ അനുഭവപരിചയം മാത്രമാണ് നിതീഷ് റെഡ്ഡിക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 779 റൺസും 56 വിക്കറ്റും. ബാറ്റിങ് ശരാശരി 21 റൺസ് മാത്രം. എന്നാൽ, കണക്കുകൾ നോക്കിയല്ല മോർക്കൽ ഈ യുവപ്രതിഭയെ വിലയിരുത്തുന്നത്. സീം മൂവ്മെന്‍റ് ലഭിക്കുന്ന സാഹചര്യങ്ങളിൽ മികവ് പുലർത്താൻ കൃത്യതയുള്ള വിക്കറ്റ്-ടു-വിക്കറ്റ് ബൗളറായ നിതീഷിനു സാധിക്കുമെന്ന് മോർക്കൽ പറയുന്നു. ലോവർ മിഡിൽ ഓർഡറിൽ ബാറ്റിങ്ങിനു കരുത്ത് പകരാനും നിതീഷിന്‍റെ സാന്നിധ്യം സഹായിക്കും.
സ്പിന്നിനെ സഹായിക്കുന്ന വിക്കറ്റുകളിൽ രവീന്ദ്ര ജഡേജയോ അക്ഷർ പട്ടേലോ വാഷിങ്ടൺ സുന്ദറോ ഒക്കെ കൈകാര്യം ചെയ്യുന്ന ബൗളിങ് ഓൾറൗണ്ടർ റോളാണ് ഓസ്ട്രേലിയയിൽ നിതീഷിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഫാസ്റ്റ് ബൗളർമാരുടെ അധ്വാനഭാരം കുറയ്ക്കാൻ ഏതു ടീമും ഇങ്ങനെയൊരു പേസ് ബൗളിങ് ഓൾറൗണ്ടർ ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുമെന്നാണ് മോർക്കലിന്‍റെ പക്ഷം. ജസ്പ്രീത് ബുംറ എങ്ങനെയാണ് ആദ്യ ടെസ്റ്റിൽ നിതീഷിനെ ഉപയോഗിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും മോർക്കൽ പറയുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ ബുംറയായിരിക്കും ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക.
ഈ പരമ്പരയിൽ നോക്കിവയ്ക്കേണ്ട കളിക്കാരനാണ് നിതീഷ് കുമാർ റെഡ്ഡി എന്നും മോർക്കൽ ഉറപ്പിച്ചു പറയുന്നുണ്ട്. ബുംറയുടെ ന്യൂബോൾ പങ്കാളിയായി മുഹമ്മദ് സിറാജ് തുടരാനാണ് സാധ്യത.
എന്നാൽ, മൂന്നാം പേസറുടെ കാര്യത്തിൽ മാറ്റം വരുമെന്ന സൂചനയും മോർക്കൽ നൽകുന്നു. സമീപകാലത്ത് ഇന്ത്യയിൽ നടത്തിയ ടെസ്റ്റുകളിൽ മൂന്ന് പേസ് ബൗളർമാരെ ആവശ്യം വന്നപ്പോഴും, ബുംറയ്ക്കോ സിറാജിനോ വിശ്രമം അനുവദിക്കപ്പെട്ടപ്പോഴുമെല്ലാം കളിച്ചത് ആകാശ് ദീപ് ആയിരുന്നു. എന്നാൽ, ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ കൂടുതൽ ഫലപ്രദമാകുന്നത് പ്രസിദ്ധ് കൃഷ്ണയുടെയും ഹർഷിത് റാണയുടെയും ബൗൺസും വേരിയേഷനുകളും ആയിരിക്കുമെന്ന പരോക്ഷ സൂചനയാണ് മോർക്കൽ നൽകുന്നത്.
രണ്ട് ടെസ്റ്റ് മാത്രമാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചിട്ടുള്ളത്. ഹർഷിത് റാണ ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടുമില്ല. മോർക്കലിന്‍റെ പ്രശംസയും ബാറ്റിങ് മികവും കൂടി കണക്കിലെടുക്കുമ്പോൾ ഹർഷിത് റാണയ്ക്കും ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റം സ്വപ്നം കാണാവുന്നതാണ്.