മായങ്ക്, നിതീഷ് അരങ്ങേറി, സഞ്ജു തിളങ്ങി; ഇന്ത്യക്കു മുന്നിൽ ബംഗ്ലാദേശ് തരിപ്പണം

ബംഗ്ലാദേശ് 127 റൺസിന് ഓൾഔട്ട്. ഇന്ത്യ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി
Hardik Pandya celebrates after clean bowling SHorful Islam
ഷൊരിഫുൾ ഇസ്ലാമിനെ ക്ലീൻ ബൗൾ ചെയ്ത ഹാർദിക് പാണ്ഡ്യയുടെ ആഹ്ളാദ പ്രകടനം
Updated on

ഗ്വാളിയർ: ബംഗ്ലാദേശിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിച്ചു. 20 ഓവർ പൂർത്തിയാകാൻ ഒരു പന്ത് മാത്രം ശേഷിക്കെ ബംഗ്ലാദേശ് 127 റൺസിന് ഓൾഔട്ടാകുകയും ചെയ്തു. ഇന്ത്യ വെറും 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ജയം നേടുകയായിരുന്നു.

പേസ് ബൗളിങ്ങിനു നേതൃത്വം നൽകിയ അർഷ്ദീപ് സിങ്ങും ടീമിൽ തിരിച്ചെത്തിയത് ആഘോഷമാക്കിയ മിസ്റ്ററി സ്പിന്നർ വരുൺ ആറോണും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി.

ഈ മത്സരത്തോടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഐപിഎൽ താരം മായങ്ക് യാദവ് മെയ്ഡൻ ഓവറുമായാണ് വരവറിയിച്ചത്. നാലോവറിൽ 24 റൺസ് വഴങ്ങിയ മാ‍യങ്ക് ഒരു വിക്കറ്റും നേടി. അർഷ്ദീപിനൊപ്പം ന്യൂബോളെടുത്ത ഹാർദിക് പാണ്ഡ്യക്കും രണ്ടാം സ്പിന്നറായെത്തിയ വാഷിങ്ടൺ സുന്ദറിനും കിട്ടി ഓരോ വിക്കറ്റ്. മായങ്കിനൊപ്പം അരങ്ങേറ്റം കുറിച്ച നിതീഷ് കുമാർ റെഡ്ഡി രണ്ടോവറിൽ 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.

അഭിഷേക് ശർമക്കൊപ്പം പ്രതീക്ഷിച്ചതു പോലെ മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഓപ്പണറായി ബാറ്റ് ചെയ്യാനിറങ്ങിയത്. രണ്ടോവറിൽ ഇരുവരും ചേർന്ന് 26 റൺസ് ചേർത്തെങ്കിലും അഭിഷേക് നിർഭാഗ്യകരമായി റണ്ണൗട്ടായി. 7 പന്തിൽ 16 റൺസാണ് അഭിഷേക് നേടിയത്. തുടർന്നെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 18 പന്തിൽ 29 റൺസുമായി കത്തിക്കയറി. രണ്ട് ഫോറും മൂന്നു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. പിന്നാലെ സഞ്ജു മടങ്ങുമ്പോൾ 19 പന്തിൽ 29 റൺസെടുത്തിരുന്നു. ആറ് ബൗണ്ടറികൾ ഉൾപ്പെട്ട ഇന്നിങ്സിൽ ചില ക്ലാസിക് ഷോട്ടുകളും പിറന്നു.

പിന്നെ വിക്കറ്റൊന്നും കളയാതെ നിതീഷ് റെഡ്ഡിയും ഹാർദിക് പാണ്ഡ്യയും ചേർന്ന് ടീമിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു. 15 പന്തിൽ ഒരു സിക്സർ ഉൾപ്പെടെ 16 റൺസെടുത്ത നിതീഷ് പുറത്താകാതെ നിന്നു. 16 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം പുറത്താകാത 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

Trending

No stories found.

Latest News

No stories found.