മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന്‍റെ ഒന്നാം ഇന്നിങ്സ് 235 റൺസിന് ഓൾഔട്ട്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് നേടിയ വാഷിങ്ടൺ സുന്ദറും ചേർന്നാണ് കിവി ബാറ്റിങ് നിരയെ തകർത്തത്. ഡാരിൽ മിച്ചലും (82) വിൽ യങ്ങും (71) ന്യൂസിലൻഡിനു വേണ്ടി അർധ സെഞ്ചുറി നേടി.
രാവിലെ ടോസ് നേടിയ കിവി ക്യാപ്റ്റൻ ടോം ലാഥം ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഇൻഫോം ഓപ്പണർ ഡെവൺ കോൺവെയെ (4) ആകാശ് ദീപ് തുടക്കത്തിൽ തന്നെ മടക്കി. പിന്നാലെ വാഷിങ്ടൺ സുന്ദർ ടോം ലാഥമിനെയും (28) രചിൻ രവീന്ദ്രയെയും (5) ക്ലീൻ ബൗൾ ചെയ്തതോടെ ന്യൂസിലൻഡ് 72/3 എന്ന നിലയിൽ പരുങ്ങി.
അവിടെവച്ച് വിൽ യങ്ങിനൊപ്പം ചേർന്ന ഡാരിൽ മിച്ചൽ, നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 87 റൺസ് ചേർത്ത് വൻ തകർച്ച ഒഴിവാക്കി. രവീന്ദ്ര ജഡജേ യങ്ങിനെ രോഹിത് ശർമയുടെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീട് വന്നവരിൽ ഗ്ലെൻ ഫിലിപ്സിനു (17) മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
22 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്‍റെ പതിനാലാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. വാഷിങ്ടൺ 18.4 ഓവറിൽ 81 റൺസ് വഴങ്ങി നാല് വിക്കറ്റും നേടി.
എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യയും വൻ തകർച്ചയാണ് അഭിമുഖീകരിക്കുന്നത്. 84 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 18 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തായത്. മികച്ച തുടക്കം മുതലാക്കാനാവാതെ യശസ്വി ജയ്സ്വാളും (30) മടങ്ങി.
നൈറ്റ് വാച്ച്മാനായെത്തിയ മുഹമ്മദ് സിറാജ് പൂജ്യത്തിനു പുറത്തായപ്പോൾ വിരാട് കോലി (4) റണ്ണൗട്ടുമായി.
ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യ പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തി. കിവി നിരയിൽ പരുക്കേറ്റ മിച്ചൽ സാന്‍റ്നറിനു പകരം ഇഷ് സോധി എത്തിയപ്പോൾ, ടിം സൗത്തിക്കു പകരം മാറ്റ് ഹെൻറിയും കളിക്കുന്നു.