ബംഗളൂരു: സാഫ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ ചൊവ്വാഴ്ച കുവൈറ്റിനെ നേരിടും. ലക്ഷ്യം ഒമ്പതാം കിരീടം. ഇന്ത്യയ്ക്ക് സെമിഫൈനലിൽ ലെബനനെ മറികടക്കാൻ പെനൽറ്റി ഷൂട്ടൗട്ട് വരെ കാക്കേണ്ടി വന്നെങ്കിൽ, കുവൈറ്റ് ബംഗ്ലാദേശിനെ കീഴടക്കിയത് എക്സ്ട്രാ ടൈമിലായിരുന്നു.
ടൂർണമെന്റിൽ രണ്ടാം വട്ടമാണ് ഇന്ത്യ കുവൈറ്റിനെ നേരിടുന്നത്. ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 1-1 സമനിലയായിരുന്നു ഫലം. കണ്ഠീരവ സ്റ്റേഡിയത്തിലെ ഹോം ക്രൗഡ് മാത്രമാണ് കുവൈറ്റിനു മേൽ ഇന്ത്യയ്ക്ക് ആനുകൂല്യം നൽകുന്ന ഘടകം.
രണ്ട് മഞ്ഞക്കാർഡ് കണ്ടതിനെത്തുടർന്ന് സെമിഫൈനലിൽ കളിക്കാൻ കഴിയാതിരുന്ന സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിംഘൻ തിരിച്ചെത്തുന്നത് ഫൈനലിൽ ഇന്ത്യൻ പ്രതിരോധ നിരയ്ക്ക് കരുത്തു പകരും. അതേസമയം, സാഫ് അച്ചടക്ക സമിതിയുടെ നടപടി നേരിടുന്ന മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ഈ മത്സരത്തിലും ഇന്ത്യൻ ഡഗ് ഔട്ടിൽ ഇരിക്കാൻ അനുമതിയുണ്ടാകില്ല. ടൂർണമെന്റിനിടെ രണ്ടു വട്ടമാണ് കോച്ചിന് ചുവപ്പ് കാർഡി കിട്ടിയത്!
എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള ഇച്ഛാശക്തിയാണ് സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യൻനിര പ്രകടിപ്പിക്കുന്നത്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും സ്കോർ ചെയ് ഛേത്രിക്ക് സെമിയിൽ മാത്രമാണ് ഗോളടിക്കാൻ കഴിയാതിരുന്നത്. എന്നാൽ, ഷൂട്ടൗട്ടിൽ തന്റെ അവസരം ലക്ഷ്യത്തിലെത്തിച്ചിരുന്നു.
ഛേത്രിക്ക് അവസരങ്ങളൊരുക്കാൻ സഹൽ അബ്ദുൾ സമദിനും മഹേഷ് സിങ്ങിനും ഉദാന്ത സിങ്ങിനും സാധിച്ചാൽ കളി ഇന്ത്യയുടെ കാലിൽ നിൽക്കും. വിങ്ങറായ മഹേഷിനെ സെമി ഫൈനലിൽ ഛേത്രിക്കു പിന്നിൽ മധ്യത്തിലായാണ് കളിപ്പിച്ചത്. ഫൈനലിലും ഇതേ തന്ത്രം തുടരുമെന്ന സൂചനയാണ് സഹപരിശീലകൻ മഹേഷ് ഗാവ്ലി നൽകിയിട്ടുള്ളത്. ഇടതു വിങ്ങിലൂടെ ആഷിഖ് കുരുണിയൻ നടത്തുന്ന നീക്കങ്ങളും നിർണായകമായിരിക്കും.