റാഞ്ചി: ഇന്ത്യയിൽ പരീക്ഷിച്ചു പരാജയപ്പെട്ട ബാസ്ബോൾ ഹിറ്റിങ് തന്ത്രം മാറ്റിവച്ച് ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറി. പരമ്പരയിൽ ആദ്യമായി അമ്പതിൽ താഴെ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത് റൂട്ട് നേടിയ സെഞ്ചുറിയാണ് സന്ദർശകർക്കു രക്ഷയായത്.
സന്ദർശകരുടെ ആദ്യ മൂന്നു വിക്കറ്റും വീഴ്ത്തിയ പേസ് ബൗളർ ആകാശ് ദീപാണ് ആദ്യ സെഷനിൽ തന്നെ ബാസ് ബോളിന്‍റെ മുനയൊടിച്ചത്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കപ്പെട്ട സാഹചര്യത്തിലാണ് ആകാശ് ദീപിന് അന്താരാഷ്ട്ര അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആകാശിനു പിന്നാലെ ആർ. അശ്വിനും രവീന്ദ്ര ജഡേജയും കൂടി ഓരോ വിക്കറ്റ് നേടിയതോടെ 112/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ജോ റൂട്ടും ബെൻ ഫോക്സും ഒരുമിച്ച 113 റൺസിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് 200 കടത്തിയത്. 126 പന്ത് നേരിട്ട ഫോക്സ് 47 റൺസെടുത്ത് പുറത്തായി. പിന്നാലെ റൂട്ട് തന്‍റെ മുപ്പത്തിഒന്നാം ടെസ്റ്റ് സെഞ്ചുറിയും പൂർത്തിയാക്കി. ഇതിൽ പത്തെണ്ണവും ഇന്ത്യക്കെതിരേയാണ്.
ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തിട്ടുണ്ട്. 106 റൺസുമായി റൂട്ടും 31 റൺസുമായി ഒലി റോബിൻസണും ക്രീസിൽ.