അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. ഒമ്പതിന് തുടങ്ങുന്ന നാലാം ടെസ്റ്റിന് മുമ്പ് പാറ്റ് കമിന്‍സ് ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിലും കമിന്‍സ് കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 17 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്.
ക്യാന്‍സര്‍ ബാധിതയായ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആദ്യ രണ്ട് ടെസ്റ്റിനുശേഷം കമിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. നാഗ്പൂരിലും ന്യൂഡൽഹിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റിലും കമിന്‍സിന്റെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയ ദയനീയമായി തോറ്റപ്പോള്‍ സ്മിത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ തകര്‍പ്പന്‍ ജയം നേടിയിരുന്നു.
ഇന്‍ഡോറിലെ ടെസ്റ്റ് ജയത്തോടെ രണ്ട് വ്യത്യസ്ത പരമ്പരകളില്‍ ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ നായകനെന്ന റെക്കോര്‍ഡും സ്മിത്ത് സ്വന്തമാക്കി. പാറ്റ് കമിന്‍സില്‍ നിന്ന് വ്യത്യസ്തമായി തന്ത്രങ്ങളുടെ കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന സ്റ്റീവ് സ്മിത്ത് നാലാം ടെസ്റ്റിലും ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
ഈ പരമ്പരയില്‍ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടയില്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തിയതിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത സ്മിത്ത് നാലാം ടെസ്റ്റില്‍ ബാറ്റിംഗിലും ഇന്ത്യക്ക് തലവേദനയാകും.