പെർത്ത്: ഓസ്ട്രേലിയ്ക്കെതിരായ ഒന്നാം പെർത്ത് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത‍്യ. 49.4 ഓവറിൽ 150 റൺസിന് പുറത്തായി. ഓസ്ട്രേലിയൻ ബൗളേഴ്സിന്‍റെ മികച്ച പ്രകടനത്തിൽ ഇന്ത‍്യക്ക് പിടിച്ച് നിൽക്കാനായില്ല. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹേസിൽവുഡ് 4 വിക്കറ്റും, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റും നേടി.
41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. 78 പന്തിൽ ഒരു സിക്സും മൂന്ന് ബൗണ്ടറിയുമടക്കം 37 റൺസ് നേടിയ ഋഷഭ് പന്താണ് രണ്ടാമത്തെ ടോപ് സ്കോറർ. പന്തും നിതീഷും ചേർന്ന് ഏഴാം വിക്കറ്റിൽ 48 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ഓസ്ട്രേലിയൻ ബൗളേഴ്സിന്‍റെ പ്രത‍്യാക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല.
രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണിങ്ങിറങ്ങിയ കെ.എൽ. രാഹുൽ 76 പന്തുകൾ നേരിട്ടുവെങ്കിലും 26 റൺസെടുത്ത് പുറത്താവുകയായിരുന്നു. മറുവശത്ത് ബാറ്റിങ്ങിനറങ്ങിയ ജയ്സ്വാൾ ഡക്കിൽ പുറത്തായി. പിന്നാലെ വന്ന ദേവ്ദത്ത് പടിക്കലും പൂജ‍്യത്തിന് പുറത്തായി.
വിരാട് കോലിയിലായിരുന്നു ടീമിന്‍റെ ഏക പ്രതീക്ഷ എന്നാൽ 12 പന്തുകൾ നേരിട്ട കോലി 5 റൺസെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ ടീം പ്രതിരോധത്തിലായി. ഓസ്ട്രേലിയ എ ടീമിനെതിരെ നവംബർ 9 ന് നടന്ന അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ധ്രുവ് ജുറലിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല 20 പന്തിൽ 11 റൺസ് നേടി പുറത്താവുകായയിരുന്നു. വാഷിങ്ടൺ സുന്ദർ 4 റൺസും, ഹർഷിത് റാണ 7 റൺസും, ജസ്പ്രീത് ബുംറ 8 റൺസുമെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് 11.1 ഓവർ പിന്നിടുമ്പോൾ 31 റൺസിന് 4 വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ഉസ്മാൻ ഖവാജയും, നഥാൻ മക്സീനിയും, സ്റ്റീവൻ സ്മിത്തും, ട്രാവിസ് ഹെഡും പുറത്തായി. ജസ്പ്രീത് ബുംറ 3 വിക്കറ്റും ഹർഷിത് റാണ 1 വിക്കറ്റും വീഴ്ത്തി.