അഹമ്മദാബാദ്: കെയ്ന്‍ വില്യംസണും കിവീസും ചേര്‍ന്ന് ഇന്ത്യയെ ഓവലിലേക്കയച്ചു. ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രലിയയ്ക്കെതിരേ ഇന്ത്യ കളിക്കും.
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചത്.
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ ശ്രീലങ്കയ്ക്ക് ഫൈനല്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരത്തിലാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. അതേസമയം, ഇന്ത്യ- ഓസ്ട്രേലിയ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ മത്സരം സമനിലയില്‍ കലാശിച്ചു.
ഇതോടെ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കി. 2-1നായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം. ഇതോടെ നാലാം തവണയും ഇന്ത്യ ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കി.
വിരസ സമനില
ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് ഒരാവേശവുമുണ്ടാക്കാതെയാണ് അവസാനിച്ചത്. ജീവനില്ലാത്ത പിച്ചില്‍ രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന് (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആര് അശ്വിന്, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്കോര്‍: ഓസ്ട്രേലിയ 480, 175 & ഇന്ത്യ 571. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയാണ് ജയിച്ചത്.
ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ വിരാട് കോലിയെ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയുടെ താരത്തിനുള്ള പുരസ്കാരം ആര് അശ്വിനും രവീന്ദ്ര ജഡേജയും പങ്കുവെച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പര വിജയമാണിത്. ഈ നാലു പരമ്പരയിലും ഇന്ത്യയുടെ വിജയം 2-1നായിരുന്നു.
അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് നൈറ്റ് വാച്ച്മാന് മാത്യു കുനെമാന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിലയുറപ്പിച്ച് കളിച്ച ട്രാവിസ് ഹെഡ് - മാര്‍നസ് ലബുഷെയ്ന് സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 163 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വന്ന നായകന് സ്റ്റീവ് സ്മിത്ത് 59 പന്തുകളില്‍ നിന്ന് 10 റണ്‍സുമായി പ്രതിരോധിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. ലബൂഷെയ്ന് 213 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അക്സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
വിജയിക്കാൻ ശ്രമമില്ല
വിജയിക്കാനുള്ള ശ്രമം ഒരിക്കല്‍പ്പോലും ഓസീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കടുത്ത പ്രതിരോധം കാഴ്ചവച്ച് ഓരോ ഓസീസ് ബാറ്ററും തങ്ങളുടെ റോള്‍ കളിച്ചുതീര്‍ത്തു. 163 പന്തുകള്‍ നേരിട്ടാണ് ഹെഡ് 90 റണ്‍സ് നേടിയത്. സെഞ്ചുറിക്ക് പത്ത് റണ്‍ അകലെ അക്സര്‍, ഹെഡ്ഡിനെ ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് സിക്സും പത്ത് ഫോറും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ലബുഷെയ്നൊപ്പം 149 റണ്‍സും ഹെഡ് കൂട്ടിചേര്‍ത്തു.
അക്സറിന് റെക്കോഡ്
അക്സര്‍ പട്ടേല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് സ്വന്തമാക്കി. അതോടൊപ്പം ഒരു റെക്കോഡും അക്സറിന്റെ പേരിലായി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് അക്സര്‍. 2205 പന്തുകള്‍ക്കിടെയാണ് താരം 50 വിക്കറ്റ് സ്വന്തമാക്കിയത്. 2465 പന്തുകള്‍ക്കിടെ 50 വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര രണ്ടാം സ്ഥാനത്ത്. കര്സന് ഗാവ്രി 2534 പന്തുകള്‍ക്കിടെ നേട്ടം സ്വന്തമാക്കി. ആര് അശ്വിനും ആദ്യ നാല് താരങ്ങളിലുണ്ട്. 2597 പന്തുകളിലാണ് അശ്വിന് 50 പൂര്‍ത്തിയാക്കിയത്. ആദ്യ 12 ടെസ്റ്റുകളില്‍ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരാമാവാനും അക്സറിന് സാധിച്ചു. മുന്‍ ഓസീസ് താരം ജാക്ക് ഗ്രിഗറി (744 റണ്‍സ്, 57 വിക്കറ്റ്), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഓബ്രി ഫോള്‍ക്ക്നര്‍ (682 റണ്‍സ്, 52 വിക്കറ്റ്), ആര് അശ്വിന് (596 റണ്‍സ്, 63 വിക്കറ്റ്), ഇയാന്‍ ബോതം (549 റണ്‍സ്, 70 വിക്കറ്റ്) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.