ബംഗളൂരു: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. അതേസമയം, ആദ്യ ദിവസം മഴ കാരണം കളി തടസപ്പെടാനുള്ള 70-80 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
ഇതിനിടെ, കഴുത്തിനും തോളിനും വേദന അനുഭവപ്പെടുന്നതിനാൽ ശുഭ്മൻ ഗിൽ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാകാൻ സാധ്യതയുണ്ട്. മത്സര ദിവസം രാവിലെ മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഗിൽ കളിച്ചില്ലെങ്കിൽ സർഫറാസ് ഖാൻ ആയിരിക്കും പ്ലെയിങ് ഇലവനിലെത്തുക. എന്നാൽ, ലോവർ മിഡിൽ ഓർഡർ ബാറ്ററായ സർഫറാസ് വരുമ്പോൾ ഗില്ലിന്‍റെ മൂന്നാം നമ്പറിൽ ഇറക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ, ഓപ്പണറായി പരിചയസമ്പത്തുള്ള കെ.എൽ. രാഹുലിനെ മൂന്നാം നമ്പറിൽ കളിപ്പിക്കുകയോ, ഋഷഭ് പന്തിനെ ഇറക്കി ഒരു പരീക്ഷണത്തിനു മുതിരുകയോ ആവും ഇന്ത്യൻ ടീം മാനെജ്മെന്‍റ് ചെയ്യുക.
സർഫറാസ് ഖാനെ കൂടാതെ ബാറ്റിങ് നിരയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരേയൊരാൾ ടീമിൽ പിന്നെയുള്ളത് ധ്രുവ് ജുറലാണ്. എന്നാൽ, ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ജുറലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ടീമിൽ മൂന്ന് സ്പിന്നർമാർ വേണോ അതോ മൂന്നു പേസർമാർ വേണോ എന്നതായിരിക്കും ഇന്ത്യൻ ടീം മാനെജ്മെന്‍റിന്‍റെ മറ്റൊരു ആശയക്കുഴപ്പം. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ ബൗളർമാർക്കാണ് ടീമിൽ ഇടമുറപ്പുള്ളത്. അഞ്ചാം ബൗളറായി പരിഗണിക്കപ്പെടുന്നവരിൽ ആകാശ് ദീപ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവരുണ്ട്. പിച്ചിന്‍റെയും അന്തരീക്ഷത്തിന്‍റെയും സ്ഥിതി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.