വിശാഖപട്ടണം: കടുത്ത ഇംഗ്ലീഷ് ആരാധകർ പോലും പ്രതീക്ഷിക്കാത്തൊരു വിജയം ആദ്യ ടെസ്റ്റിൽ പിടിച്ചെടുത്ത ഇംഗ്ലണ്ട് ടീം ആത്മവിശ്വാസത്തിന്‍റെ പരകോടിയിലാണ്. മറുവശത്ത് അപ്രതീക്ഷിത പരാജയത്തിനു പുറമേ, രവീന്ദ്ര ജഡേജയും കെ.എൽ. രാഹുലും പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയും സമ്മാനിക്കുന്നു.
അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച രാവിലെ 9.30ന് വിശാഖപട്ടണത്ത് ആരംഭിക്കുമ്പോൾ ഇരു ടീമുകളിലും മാറ്റം ഉറപ്പാണ്. ഇംഗ്ലണ്ട് പരുക്കേറ്റ് മുഖ്യ സ്പിന്നർ ജാക്ക് ലീച്ചിനെ ഒഴിവാക്കി. പകരം, ഓഫ്സ്പിന്നർ ഷോയിബ് ബഷീർ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. പാക്കിസ്ഥാൻ വംശജനായ ബഷീറിന് വിസ അനുവദിക്കുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടായതിനാൽ ആദ്യ മത്സരം പകുതിയായപ്പോഴാണ് ടീമിനൊപ്പം ചേരാനായതു തന്നെ.
ആദ്യ മത്സരത്തിലെന്ന പോലെ ഒറ്റ പേസ് ബൗളറുമായാകും ഇംഗ്ലണ്ട് ഇറങ്ങുക എന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ, ആദ്യ മത്സരത്തിൽ വിക്കറ്റൊന്നും കിട്ടാത്ത മാർക്ക് വുഡിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം പരിചയസമ്പന്നനായ ജയിംസ് ആൻഡേഴ്സണെ ടീമിലേക്കു തിരിച്ചുവിളിച്ചു.
ആദ്യ മത്സരത്തിൽ കളിച്ച ലെഗ് സ്പിന്നർ രെഹാൻ അഹമ്മദ് ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തും. ബാറ്റിങ് നിരയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ജോ റൂട്ട് ഉൾപ്പെടെ നാല് സ്പിന്നർമാർ ടീമിലുണ്ടാകും. ആദ്യ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഇടങ്കയ്യൻ സ്പിന്നർ ടോം ഹാർട്ട്‌ലി ഇക്കുറി ലീഡ് സ്പിന്നറുമാകും.
അതേസമയം, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ എങ്ങനെയൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഇന്ത്യൻ ബാറ്റിങ് നിരയുടെ ഭാവി എന്നു വിശേഷിപ്പിക്കപ്പെടുന്ന യശസ്വി ജയ്സ്വാൾ - ശുഭ്‌മൻ ഗിൽ - ശ്രേയസ് അയ്യർ ത്രയത്തിലാണ് നിരീക്ഷകരുടെ പ്രധാന ശ്രദ്ധ. ജയ്സ്വാളിന് ആദ്യ മത്സരത്തിൽ ഒരു അർധ സെഞ്ചുറി നേടാനായെങ്കിൽ, ഗില്ലും ശ്രേയും പൂർണമായും നിരാശപ്പെടുത്തിക്കളഞ്ഞു. വിരാട് കോലിയുടെയും കെ.എൽ. രാഹുലിന്‍റെയും അഭാവത്തിൽ ഇംഗ്ലണ്ടിന്‍റെ സ്പിൻ കെണി പൊളിക്കാനുള്ള ഉത്തരവാദിത്വം ശ്രേയസിനായിരിക്കും.
രാഹുലിനു പകരം ആര് ടീമിലെത്തും എന്ന ചോദ്യവും പ്രധനമാണ്. രജത് പാട്ടീദാർ, സർഫറാസ് ഖാൻ എന്നീ പുതുമുഖങ്ങളാണ് ഈ സ്ഥാനത്തേക്കു മത്സരിക്കുന്നത്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറലാണ് ടീമുള്ള മറ്റൊരു ബാറ്റർ. മൂന്നാം നമ്പറിൽ ഗിൽ ഉള്ള സാഹചര്യത്തിൽ ലോവർ മിഡിൽ ഓർഡറിലാണ് ഒഴിവ് വരുക. അതിന് സർഫറാസ് ഖാനെ പരിഗണിക്കാനാണ് സാധ്യത കൂടുതൽ. ഗില്ലിനെ ഒഴിവാക്കി പാട്ടീദാറെ ഉൾപ്പെടുത്തുക എന്നൊരു സാഹസത്തിന് ഇന്ത്യൻ ടീം മാനെജ്മെന്‍റ് തത്കാലം മുതിരില്ല.
വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് ബാറ്റിങ്ങിൽ പിടിച്ചു നിൽക്കാനുള്ള ചില ശ്രമങ്ങളെങ്കിലും നടത്തിയ സാഹചര്യത്തിൽ തത്കാലം ധ്രുവ് ജുറലിന് അവസരം കിട്ടാനിടയില്ല. എന്നാൽ, രവീന്ദ്ര ജഡേജ ഇല്ലാത്ത സാഹചര്യത്തിൽ തന്ത്രങ്ങളിൽ മാറ്റം വന്നാൽ ജുറലിന് അവസരമൊരുങ്ങുകയും ചെയ്യും.
ഋഷഭ് പന്തിന്‍റെയും ഇഷാൻ കിഷന്‍റെയുമൊക്കെ മോൾഡിലുള്ള അറ്റാക്കിങ് ബാറ്ററാണ് ജുറൽ. ആദ്യ മത്സരത്തിൽ ജഡേജയ്ക്ക് കിട്ടിയ റോളും സമാനമായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ ഭരതിനു പകരം ജുറലും പരീക്ഷിക്കപ്പെടാം.
എന്നാൽ, ജഡേജയ്ക്കു പകരം ഓൾറൗണ്ടർ റോളിൽ വാഷിങ്ടൺ സുന്ദർ ടീമിലെത്താൻ സാധ്യത കുറവാണ്. അറ്റാക്കിങ് സ്പിന്നറായ കുൽദീപ് യാദവിന് നറുക്ക് വീഴാനാണ് സാധ്യത. ചൈനാമാൻ ബൗളർ കൂടിയായതിനാൽ കുൽദീപിന്‍റെ സാന്നിധ്യം ബൗളിങ് നിരയിൽ കൂടുതൽ വൈവിധ്യം പകരും. എന്നാൽ, ബാറ്റിങ് നിരയുടെ ആഴം കുറയുകയും ചെയ്യും. ഇതാണ് ജുറൽ പരിഗണിക്കപ്പെടാനുള്ള പഴുത്.
നാല് സ്പിന്നർമാരും ജിമ്മി ആൻഡേഴ്സനെപ്പോലെ തന്ത്രശാലിയായൊരു സ്വിങ് ബൗളറും കൂടി ഉൾപ്പെടുന്ന ഇംഗ്ലീഷ് ബൗളിങ് നിരയെ ഫലപ്രദമായി നേരിടാൻ സാധിക്കുന്നില്ലെങ്കിൽ ഗില്ലിനും ശ്രേയസിനും പകരക്കാരെ തേടാൻ സെലക്റ്റർമാർ പിന്നെ അധികം വൈകുകയുമില്ല. ജഡേജയുടെ അഭാവത്തിൽ ആർ. അശ്വിനു മേൽ ഉത്തരവാദിത്വം വർധിക്കുകയും ചെയ്യുന്നു.
സാധ്യതാ ടീം:
ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്‌മൻ ഗിൽ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), രെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, ഷോയിബ് ബഷീർ, ജയിംസ് ആൻഡേഴ്സൺ.