പരമ്പര റാഞ്ചാന്‍ റാഞ്ചിയില്‍; ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതല്‍

ഈ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ കൗമാരതാരം യശസ്വി ജയ്‌സ്വാള്‍ തന്നെയാണ് ഇന്ത്യയുടെ തുരുപ്പ് ചീട്ട്
പരമ്പര റാഞ്ചാന്‍ റാഞ്ചിയില്‍; ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതല്‍
Updated on

റാഞ്ചി: ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മുതല്‍. റാഞ്ചിയില്‍ നടക്കുന്ന ഈ മത്സരം കൂടി ജയിച്ചാല്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും പരമ്പര നേടാനാകും. അതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് നിലയിലും മുന്നേറാനാകും. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റം ഇന്ത്യ വരുത്തും. ജസ്പ്രീത് ബുമ്രയ്ക്ക് ഇന്ത്യ വിശ്രമമനുവദിച്ചു. പകരം ആകാശി ദീപ് ടീമിലെത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ആകാശ്ദീപ് സിങ്ങിന്‍റെ അരങ്ങേറ്റ ടെസ്റ്റാകും ഇത്. മുഹമ്മദ് സിറാജും ആകാശ് ദീപും ഇന്ത്യക്കായി പുതിയ പന്തെടുക്കും. ആകാശ് ദീപ് കളിച്ചാല്‍ ഈ പരമ്പരയില്‍ അരങ്ങേറുന്ന നാലാമത്തെ താരമാകും. നേരത്തെ സര്‍ഫറാസ് ഖാന്‍, രജത് പാടീദാര്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഇന്ത്യന്‍ ക്യാപ് അണിഞ്ഞിരുന്നു.കഴിഞ്ഞ മാസം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്‍റെ പ്രടകനമാണ് ബംഗാള്‍ പേസര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയത്.

കരിയറില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 104 വിക്കറ്റുകളാണ് ആകാശ് ദീപ് വീഴ്ത്തിയത്. ഈ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ കൗമാരതാരം യശസ്വി ജയ്‌സ്വാള്‍ തന്നെയാണ് ഇന്ത്യയുടെ തുരുപ്പ് ചീട്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇറങ്ങി മികച്ച തുടക്കമാണ് യശസ്വി നല്‍കുന്നത്. ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിക്കെതിരേ ഇതിനോടകം ജാസ്‌ബോള്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. അത് നാണയത്തില്‍ തിരിച്ചടിക്കുക എന്ന തന്ത്രം, ഏറ്റവും ഫലപ്രദമായി യശസ്വി നിര്‍വഹിക്കുന്നുണ്ട്. മധ്യനിരയുടെ കരുത്തായി സര്‍ഫ്രാസ് ഖാന്‍ കൂടി എത്തിയത് അവിടുത്തെ പോരായ്മ നികത്തിയിട്ടുണ്ട്.

കന്നി ടെസ്റ്റ് കളിച്ച സര്‍ഫറാസ് ലഭിച്ച അവസരം മികച്ചതായി വിനിയോഗിച്ചു. രണ്ട് ഇന്നിങ്‌സുകളിലും തിളങ്ങാന്‍ സര്‍ഫറാസിനായി. കെ.എല്‍. രാഹുല്‍ ഇന്നത്തെ മത്സരത്തിലും കളിക്കില്ലെന്നുറപ്പായി. ശുഭ്മന്‍ ഗില്‍ ഫോമിലേക്കുയര്‍ന്നത് ശുഭസൂചകമാണ്. വിരാട് കോലിയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കളിക്കാത്ത സാഹചര്യത്തില്‍ രജത് പാടിദാര്‍ ഫോിലല്ലെങ്കില്‍ കൂടി ഒരു അവസരം കൂടി നല്‍കും. രാജ്‌കോട്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍ ഉറപ്പായും ടീമിലുണ്ടാകും. കെ എസ് ഭരതിനെ മറികടന്ന് പ്ലേയിംഗ് ഇലവനിലെത്തി അരങ്ങേറ്റത്തില്‍ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ചു നിന്ന ധ്രുവ് ജൂരെല്‍ തന്നെയാവും റാഞ്ചിയില്‍ വിക്കറ്റ് കീപ്പറാവുക. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവ് ആവും മൂന്നാം സ്പിന്നറായി കളിക്കുക. രാജ്‌കോട്ടില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങി ബാറ്റിംഗിലും കുല്‍ദീപ് ഒരുകൈ നോക്കിയിരുന്നു.

ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യത്തില്‍ പേസ് നിരയെ നയിക്കേണ്ട ചുമതല മുഹമ്മദ് സിറാജ് ഏറ്റെടുക്കും.

സാധ്യതാ ഇലവന്‍

ഇന്ത്യ

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.

ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റം

ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനുള്ള ഇംഗ്ലണ്ടിന്‍റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു. മൂന്നാം ടെസ്റ്റ് തോറ്റ ടീമില്‍ രണ്ടു മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡിനു പകരം പേസര്‍ ഒലി റോബിന്‍സണും, ലെഗ് സ്പിന്നര്‍ രെഹാന്‍ അഹമ്മദിനു പകരം ഓഫ് സ്പിന്നര്‍ ഷോയിബ് ബഷീറും കളിക്കും.ഇംഗ്ലണ്ടിനായി ഇതുവരെ 19 ടെസ്റ്റ് കളിച്ചിട്ടുള്ള മുപ്പതുകാരനായ റോബിന്‍സണ്‍ 76 വിക്കറ്റും നേടിയിട്ടുണ്ട്. 22.21 എന്ന മികച്ച ശരാശരിയുമുണ്ട്. എന്നാല്‍, നിരന്തരം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ടീമില്‍ ഇനിയും ഇടം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ വംശീയ പരാമര്‍ശത്തിന്‍റെ പേരില്‍ വിവാദത്തിലാകുകയും ടീമില്‍ നിന്നു പുറത്താകുകയും ചെയ്തിരുന്നു.വെള്ളിയാഴ്ച റാഞ്ചിയിലാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ടും, അടുത്ത രണ്ടെണ്ണം ഇന്ത്യയും ജയിച്ചു.

ആതിഥേയര്‍ ഇപ്പോള്‍ 2-1 എന്ന നിലയില്‍ പരമ്പരയില്‍ ലീഡ് ചെയ്യുന്നു. പരമ്പര നേടാനുള്ള സാധ്യത നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് നാലാം മത്സരം ജയിച്ചേ മതിയാകൂ.വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ ടീമില്‍ നിലനിര്‍ത്തി. മൂന്നാം ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളില്‍ നിന്ന് നിര്‍ദയമായ പ്രഹരം ഏറ്റുവാങ്ങിയത് ആന്‍ഡേഴ്‌സണ്‍ ആയിരുന്നെങ്കിലും വുഡിന് വിശ്രമം അനുവദിക്കാനായിരുന്നു ഇംഗ്ലണ്ട് തിങ്ക് ടാങ്കിന്‍റെ തീരുമാനം. ഇതിനിടെ, അവരുടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നെറ്റ്‌സില്‍ ബൗളിങ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹം ഇനിയും മത്സരത്തില്‍ പന്തെറിയാന്‍ സജ്ജനായിട്ടില്ലെന്നാണ് റോബിന്‍സണെ ഉള്‍പ്പെടുത്തിയതിലൂടെ ലഭിക്കുന്ന സൂചന. ഒരു സ്‌പെഷ്യലിസ്റ്റ് പേസ് ബൗളറെ മാത്രം ഉള്‍പ്പെടുത്തി, ന്യൂബോള്‍ പങ്കുവയ്ക്കാന്‍ സ്റ്റോക്‌സിനെ തന്നെ നിയോഗിക്കാനും ഇംഗ്ലണ്ട് ആലോചിച്ചിരുന്നതാണ്.ജയ്‌സ്വാളും സര്‍ഫറാസ് ഖാനും കാര്യമായി ശിക്ഷിച്ചതാണ് രെഹാന്‍ അഹമ്മദിന് ടീമിനു പുറത്തേക്കുള്ള വഴി തുറന്നത്. പകരം ഡാന്‍ ലോറന്‍സിനെ ഉള്‍പ്പെടുത്തി ബാറ്റിങ് ശക്തിപ്പെടുത്താനും ഇംഗ്ലണ്ട് ആലോചിച്ചിരുന്നു. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയാണ് ലോറന്‍സ്. എന്നാല്‍, സ്റ്റോക്‌സിനെ മുഴുനീള ബൗളിങ് ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ബഷീറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇടങ്കയ്യന്‍ ടോം ഹാര്‍ട്ട്ലിയാണ് ടീമിലുള്ള മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ജോ റൂട്ടും സ്പിന്‍ വിഭാഗത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. ഇന്നു തുടങ്ങുുന്ന ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് പരമ്പരയില്‍ നവിലനില്‍ക്കാനാകൂ. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നന്നായി കളിക്കുന്നവരെത്തന്നെയാണ് ടീമിലെടുത്തത് എന്നാണ് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ വിശ്വാസം.

ഇംഗ്ലണ്ടിന്‍റെ പ്ലെയിങ് ഇലവന്‍:

സാക്ക് ക്രോളിബെന്‍ ഡക്കറ്റ്ഒലി പോപ്പ്ജോ റൂട്ട്ജോണി ബെയര്‍‌സ്റ്റോബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍)ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍)ടോം ഹാര്‍ട്ട്‌ലിഒലി റോബിന്‍സണ്‍ജയിംസ് ആന്‍ഡേഴ്‌സണ്‍ഷോയിബ് ബഷീര്‍

Trending

No stories found.

Latest News

No stories found.