മൂന്നാം ടി20: ഇന്ത്യക്ക് ജയം, പരമ്പരയിൽ ലീഡ്

സ്കോർ: ഇന്ത്യ 20 ഓവറിൽ 182/4. സിംബാബ്‌വെ 20 ഓവറിൽ 159/6. സന്ദർശകർക്ക് 23 റൺസ് വിജയം, വാഷിങ്ടൺ സുന്ദർ പ്ലെയർ ഓഫ് ദ മാച്ച്.
Indian captain Shubman Gill during the match
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്‍റെ ബാറ്റിങ്
Updated on

ഹരാരെ: സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് വിജയം. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട സിംബാബ്‌വെ പിന്നീട് തിരിച്ചടിച്ചെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യക്ക് 2-1 ലീഡായി.

ലോകകപ്പ് നേട്ടത്തിനു ഇന്ത്യയിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം സിംബാബ്‌വെയിൽ വിമാനമിറങ്ങിയ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങിയത്. റിയാൻ പരാഗ്, ധ്രുവ് ജുറൽ, സായ് സുദർശൻ എന്നിവർ ഇതോടെ പുറത്തായി.

സഞ്ജുവിനെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അവരോധിച്ചപ്പോൾ, ജയ്സ്വാളാണ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന്‍റെ ഓപ്പണിങ് പങ്കാളിയായത്. 27 പന്തിൽ നാല് ഫോറും രണ്ടു സിക്സുമായി ജയ്സ്വാൾ മടങ്ങിയ ശേഷമാണ് കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരൻ അഭിഷേക് ശർമ ക്രീസിലെത്തിയത്. ഒമ്പത് പന്തിൽ 10 റൺസുമായി അഭിഷേകും മടങ്ങിയ ശേഷമായിരുന്നു മത്സരത്തിന്‍റെ ഗതി നിർണയിച്ച ബാറ്റിങ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ ഗില്ലും (49 പന്തിൽ ഏഴ് ഫോറും മൂന്നു സിക്സും സഹിതം 66) ഋതുരാജ് ഗെയ്ക്ക്‌വാദും (28 പന്തിൽ നാല് ഫോറും മൂന്ന് സിക്സും) കൂടി 71 റൺസ് ചേർത്തു.

അഞ്ചാം നമ്പറിൽ ഇറങ്ങിയ സഞ്ജു ഏഴ് പന്തിൽ രണ്ടു ഫോർ ഉൾപ്പെടെ 12 റൺസെടുത്ത് പുറത്താകാതെ നിന്നു. ആറാം നമ്പറിൽ മാത്രം അവസരം കിട്ടിയ റിങ്കു സിങ് ഒരു പന്തിൽ ഒരു റണ്ണുമായും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ 39 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ സിംബാബ്‌വെ പെട്ടെന്നു തന്നെ കീഴടങ്ങുമെന്നു തോന്നിച്ചു. എന്നാൽ, സെക്കൻഡ് ഡൗൺ ബാറ്റർ ഡയൺ മെയേഴ്സും (49 പന്തിൽ പുറത്താകാതെ 65), ഏഴാം നമ്പറിൽ കളിച്ച വിക്കറ്റ് കീപ്പർ ക്ലൈവ് മദാൻഡെയും (26 പന്തിൽ 37), അതിനു ശേഷം വെല്ലിങ്ടൺ മസകാദ്സയും (10 പന്തിൽ പുറത്താകാതെ 18) ഇന്ത്യൻ ബൗളർമാരെ കുറച്ചൊന്ന് ഭയപ്പെടുത്തി.

എന്നാൽ, തുടക്കത്തിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് പൂർണമായി കരകയറാനുള്ള പ്രഹരശേഷി അവരുടെ വാലറ്റത്തിന് ഉണ്ടായിരുന്നില്ല. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നത്. സുന്ദർ തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.

ആവേശ് ഖാൻ തന്‍റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ആകെ നാലോവറിൽ 39 റൺസ് വിട്ടുകൊടുത്തു. ഖലീൽ അഹമ്മദ് 15 റൺസിന് ഒരു വിക്കറ്റും സ്വന്തമാക്കി. അഞ്ചാം ബൗളറുടെ ക്വോട്ട അഭിഷേക് ശർമയും ശിവം ദുബെയും ചേർന്നാണ് പൂർത്തിയാക്കിയത്. രണ്ടോവർ വീതം എറിഞ്ഞ ഇവരുടെ നാലോവറിൽ ആകെ 50 റൺസ് വന്നു. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

Trending

No stories found.

Latest News

No stories found.