അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് സമനിലയിലേക്ക്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 178.5 ഓവറില്‍ ഒമ്പതിന് 571 എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.ഇന്ത്യക്ക് 91 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. പരുക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് കളിക്കാനായില്ല. രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നു റണ്‍സ് എന്ന നിലയിലാണ്. ട്രാവിസ് ഹെഡും(3*), മാത്യു കുനെമാനും(0*) ആണ് ക്രീസില്‍. ഒരു ദിവസം മാത്രം അവശേഷിക്കേ ഓസീസ് ഇന്ത്യന്‍ സ്കോറിനേക്കാള്‍ 88 റണ്‍സ് പിന്നിലാണ്. പിച്ച് ഇപ്പോഴും ബാറ്റിംഗിന് അനുകൂലമായതിനാല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കും.
അഹമ്മദാബാദില്‍ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംപിടിക്കുകയായിരുന്നു മത്സരത്തിന് ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയുടെയും സംഘത്തിന്റേയും ലക്ഷ്യം. മത്സരം സമനിലയിലായാല്‍ ന്യൂസിലന്‍ഡ്-ലങ്ക പരമ്പര ഫലം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 178.5 ഓവറില്‍ 571/9ല്‍ പുറത്താവുകയായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ വിരാട് കോഹ്ലിയുടെയും, അര്‍ധസെഞ്ചുറി നേടിയ അക്സര്‍ പട്ടേലിന്റെയും മികവിലാണ് നാലാം ദിനം ഇന്ത്യ സ്വന്തമാക്കിയത്. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. 14 റണ്‍സകലെ വിരാട് കോലിയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടപ്പെട്ടതൊഴിച്ചാല്‍ നാലാം ദിനം ഇന്ത്യ സ്വന്തമാക്കി. കോലി തന്നെയാണ് ഇന്ത്യയുടെ ടോപ്പറും. കോലിയുടെ 75-ാം രാജ്യാന്തര ശതകമാണിത്. സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(128), രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്(7), ഉമേഷ് യാദവ്(0) മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. മൂന്നിന് 289 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങാരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 84 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ജഡേജയെ ടോഡ് മര്‍ഫിയാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജഡേജ മടങ്ങിയത്.
തുടര്‍ന്ന് കോലിയും ശ്രീകര്‍ ഭരതും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 88 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 44 റണ്‍സെടുത്ത ഭരതിനെ നേഥന്‍ ലയണ്‍ പുറത്താക്കുകയായിരുന്നു.ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായത് ഗില്ലും പുജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 113 റണ്‍സാണ്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തുമായി ഗില്‍ 74 റണ്‍സ് ചേര്‍ത്തിരുന്നു. മാത്യു കുനെമാന്റെ പന്തില്‍ രോഹിത് (35) പുറത്തായതിന് ശേഷമെത്തിയ പുജാരയുമായി ചേര്‍ന്ന് ഗില്‍ ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. ആറ് മണിക്കൂറോളം ക്രീസില്‍ ചെലവിട്ട ഗില്‍ 235 പന്തില്‍ നിന്നാണ് 128 റണ്‍സെടുത്തത്.
12 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ വേഗം നഷ്ടമായി. ഇതോടെ കൂറ്റനടികള്‍ക്ക് ശ്രമിച്ച അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന് എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി. കോലിക്ക് ഡബിള്‍ ഓടി നല്‍കാനുള്ള ശ്രമത്തിനിടെ ഉമേഷ് യാദവ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്താവുകയും ചെയ്തു. ഫീല്‍ഡര്‍മാരെയെല്ലാം ബൗണ്ടറിലൈനില്‍ നിര്‍ത്തി കോലിയുടെ ക്യാച്ച് എടുക്കാനുള്ള സ്മിത്തിന്റെ ശ്രമം വിജയിച്ചതോടെ ഒരുവേള 555-6 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് 571-9 എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടിവന്നു. ലബുഷെയ്നായിരുന്നു കിംഗിന്റെ ക്യാച്ച്. സന്ദര്‍ശകര്‍ക്കായി നേഥന്‍ ലയണും ടോഡ് മര്‍ഫിയും മൂന്ന് വീതവും മിച്ചല്‍ സ്റ്റാര്‍ക്കും മാത്യു കുനേമാനും ഓരോ വിക്കറ്റ് വീതവും നേടി.
ആറ് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യ
ആദ്യ ആറ് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീം ഇന്ത്യ. ടെസ്റ്റില്‍ ആദ്യമായാണ് ഇന്ത്യ ആറ് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍ -രോഹിത് സഖ്യം 74 റണ്‍സടിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ പൂജാര-ഗില്‍ സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂജാര മടങ്ങിയശേഷം ക്രീസിലെത്തിയ വിരാട് കോലിക്കൊപ്പം ഗില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായി. ഗില്‍ മടങ്ങിയശേഷം ക്രീസിലെത്തിയ ജഡേജക്കൊപ്പം വിരാട് കോലി 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ശ്രീകര്‍ ഭരതിനൊപ്പം 84 റണ്‍സും അക്സര്‍ പട്ടേലിനൊപ്പം പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലും കോലി പങ്കാളിയായി.ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ടീം ആദ്യ ആറ് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്. 1960ല്‍ വെസ്റ്റ് ഇന്‍ഡീസിനെതരെ ഓസ്ട്രേലിയയും 2015ല്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാനുമാണ് ഇന്ത്യക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീമുകള്‍.