ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇന്ത്യയുടെ ബൗളിങ് നിരയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഓസ്ട്രേലിയൻ പേസർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുന്നു.
Virat Kohli
വിരാട് കോലി
Updated on

പെർത്ത്: ഓസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത് ആർ. അശ്വിനും രവീന്ദ്ര ജഡേജയും ഇല്ലാതെ. വാഷിങ്ടൺ സുന്ദറാണ് ടീമിലെ ഏക സ്പിന്നർ. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഹർഷിത് റാണയും സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാരായി ടീമിലെത്തുമ്പോൾ, സീം ബൗളിങ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡിയും ടീമിലുണ്ട്.

നിലവിലുള്ള ഓസ്ട്രേലിയൻ ടീമിലെ ബൗളർമാരിൽ, പെർത്തിൽ പേസ് ബൗളർമാരെക്കാൾ മികച്ച റെക്കോഡുള്ളത് ഓഫ് സ്പിന്നറായ നേഥൻ ലിയോണിനാണ്. എന്നിട്ടും, സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ അശ്വിനെ തഴയാനാണ് ഇന്ത്യൻ തിങ്ക് ടാങ്ക് തീരുമാനിച്ചത്. നിലവിലുള്ള ഇന്ത്യൻ ബൗളർമാരിൽ പ്രകടന മികവിന്‍റെ കാര്യത്തിൽ ജസ്പ്രീത് ബുംറയ്ക്കു പിന്നിൽ രണ്ടാം സ്ഥാനമുള്ള രവീന്ദ്ര ജഡേജയും പരിഗണിക്കപ്പെട്ടില്ല.

രോഹിത് ശർമയുടെ അഭവാത്തിൽ കെ.എൽ. രാഹുലാണ് യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. പരുക്കേറ്റ ശുഭ്മൻ ഗില്ലിനു പകരം മൂന്നാം നമ്പറിൽ ദേവദത്ത് പടിക്കലും ഇറങ്ങി. സർഫറാസ് ഖാനു പകരം ധ്രുവ് ജുറൽ ടീമിൽ ഇടം നേടി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാൽ, സ്കോർ ബോർഡിൽ അഞ്ച് റൺസ് എത്തിയപ്പോഴേക്കും ജയ്സ്വാളിനെ നഷ്ടമായി. എട്ട് പന്ത് നേരിട്ട ജയ്സ്വാൾ റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്.

മൂന്നാം നമ്പർ ദേവദത്ത് പടിക്കലിന് താങ്ങാനാവില്ലെന്ന സഞ്ജയ് മഞ്ജ്രേക്കറുടെ പ്രവചനം ശരിവയ്ക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. 23 പന്ത് നേരിട്ടിട്ടും ഒരു റൺ പോലും നേടാനാവാതെ പടിക്കലും പുറത്ത്. പഴയ പ്രതാപത്തിന്‍റെ ഏഴയലത്തു പോലും ഇല്ലാതിരുന്നിട്ടും ടീം മാനേജ്മെന്‍റ് നിരന്തരം വിശ്വാസം അർപ്പിക്കുന്ന വിരാട് കോലിയും വന്നതു പോലെ മടങ്ങി. 12 പന്തിൽ 5 റൺസായിരുന്നു സമ്പാദ്യം.

Trending

No stories found.

Latest News

No stories found.