ഐതിഹാസികം അശ്വിൻ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 280 റൺസിന്‍റെ ആധികാരിക വിജയം
R Ashwin
ആർ. അശ്വിൻ
Updated on

ചെന്നൈ: ഒരേ ടെസ്റ്റിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റും- ആർ. അശ്വിൻ നാലാം വട്ടം അപൂർവ നേട്ടം സ്വന്തമാക്കിയപ്പോൾ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 280 റൺസിന്‍റെ ആധികാരിക വിജയം. അഞ്ച് തവണ ഒരേ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടവും സെഞ്ചുറിയും നേടിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ഇയാൻ ബോതമിന്‍റെ പേരിലാണ് ഈയിനത്തിലുള്ള റെക്കോഡ്.

നാലാം ദിവസം രാവിലെ ഒരു മണിക്കൂറോളം ഇന്ത്യൻ ബൗളർമാർക്ക് വിക്കറ്റ് നിഷേധിച്ച് പിടിച്ചുനിൽക്കാൻ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയ്ക്കും (82) മുൻ ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനും (25) സാധിച്ചു. എന്നാൽ, ഷക്കീബിനെ അശ്വിന്‍റെ പന്തിൽ യശസ്വി ജയ്സ്വാൾ പിടിച്ച് പുറത്താക്കിയതോടെ വീണ്ടും ബംഗ്ലാദേശ് ബാറ്റിങ് തകർന്നു.

ആറ് വിക്കറ്റ് നേടിയ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും ചേർന്ന് ബംഗ്ലാദേശ് ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടി. ടെസ്റ്റ് കരിയറിൽ തന്‍റെ 37ാം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിൻ പൂർത്തിയാക്കിയത്. ഇതോടെ ഷെയ്ൻ വോണിന് ഒപ്പം രണ്ടാം സ്ഥാനത്തായി. 67 വട്ടം ഈ നേട്ടം കൈവരിച്ച മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്.

ആഗോള വിക്കറ്റ് വേട്ടക്കാരിൽ എട്ടാം സ്ഥാനത്താണ് അശ്വിൻ ഇപ്പോൾ. 519 വിക്കറ്റ് നേടിയിട്ടുള്ള വെസ്റ്റിൻഡീസ് ഇതിഹാസം കോർട്ട്നി വാൽഷിനെയാണ് ചെന്നൈ ടെസ്റ്റിൽ അശ്വിൻ മറികടന്നത്. നിലവിൽ കളിക്കുന്നവരിൽ ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ നേഥൻ ലിയോൺ മാത്രമാണ് അശ്വിനു മുന്നിലുള്ളത്- അശ്വിനെക്കാൾ 28 ടെസ്റ്റ് അധികം കളിച്ച ലിയോൺ എട്ട് വിക്കറ്റ് കൂടുതൽ നേടിയിട്ടുണ്ട്.

234 റൺസിനാണ് ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചത്. അശ്വിൻ തന്നെയാണ് മത്സരത്തിൽ മാൻ ഓഫ് ദ മാച്ച്.

സ്കോർ: ഇന്ത്യ 376, 287/4 ഡിക്ല.; ബംഗ്ലാദേശ് 149, 234

Trending

No stories found.

Latest News

No stories found.