Jemimah Rodrigues
ഇന്ത്യൻ വിജയത്തിനു ശേഷം ടീമംഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്ന ജമീമ റോഡ്രിഗ്സ്.

ഇന്ത്യക്ക് 10 വിക്കറ്റ് ജയം; ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനും രക്ഷയില്ല

മത്സരത്തിലാകെ 10 വിക്കറ്റ് സ്വന്തമാക്കിയ സ്നേഹ് റാണ പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യക്കായി ഷഫാലി വർമ ഇരട്ട സെഞ്ചുറിയും സ്മൃതി മന്ഥന സെഞ്ചുറിയും നേടിയിരുന്നു.
Published on

ചെന്നൈ: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ പുരുഷ ടീമിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ വനിതകളുടെ ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ കുറിച്ചത്.

ആദ്യ ഇന്നിങ്സിൽ എട്ട് വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലാകെ പത്ത് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ സ്നേഹ് റാണ പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണർ ഷഫാലി വർമ ഇരട്ട സെഞ്ചുറിയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന സെഞ്ചുറിയും നേടിയിരുന്നു.

Sneh Rana
10 വിക്കറ്റ് പ്രകടനത്തിന്‍റെ ആഘോഷത്തിൽ സ്നേഹ് റാണ.

603/6 എന്ന നിലയിൽ ഒന്നാമിന്നിങ്സ് ഡിക്ലെയർ ചെയ്ത ഇന്ത്യ എതിരാളികളെ 266 റൺസിന് ഓൾഔട്ടാക്കിയിരുന്നു. ഫോളോ ഓൺ ചെയ്ത സന്ദർശകർക്കു വേണ്ടി രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ലോറ വോൾവാർട്ടും (122) സൂൻ ലൂസും (109) സെഞ്ചുറി നേടിയെങ്കിലും അവർ 373 റൺസിന് ഓൾ ഔട്ടായി.

സ്നേഹ് റാണയ്ക്കു പുറമേ ദീപ്തി ശർമയും രാജേശ്വരി ഗെയ്ക്ക്‌വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പൂജ വസ്ത്രകാർ, ഷഫാലി വർമ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവർക്ക് ഓരോ വിക്കറ്റ്.

തുടർന്ന് ജയിക്കാൻ ആവശ്യമായ 37 റൺസ് എസ്. ശുഭയും (13) ഷഫാലിയും (24) ചേർന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുക്കുകയും ചെയ്തു. മത്സരത്തിന്‍റെ അവാസന ദിവസമായ തിങ്കളാഴ്ച അവസാന സെഷനിലായിരുന്നു ഇന്ത്യയുടെ വിജയം. ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളും ഇന്ത്യ തന്നെയാണ് ജയിച്ചത്.