നാണക്കേടിന്‍റെ റെക്കോഡുകൾ! ഇന്ത്യ 46 റൺസിന് ഓൾഔട്ട്, അഞ്ച് പേർ 'ഡക്ക്'

സ്വന്തം നാട്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോർ. ആദ്യ എട്ട് ബാറ്റർമാരിൽ അഞ്ച് പേർ പൂജ്യത്തിനു പുറത്താകുന്നത് 1888നു ശേഷം ആദ്യം
Rohit Sharma clean bowled by Tim Southee
ടിം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആകുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ
Updated on

ബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ ബാറ്റിങ് തകർച്ച. മഴ കാരണം ഒരു ദിവസം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്ല് തന്നെ സ്വന്തം നാട്ടിൽ സ്കോർ ചെയ്യുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. 1987ൽ ഡൽഹിയിൽ വച്ച് വെസ്റ്റിൻഡീസിനെതിരേ 75 റൺസിന് ഓൾഔട്ടായതായിരുന്നു ഇതിനു മുൻപുള്ള കുറഞ്ഞ സ്കോർ. നാട്ടിലെന്നല്ല, ഏതെങ്കിലും ഒരു ഏഷ്യൻ വേദിയിൽ തന്നെ ഇന്ത്യ ഇത്രയും ചെറിയ സ്കോറിന് പുറത്താകുന്നത് ഇതാദ്യം.

ഇന്ത്യൻ ഇന്നിങ്സിൽ അഞ്ച് ബാറ്റർമാരാണ് പൂജ്യത്തിനു പുറത്തായത്. ഇതും ഒരു റെക്കോഡാണ്. ലോക ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തന്നെ രണ്ടാം തവണ മാത്രമാണ് ആദ്യ എട്ട് ബാറ്റർമാരിൽ അഞ്ച് പേർ ഡക്കാകുന്നത്. ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചത് 1888ലാണ്. അന്ന് ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയുടെ അഞ്ച് ബാറ്റർമാർ ഡക്കായിരുന്നു.

ബംഗളൂരുവിൽ തലേന്നു പെയ്ത മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും കാരണം ബാറ്റിങ് ദുഷ്കരമായ വിക്കറ്റിൽ കിവി പേസ് ബൗളർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിക്കുകയായിരുന്നു. 16 പന്ത് നേരിട്ട് ഒരു റൺ മാത്രം നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പരുക്കേറ്റ ശുഭ്‌മൻ ഗില്ലിനു പകരം വൺ ഡൗൺ പൊസിഷനിലെത്തിയ വിരാട് കോലിയും, ഗില്ലിനു പകരം പ്ലെയിങ് ഇലവനിലെത്തിയ സർഫറാസ് ഖാനും പൂജ്യത്തിനു പുറത്തായി.

തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, പിടിച്ചുനിൽക്കാൻ ശ്രമിച്ച ഓപ്പണർ യശസ്വി ജയ്സ്വാളുമൊത്ത് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു. എന്നാൽ, അസാധാരണമാം വിധം കരുതലോടെ കളിച്ച ജയ്സ്വാൾ 63 പന്തിൽ 13 റൺസുമായി മടങ്ങിയതോടെ ഈ കൂട്ടുകെട്ടും പൊളിച്ചു. പിന്നീട് വന്ന കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും കൂടി ഡക്കായി.

ലഞ്ചിനു പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 34 എന്ന നിലയിലായിരുന്നു ഇന്ത്യ. മത്സരം പുനരാരംഭിച്ച് 12 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാല് പേരും കൂടാരം കയറി. 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ന്യൂസിലൻഡിനായി ഉജ്വലമായി പന്തെറിഞ്ഞ മാറ്റ് ഹെൻറി 15 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ പുതുമുറ പേസർ വില്യം ഒറൂർക്കെയും മോശമാക്കിയില്ല. ടിം സൗത്തിക്ക് ഒരു വിക്കറ്റ്. ആകെ മൂന്നു പേർ മാത്രമാണ് ന്യൂസിലൻഡിനു വേണ്ടി പന്തെറിഞ്ഞത്. അതേസമയം, ഇന്ത്യ കുൽദീപ് യാദവ് അടക്കം മൂന്ന് സ്പിന്നർമാരെയാണ് അണിനിരത്തിയിരിക്കുന്നത്.

മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ്. വ്യാഴാഴ്ച കളി അവസാനിപ്പിക്കുമ്പോൾ അവർക്ക് 134 റൺസിന്‍റെ ലീഡ് ആയിക്കഴിഞ്ഞു. രചിൻ രവീന്ദ്രയും (22) ഡാരിൽ മിച്ചലും (14) ക്രീസിൽ.

ക്യാപ്റ്റൻ ടോം ലാഥം (15), ഓപ്പണർ ഡെവൺ കോൺവെ (91), വിൽ യങ് (33) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർക്ക് ഓരോ വിക്കറ്റ്.

Trending

No stories found.

Latest News

No stories found.