റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ 192 റൺസ് എടുക്കണം. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 353 റൺസിനെഡിരേ 46 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 307 റൺസാണു നേടിയത്. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 145 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമയും (24) യശ്വസി ജയ്‌സ്വാളും (16) ക്രീസിൽ.
നേരത്തെ, 177 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ആതിഥേയരെ കരകയറ്റിയത്, 149 പന്തിൽ 90 റൺസെടുത്ത വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്‍റെ വീരോചിത പോരാട്ടമാണ്. കുൽദീപ് യാദവിന്‍റെയും ആകാശ് ദീപിന്‍റെയും ഉറച്ച പിന്തുണയും കരുത്തായി. കുൽദീപുമൊത്ത് (28) എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 76 റൺസും ആകാശ് ദീപുമൊത്ത് (9) ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസും ജുറൽ കൂട്ടിച്ചേർത്തു.
219/7 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. ജുറൽ 30 റൺസിലും കുൽദീപ് 17 റൺസിലും ബാറ്റിങ് തുടങ്ങി. 131 പന്ത് നേരിട്ട കുൽദീപ് 28 റൺസെടുത്ത് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. ജയിംസ് ആൻഡേഴ്സണ് വിക്കറ്റ്. അതിനു ശേഷം ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഷോയിബ് ബഷീറിന് ഇന്നിങ്സിലെ അഞ്ചാം വിക്കറ്റ് സമ്മാനിച്ച് പുറത്താകുമ്പോൾ ആകാശ് ദീപ് 29 പന്തിൽ 9 റൺസാണെടുത്തിരുന്നത്. ബഷീറിന്‍റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.