ലോകകപ്പ് കളിക്കാത്ത സിംബാബ്‌വെ ലോക ചാംപ്യൻമാരെ തോൽപ്പിച്ചു

ജയിക്കാൻ 116 റൺസ് മാത്രം മതിയായിരുന്നിട്ടും ഇന്ത്യക്ക് 13 റൺസ് പരാജയം
Zimbabwe beat World champions India in 1st match of bilateral T20 series
സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരമ്പരയ്ക്കുള്ള ട്രോഫിയുമായി.
Updated on

ഹരാരെ: ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളാരും സിംബാബ്‌വെ പര്യടനത്തിനു പോയിട്ടില്ല. പക്ഷേ, ലോകകപ്പിന് യോഗ്യത പോലും നേടാൻ സാധിക്കാതിരുന്ന സിംബാബ്‌വെ, സാങ്കേതികമായി പറഞ്ഞാൽ, ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത് ലോക ചാംപ്യമാരെ തന്നെ.

രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാം ട്വന്‍റി20 അന്താരാഷ്‌ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും, കെ.എൽ. രാഹുലും ഇഷാൻ കിഷനും ശ്രേയസ് അയ്യരും ഉൾപ്പെടെയുള്ളവർ സെലക്റ്റർമാരുടെ പരിഗണനയിൽ വരാതിരിക്കുകയും ചെയ്തപ്പോൾ കിട്ടിയ സുവർണാവസരമാണ് ഇന്ത്യൻ യുവസംഘം സിംബാബ്‌വെയിലെ ആദ്യ മത്സരത്തിൽ തുലച്ചു കളഞ്ഞത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ തെരഞ്ഞെടുത്തത് ഫീൽഡിങ്ങാണ്. തീരുമാനം ശരിവച്ചുകൊണ്ട് ഇന്ത്യൻ ബൗളർമാർ അന്താരാഷ്‌ട്ര പരിചയം കുറവുള്ള എതിരാളികളെ 20 ഓവറിൽ 115/9 എന്ന സ്കോറിൽ ഒതുക്കി നിർത്തുകയും ചെയ്തു. എന്നാൽ, ജയിക്കാൻ ആവശ്യമായിരുന്ന വെറും 116 റൺസ് എത്തിപ്പിടിക്കാൻ ഐപിഎല്ലിൽ വെടിക്കെട്ടുകൾ സൃഷ്ടിച്ച ഇന്ത്യൻ യുവ ബാറ്റർമാർക്കു സാധിച്ചില്ല. 102 റൺസിന് ഇന്ത്യ ഓൾൗട്ടായപ്പോൾ സിംബാബ്‌വെയ്ക്ക് 13 റൺസ് വിജയവും പരമ്പരയിൽ ലീഡും.

നാലോവറിൽ 13 റൺസ് മാത്രം വഴങ്ങിയ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയാണ് ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മികവ് പുലർത്തിയത്. ബിഷ്ണോയിയുടെ രണ്ടോവറുകൾ മെയ്‌ഡനുമായിരുന്നു. പരുക്കും ഫോമില്ലായ്മയും ഒക്കെക്കാരണം ദീർഘകാലമായി ടീമിനു പുറത്തിരിക്കുന്ന വാഷിങ്ടൺ സുന്ദറും തിരിച്ചുവരവിൽ തിളങ്ങി. നാലോവറിൽ രണ്ടു വിക്കറ്റ്, വിട്ടുകൊടുത്തത് 11 റൺസ് മാത്രം. പേസ് ബൗളർമാരായ ആവേശ് ഖാനും മുകേഷ് കുമാറും ഓരോ വിക്കറ്റ് സ്വന്തമാക്കി.

29 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ക്ലൈവ് മദാൻഡെയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ഡയൺ മെയേഴ്സ് (23), ബ്രയാൻ ബെന്നറ്റ് (22), വെസ്‌ലി മദ്ഹിവിയർ (21) എന്നിവരാണ് ഇരുപതു കടന്ന മറ്റു ബാറ്റർമാർ.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഒരു ഘട്ടത്തിലും വിജയത്തിന്‍റെ ട്രാക്കിലേക്ക് എത്താനായില്ല. ആദ്യ ഓവറിൽ നാലാം പന്തിൽ അഭിഷേക് ശർമയുടെ (0) വിക്കറ്റ് നഷ്ടമാകുമ്പോൾ സ്കോർ ബോർഡ് തുറന്നിരുന്നില്ല. പത്താം ഓവറിൽ അഞ്ചാം വിക്കറ്റിന്‍റെ രൂപത്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 43 റൺസ്.

ഒരു വശത്ത് ബാറ്റർമാർ ഘോഷയാത്ര നടത്തുമ്പോഴും ഒരറ്റം ഭദ്രമാക്കിയ ക്യാപ്റ്റൻ ഗിൽ (29 പന്തിൽ 31) കൂടി തൊട്ടടുത്ത ഓവറിൽ പുറത്തായതോടെ അദ്ഭുതങ്ങൾക്കൊന്നും സാധ്യത ഇല്ലാതായി. വാഷിങ്ടൺ സുന്ദർ (27) പൊരുതി നോക്കിയെങ്കിലും മറുവശത്ത് സഹായിക്കാൻ ആളുണ്ടായില്ല. ഇന്ത്യൻ ഇന്നിങ്സിലെ ഏക സിക്സർ നേടിയതും സുന്ദർ തന്നെ.

16 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ടെൻഡായ് ചതാരയാണ് സിംബാബ്‌വെ ബൗളർമാരിൽ മികച്ചു നിന്നത്. 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ സിക്കന്ദർ റാസയും തിളങ്ങി.

Trending

No stories found.

Latest News

No stories found.