ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ലീഡ്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 227 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് നേടി, രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഓവറോൾ ലീഡ് 308.
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 227 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് നേടി | India vs Bangladesh 1st test Day 2
ജസ്പ്രീത് ബുംറയെ അഭിനന്ദിക്കുന്ന കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും
Updated on

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 376 റൺസിന് അവസാനിച്ചു. എന്നാൽ, എതിരാളികളെ 149 റൺസിന് എറിഞ്ഞിട്ട ഇന്ത്യൻ ബൗളർമാർ ടീമിന് 227 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡും ഉറപ്പാക്കി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലുള്ള ഇന്ത്യക്കിപ്പോൾ 308 റൺസിന്‍റെ ഓവറോൾ ലീഡുണ്ട്.

113 റൺസെടുത്ത ആർ. അശ്വിൻ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ, നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ഒരിക്കൽക്കൂടി ബൗളിങ്ങിൽ താരമായി. നേരത്തെ, ബംഗ്ലാദേശിനു വേണ്ടി പേസ് ബൗളർ ഹസൻ മെഹ്മൂദ് 83 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

Hasan Mahmud
ഹസൻ മെഹ്മൂദ്

339/6 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. 86 റൺസെടുത്ത് ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പിന്നീട് സ്കോർ ചെയ്യാനായില്ല. 102 റൺസിൽ ബാറ്റിങ് പുനരാരംഭിച്ച അശ്വിൻ 11 റൺസ് കൂടി കൂട്ടിച്ചേർത്ത് പുറത്തായി.

പിന്നീട് വന്നവരിൽ 17 റൺസെടുത്ത ആകാശ് ദീപിനു മാത്രമേ കുറച്ചെങ്കിലും ചെറുത്തു നിൽക്കാൻ സാധിച്ചുള്ളൂ. ജസ്പ്രീത് ബുംറ ഏഴു റൺസിനും മുഹമ്മദ് സിറാജ് റൺസൊന്നും എടുക്കാതെയും പുറത്തായി. മെഹ്മൂദിനെ കൂടാതെ മൂന്ന് വിക്കറ്റ് നേടിയ തസ്കിൻ അഹമ്മദും ബംഗ്ലാദേശ് ബൗളിങ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ സന്ദർശക ബാറ്റർമാരെ ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ആദ്യ അഞ്ച് ബംഗ്ലാ ബാറ്റർമാരിൽ ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ (20) മാത്രമാണ് രണ്ടക്ക സ്കോർ നേടിയത്. 40 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ അവരുടെ സ്കോറിന് കുറച്ചെങ്കിലും മാന്യത നൽകിയത് ഷക്കീബ് അൽ ഹസൻ (32), ലിറ്റൺ ദാസ് (22), മെഹ്ദി ഹസൻ മിറാസ് (27*) എന്നിവരുടെ ചെറുത്തുനിൽപ്പാണ്.

11 ഓവർ പന്തെറിഞ്ഞ ബുംറ 50 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

രണ്ടാമിന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക് യശസ്വി ജയ്സ്വാൾ (10), ക്യാപ്റ്റൻ രോഹിത് ശർമ (5), വിരാട് കോലി (17) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ശുഭ്മൻ ഗില്ലും (33) ഋഷഭ് പന്തും (12) ക്രീസിൽ.

Trending

No stories found.

Latest News

No stories found.