നിതീഷ് കുമാർ 'റെഡി'; ഇന്ത്യക്ക് കൂറ്റൻ ജയം

നിതീഷ് കുമാർ റെഡ്ഡിക്ക് അർധ സെഞ്ചുറിയും രണ്ട് വിക്കറ്റും. റിങ്കുവും ഹാർദികും സ്പിന്നർമാരും ബംഗ്ലാദേശിനെ മെരുക്കി
നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിങ് Nitish Kumar Reddy bats against Bangladesh
നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിങ്
Updated on

ന്യൂഡൽഹി: 41 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ 220 കടത്തിവിടാൻ സഹായിച്ച മധ്യനിരയിലെ രക്ഷാപ്രവർത്തനം ആദ്യം. പിന്നാലെ ന്യൂബോളെടുത്ത് നാലോവർ ക്വോട്ടയും പൂർത്തിയാക്കി 23 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും. ഹാർദിക് പാണ്ഡ്യ മാത്രമല്ല ഇന്ത്യയുടെ പേസ് ബൗളിങ് ഓൾറൗണ്ടർ എന്ന നിതീഷ് കുമാർ റെഡ്ഡിയുടെ പ്രഖ്യാപനമായി മാറി ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി20 വിജയം.

സ്കോർ: ഇന്ത്യ 20 ഓവറിൽ 221/9; ബംഗ്ലാദേശ് 20 ഓവറിൽ 135/9.

ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യക്ക് 2-0 എന്ന നിലയിൽ അപരാജിത ലീഡായി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയുടെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു മത്സരത്തിന്‍റെ തുടക്കം. സഞ്ജു സാംസണും (10) അഭിഷേക് ശർമയും (15) സൂര്യകുമാർ യാദവും (8) ഇന്നിങ്സിന് അടിത്തറ ഉറപ്പിക്കാതെ മടങ്ങി.

എന്നാൽ, നാല് മുതൽ ആറ് വരെയുള്ള ബാറ്റിങ് പൊസിഷനുകളിൽ നിതീഷും റിങ്കു സിങ്ങും ഹാർദിക് പാണ്ഡ്യയും കളിച്ച കളി പരുങ്ങലിന്‍റേതായിരുന്നില്ല, പ്രത്യാക്രമണത്തിന്‍റേതായിരുന്നു. വെറും 34 പന്തിൽ 74 റൺസെടുത്ത നിതീഷിന്‍റെ ഇന്നിങ്സിൽ ഏഴ് കൂറ്റൻ സിക്സറുകൾ ഉൾപ്പെട്ടു, നാല് ഫോറും. റിങ്കു 29 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 53 റൺസെടുത്തു. ഹാർദിക് 19 പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 32. ആറ് പന്തിൽ 15 റൺസെടുത്ത റിയാൻ പരാഗിന്‍റെ കാമിയോ കൂടിയായപ്പോൾ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തി്ല് 221 റൺസ് വരെയെത്തി.

കഴിഞ്ഞ മത്സരത്തിൽ അർഷ്ദീപ് സിങ്ങിനൊപ്പം ന്യൂബോളെടുത്തത് ഹാർദിക് പാണ്ഡ്യ ആ‍യിരുന്നെങ്കിൽ ഇക്കുറി നിതീഷിന്‍റെ ഊഴം. ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് ആറാം ബൗളറായാണ് പന്തെറിയാനെത്തുന്നത്. ഇന്ത്യ ആകെ പരീക്ഷിച്ചത് ഏഴ് ബൗളർമാരെ. എല്ലാവർക്കും വിക്കറ്റും കിട്ടി. നിതീഷിനും വരുൺ ചക്രവർത്തിക്കും രണ്ട് വീതം. അർഷ്ദീപ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ്ക്, റിയാൻ പരാഗ് എന്നിവർക്ക് ഓരോന്നും. തന്‍റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ നിതീഷ് റെഡ്ഡി തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.