കിവികളുടെ ചിറകൊടിച്ച് അശ്വിനും ജഡേജയും

ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്, ന്യൂസിലൻഡിന് രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടം
Ravindra Jadeja celebrates a New Zealand wicket with his team mates
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ
Updated on

മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. ഒന്നാം ഇന്നിങ്സിൽ 28 റൺസ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ കിവികളുടെ ചിറകരിഞ്ഞു. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്. 143 റൺസിന്‍റെ ഓവറോൾ ലീഡ് മാത്രമാണ് അവർക്ക് ഇപ്പോഴുള്ളത്.

മൂന്നു ദിവസം ശേഷിക്കെ, ബാറ്റിങ് തകർച്ചയുണ്ടായില്ലെങ്കിൽ, ഇന്ത്യക്ക് ശക്തമായ വിജയസാധ്യതയാണുള്ളത്. ആർ. അശ്വിൻ - രവീന്ദ്ര ജഡേജ സ്പിൻ ജോഡിയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.

അശ്വിൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ജഡേജ ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ഇനിയെല്ലാം ബാറ്റർമാരുടെ കൈയിൽ. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് പരമ്പര നഷ്ടമായ ടീം ഇന്ത്യക്ക് മാനം രക്ഷിക്കാൻ മാത്രമല്ല, ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വിലയേറിയ പോയിന്‍റുകൾ സ്വന്തമാക്കാനും ഇവിടെ ജയം അനിവാര്യമാണ്.

ന്യൂസിലൻഡിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 235 റൺസിനെതിരേ 86/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. അവിടെനിന്ന് ശുഭ്മൻ ഗില്ലും ഋഷഭ് പന്തും ചേർന്ന 96 റൺസിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരകയറ്റി.

36 പന്തിൽ അർധ സെഞ്ചുറി തികച്ച ഋഷഭ്, ആകെ 59 പന്തിൽ 60 റൺസെടുത്താണ് പുറത്തായത്. രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ ഇന്നിങ്സ്.

മറുവശത്ത് കൂടുതൽ പ്രതിരോധാത്മകമായി കളിച്ച ഗിൽ 146 പന്തിൽ ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടെ 90 റൺസെടുത്ത് എട്ടാമനായാണ് പുറത്തായത്. എന്നാൽ, രവീന്ദ്ര ജഡേജയ്ക്കും (14) സർഫറാസ് ഖാനും (0) ആർ. അശ്വിനും (6) പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ ഇന്ത്യക്ക് വലിയ ലീഡ് നേടാനുള്ള അവസരം നഷ്ടമായി. 36 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 38 റൺസെടുത്ത് പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദർ എതിർ ക്യാംപിലേക്ക് പട നയിക്കാൻ ശ്രമിച്ചെങ്കിലും, കൂട്ടിന് ആളില്ലാതെ പോയി. ആകാശ് ദീപ് പന്തൊന്നും നേരിടും മുൻപേ റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലൻഡിന് ആദ്യ ഓവറിൽ തന്നെ ടോം ലാഥമിനെ (1) നഷ്ടമായി. ആകാശ് ദീപിന്‍റെ പന്തിൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു ന്യൂസിലൻഡ് ക്യാപ്റ്റൻ. മൂന്നാം നമ്പറിലിറങ്ങിയ വിൽ യങ്ങിനു മാത്രമാണ് അർധ സെഞ്ചുറി കടക്കാനായത്. 100 പന്തിൽ 51 റൺസെടുത്ത യങ്ങിന്‍റെ ചെറുത്തുനിൽപ്പ് അവസാനിച്ചതോടെ കിവികൾ കൂട്ടമായി ചിറകറ്റു വീഴുകയായിരുന്നു. ഏഴ് റൺസുമായി അജാസ് പട്ടേലും റണ്ണൊന്നുമെടുക്കാതെ വില്യം ഒറൂർക്കെയുമാണ് ക്രീസിൽ.

Trending

No stories found.

Latest News

No stories found.