റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് 353 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ തകർച്ച നേരിട്ട ഇന്ത്യ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിൽ. 30 റൺസുമായി വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും 17 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ. ഓപ്പണർ യശസ്വി ജയ്സ്വാൾ മാത്രമാണ് ഇന്ത്യക്കായി അർധ സെഞ്ചുറി നേടിയത്.
നേരത്തെ, 302/7 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്‍റെ ശേഷിച്ച മൂന്നു വിക്കറ്റും വീഴ്ത്തിയത് രവീന്ദ്ര ജഡേജയാണ്. 31 റൺസിൽ ബാറ്റിങ് പുനരാരംഭിച്ച ഒലി റോബിൻസൺ അർധ സെഞ്ചുറി നേടി. ജോ റൂട്ടുമൊത്ത് 102 റൺസ് കൂട്ടുകെട്ടുയർത്തിയ റോബൻസൺ 58 റൺസെടുത്ത് ജഡേജയുടെ പന്തിൽ പുറത്തായി.
അതേ ഓവറിൽ ഷോയിബ് ബഷീറിനെയും (0) തന്‍റെ അടുത്ത ഓവറിൽ ജയിംസ് ആൻഡേഴ്സനെയും (0) പുറത്താക്കിയ ജഡേജ ഇന്നിങ്സിലാകെ നാല് വിക്കറ്റ് വീഴ്ത്തി. 122 റൺസെടുത്ത ജോ റൂട്ട് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. ഇന്ത്യ നാല് റണ്‍സിലെത്തിയപ്പോഴാണ് ജെയിംസ് ആന്‍ഡേഴ്‌സൺ രോഹിതിനെ (2) മടക്കിയത്. തുടർന്ന് യശസ്വി ജയ്സ്വാളിനൊപ്പം 82 റൺസ് കൂട്ടിച്ചേർത്ത ശേഷം ശുഭ്‌മൻ ഗില്ലും (38) പുറത്തായി. ഷോയിബ് ബഷീറിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.
പിന്നാലെ രജത് പാട്ടീദാറും (17) രവീന്ദ്ര ജഡേജയും (12) അധികം പിടിച്ചുനിൽക്കാതെ മടങ്ങിയതോടെ ബാറ്റിങ് തകർച്ച. ഇവരുടെ വിക്കറ്റുകളും ഷോയിബ് ബഷീറിനു തന്നെയായിരുന്നു. 73 റൺസെടുത്ത യശസ്വി ജയ്സ്വാളിനെയും ബഷീർ തന്നെ പുറത്താക്കി.
സർഫറാസ് ഖാൻ (14), ആർ. അശ്വിൻ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അതിനു ശേഷം നഷ്ടമായത്. ജുറൽ - കുൽദീപ് കൂട്ടുകെട്ട് 42 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുള്ളത്. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോറിന് 134 റൺസ് പിന്നിലാണ് ഇന്ത്യ.
ഇംഗ്ലണ്ടിനായി ഷോയിബ് ബഷീർ നാല് വിക്കറ്റ് നേടിയപ്പോൾ, ടോം ഹാർട്ട്ലി രണ്ടും ജയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റും സ്വന്തമാക്കി.