ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മുന്നു ടി20 മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയ വിജയത്തോടെ അവസാനിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്നു. ഈ മാസം 25 മുതൽ മാർച്ച് 11 വരൊയി അഞ്ചു ടെസ്റ്റുകളാണുള്ളത്. 20ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനക്യാംപ് ഹൈദരാബാദിൽ തുടങ്ങുമെന്നു കോച്ച് രാഹുൽ ദ്രാവിഡ്.
ടി20 പരമ്പരയിൽ കളിച്ചവരിൽ ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമുൾപ്പെടെ എട്ടു പേർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലുമുണ്ട്. കുട്ടിക്രിക്കറ്റിൽ നിന്നു ക്ലാസിക് ക്രിക്കറ്റിലേക്കുള്ള അതിവേഗ മാറ്റത്തിന് ഇവർ തയാറാകേണ്ടിവരും. രോഹിതും കോഹ്ലിയുമുൾപ്പെടെ മുതിർന്ന താരങ്ങൾക്ക് ഇത് എളുപ്പം വഴങ്ങും. എന്നാൽ, മുകേഷ് കുമാറും ആവേശ് ഖാനുമടങ്ങുന്ന പുതുനിരയ്ക്ക് മാനസികമായ തയാറെടുപ്പും വേണ്ടിവരും. 20ന് ഹൈദരാബാദിലാണു ക്യാംപ്. ആദ്യ ടെസ്റ്റും ഇവിടെത്തന്നെയാണ്. മുഴുവൻ താരങ്ങളും ക്യാംപിൽ പങ്കെടുക്കും. എന്നാൽ, 22ന് അയോധ്യയിൽ നടക്കുന്ന ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോഹ്ലിക്ക് ഒരു ദിവസത്തെ അവധി ക്രിക്കറ്റ് ബോർഡ് അനുവദിച്ചിട്ടുണ്ട്.
അഞ്ചു വർഷത്തിനുശേഷമാണ് ഇംഗ്ലണ്ടും ഇന്ത്യയുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. 2021ൽ ഇംഗ്ലണ്ടിൽ അഞ്ചു ടെസ്റ്റുകളുടെ പരമ്പര നിശ്ചയിച്ചെങ്കിലും നാലു മത്സരങ്ങൾക്കുശേഷം കൊവിഡ് 19 വില്ലനായിരുന്നു. ഈ പരമ്പരയിലെ അവസാന മത്സരം ഇതേത്തുടർന്നു മാറ്റിവച്ചു. 2022ലാണ് ഈ ടെസ്റ്റ് പിന്നീട് നടത്തിയത്.
ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് മികവു പുലർത്താനാകുമെന്നു രാഹുൽ ദ്രാവിഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ യുഎഇയിൽ പരിശീലനത്തിലാണ് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് ടീം. മുഖ്യകോച്ച് ബ്രണ്ടൻ മക്കല്ലത്തിനു കീഴിൽ ബാസ്ബോൾ ശൈലി ഇന്ത്യയിലെ പിച്ചുകൾക്കും യോജിക്കുമെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് സന്ദർശകർ.
ഏറ്റവും മികച്ച ക്രിക്കറ്റ് വിരുന്നാകും ആരാധകർക്ക് ഈ പരമ്പര സമ്മാനിക്കുകയെന്നു രാഹുൽ ദ്രാവിജ് പറയുന്നു. അലിസ്റ്റർ കുക്കിന്റെ ക്യാപ്റ്റൻസിയിൽ എം.എസ്. ധോണിയുടെ ടീമിനെ 2-1നു പരാജയപ്പെടുത്തിയശേഷം ഇംഗ്ലണ്ട് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല.