വാഷിങ്ടൺ സുന്ദറിന് 7 വിക്കറ്റ്; രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി, ഓഫ് സ്പിൻ കെണിയിൽ കുടുങ്ങി കിവികൾ

പതിനഞ്ചംഗ ടീമിൽ പോലും ഇല്ലാതിരുന്ന വാഷിങ്ടൺ സുന്ദറിനെ രണ്ടാം ടെസ്റ്റ് കളിക്കാൻ വിളിച്ചുവരുത്തി ഇന്ത്യൻ തിങ്ക് ടാങ്കിന്‍റെ മാസ്റ്റർ സ്ട്രോക്ക്
Washington Sundar during the match
വാഷിങ്ടൺ സുന്ദർ മത്സരത്തിനിടെ
Updated on

പൂനെ: വാഷിങ്ടൺ സുന്ദറിന്‍റെ ഏഴ് വിക്കറ്റ് പ്രകടനത്തിന്‍റെ ബലത്തിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 259 റൺസിന് ഓൾഔട്ടായി. വീണ 10 വിക്കറ്റിൽ ഏഴും സുന്ദർ സ്വന്തമാക്കിയപ്പോൾ, മൂന്നെണ്ണം ആർ. അശ്വിന്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ആദ്യം പ്രഖ്യാപിക്കുമ്പോൾ ഉൾപ്പെടാതിരുന്ന സുന്ദറിനെ, ആദ്യ ടെസ്റ്റിനു ശേഷമാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നത്. ആർ. അശ്വിനൊപ്പം രണ്ടാമതൊരു ഓഫ് സ്പിന്നറെ കൂടി ആക്രമണത്തിനു നിയോഗിച്ചുകൊണ്ട് ന്യൂസിലൻഡിന്‍റെ ഇടങ്കയ്യൻ ബാറ്റർമാരെ നിയന്ത്രിക്കുക എന്ന തന്ത്രമായിരുന്നു ഇതിനു പിന്നിൽ.

കുൽദീപ് യാദവിനു പകരമാണ് സുന്ദറിനെ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. പരുക്കിൽനിന്നു മുക്തനായ ശുഭ്‌മൻ ഗിൽ ടീമിൽ തിരിച്ചെത്തിയപ്പോൾ, കഴിഞ്ഞ ടെസ്റ്റിൽ നിരാശപ്പെടുത്തിയ കെ.എൽ. രാഹുൽ പുറത്തായി. സർഫറാസ് ഖാൻ ടീമിൽ തുടരുന്നു. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കപ്പെട്ടപ്പോൾ ആകാശ് ദീപാണ് ജസ്പ്രീത് ബുംറയ്ക്കൊപ്പം ന്യൂബോൾ എടുത്തത്.

ബംഗളൂരവിൽ ആദ്യ ടെസ്റ്റ് ജയിച്ച ന്യൂസിലൻഡ്, പൂനെയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളിങ്ങിനു സഹായം കിട്ടാത്ത പിച്ചിൽ ബുംറയെയും ആകാശ് ദീപിനെയും പോസിറ്റിവായി തന്നെ കിവി ഓപ്പണർമാർ നേരിട്ടു. എന്നാൽ, എട്ടാം ഓവറിൽ തന്നെ പന്തെറിയാനെത്തിയ അശ്വിൻ, കിവി ക്യാപ്റ്റൻ ടോം ലാഥമിനെ (15) വിക്കറ്റിനു മുന്നിൽ കുടുക്കി. സ്പിൻ സ്പെഷ്യലിസ്റ്റായ വിൽ യങ് 45 പന്തിൽ 18 റൺസുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അശ്വിന്‍റെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു ക്യാച്ച് നൽകി.

ഇൻ ഫോം ബാറ്റർമാരായ ഡെവൺ കോൺവെയുടെയും (76) രചിൻ രവീന്ദ്രയുടെയും (65) അർധ സെഞ്ചുറികൾ ഇന്ത്യക്കു ഭീഷണി ഉയർത്തിയെങ്കിലും, കോൺവെയെ അശ്വിൻ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. രചിൻ രവീന്ദ്രയിൽ സുന്ദർ തന്‍റെ ആദ്യ വിക്കറ്റും കണ്ടെത്തിയതോടെ ന്യൂസിലൻഡ് തകർച്ചയിൽ.

പിന്നീട് വന്നവരിൽ ഡാരിൽ മിച്ചലിനും (18) മിച്ചൽ സാന്‍റ്നറിനും (33) മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്. ഇവർ ഇരുവരും, കൂടാതെ, വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ (3), അപകടകാരിയായ ഗ്ലെൻ ഫിലിപ്സ് (9), ടിം സൗത്തി (5), അജാസ് പട്ടേൽ (4) എന്നിവരും സുന്ദറിന് ഇരകളായി.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. ഒമ്പത് പന്ത് നേരിട്ട ക്യാപ്റ്റൻ രോഹിത് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ടിം സൗത്തിക്ക് വിക്കറ്റ്. യശസ്വി ജയ്സ്വാളും (6) ശുഭ്മൻ ഗില്ലും (10) ക്രീസിൽ.

Trending

No stories found.

Latest News

No stories found.