വനിതാ ടി20 ലോകകപ്പ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യ സാധ്യത നിലനിർത്തി

ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റിന് 172. ശ്രീലങ്ക 19.5 ഓവറിൽ 90 ഓൾഔട്ട്
ഹർമൻപ്രീത് കൗർ Harmanpreet Kaur
ഹർമൻപ്രീത് കൗർ
Updated on

ദുബായ്: വനിതകളുടെ ട്വന്‍റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ വമ്പൻ വിജയം നേടിയ ഇന്ത്യ സെമി ഫൈനൽ സാധ്യത നിലനിർത്തി. ടൂർണമെന്‍റിൽ ഇതുവരെയുള്ള തങ്ങളുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് അടിച്ചുകൂട്ടി. എതിരാളികളെ 90 റൺസിന് ഓൾഔട്ടാക്കിക്കൊണ്ട് 82 റൺസ് ജയവും കരസ്ഥമാക്കി.

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് ഏറ്റ പരാജയത്തിനു കണക്കു തീർത്ത ഇന്ത്യ, അവരെ ഈ തോൽവിയോടെ ടൂർണമെന്‍റിൽ നിന്നു തന്നെ പുറത്താക്കുകയും ചെയ്തു.

ഓപ്പണർ സ്മൃതി മന്ഥനയുടെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും അർധ ശതകങ്ങളാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടീം ടോട്ടലും ഇന്ത്യയുടെ പേരിൽ കുറിക്കപ്പെട്ടു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസ് ബൗളിങ് ഓൾറൗണ്ടർ അരുന്ധതി റെഡ്ഡിയും മലയാളി ലെഗ് സ്പിന്നർ ആശ ശോഭനയും വിജയം എളുപ്പമാക്കുകയും ചെയ്തു.

വലിയ മാർജിനിലുള്ള വിജയത്തോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് 0.576 ആയി ഉയർന്നു. ഇതോടെ പാക്കിസ്ഥാനെ മറികടന്ന ഇന്ത്യക്കു മുന്നിൽ ഇനി ഓസ്ട്രേലിയ മാത്രമാണുള്ളത്.

ന്യൂസിലൻഡിനും പാക്കിസ്ഥാനുമെതിരേ പതറിയ ഇന്ത്യയുടെ ഓപ്പണിങ് ജോടി ക്ലിക്കായതാണ് ഇക്കുറി ഇന്ത്യയുടെ കളി മാറ്റിയത്. 40 പന്തിൽ നാല് ഫോർ ഉൾപ്പെടെ 43 റൺസ് ഷഫാലി സ്വന്തമാക്കിയപ്പോൾ, സ്മൃതിയുടെ 50 റൺസ് പിറന്നത് 38 പന്തിൽ നിന്നാണ്. നാല് ഫോറും ഒരു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.

മൂന്നാം നമ്പറിലേക്കുള്ള പ്രൊമോഷൻ ആഘോഷമാക്കിയ ഹർമൻപ്രീത് ഒരു പടി കൂടി കടന്നു. വെറും 27 പന്തിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 52 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍റെ സ്ട്രൈക്ക് റേറ്റ് 193 ആയിരുന്നു. ഹർമൻപ്രീത് തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.