ബാര്‍ബഡോസ്: ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്ക് ഇറങ്ങും. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി മികച്ച യുവനിരയുമായാകും സന്ദർശകരുടെ പോരാട്ടം. അതേസമയം, ടെസ്റ്റ് - ഏകദിന ടീമുകളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ സുശക്തമാണ് വിൻഡീസിന്‍റെ ടി20 ടീം. കരീബിയൻ പ്രീമിയർ ലീഗിൽനിന്നുള്ള മികച്ച കളിക്കാരാണ് ടീമിന്‍റെ ശക്തി.
ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ യശസ്വി ജയ്സ്വാൾ ട്വന്‍റി20യിലും അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ശുഭ്മാൻ ഗില്ലോ ഇഷാൻ കിഷനോ ഋതുരാജ് ഗെയ്ക്ക്‌വാദോ ആകാം. ഗെയ്ക്ക്‌വാദ് ഓപ്പൺ ചെയ്താൽ ഗിൽ മൂന്നാം നമ്പറിലേക്ക് ഇറങ്ങും.
ഐപിഎല്ലില്‍ തിളങ്ങിയ തിലക് വര്‍മയ്ക്കും അരങ്ങേറ്റത്തിന് അവസരം കിട്ടാനിടയുണ്ട്. അങ്ങനെ വന്നാൽ സഞ്ജു സാംസണ് ടീമിൽ ഇടമുണ്ടാകില്ല. മധ്യനിരയിൽ സൂര്യകുമാർ യാദവിനു മാത്രമാണ് ഇടം ഉറപ്പുള്ളത്. ആറാം സ്ഥാനത്ത് ക്യാപ്റ്റൻ പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ശക്തിപകരും.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ നായകനാവുന്ന സാഹചര്യത്തിലാണ് ഗെയ്ക്ക്‌വാദിന് അവസരം നൽകാനുള്ള സാധ്യത നിലനിൽക്കുന്നത്.
രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്‌സർ പട്ടേലും സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലുണ്ടാകും. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയി എന്നിവരിൽ ആരാകും രണ്ടാം സ്പിന്നറായി ടീമിലെത്തുക എന്നത് സെലെക്ടർക്ക് തലവേദനയാകും. പേസ് ബൗളിങ്ങിൽ മുകേഷ് കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നിവർക്കാകും ചീട്ട് വീഴുക. ഉമ്രാൻ മാലിക്കിന്‍റെ അതിവേഗവും അത്ര എളുപ്പത്തിൽ അവഗണിക്കാനാവില്ല.
ഇന്ത്യ സ്‌ക്വാഡ് സാധ്യത: ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍/ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍/ തിലക് വർമ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍/കുൽദീപ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.