ഹ്വാങ്ചു: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സെമിഫൈനലിൽ ഇടമുറപ്പിച്ചു. ക്വാർട്ടർ ഫൈനൽ മുതൽ നോക്കൗട്ടായാണ് മത്സരങ്ങൾ.
മലേഷ്യയ്ക്കെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സെമിയിൽ കടന്നത്. നേരത്തെ, 15 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തിരുന്നു.
ഓപ്പണർ ഷഫാലി വർമ 39 പന്തിൽ 67 റൺസും ജമീമ റോഡ്രിഗ്സ് 29 പന്തിൽ 47 റൺസും നേടി. മലേഷ്യയുടെ ബാറ്റിങ് രണ്ട് പന്ത് പിന്നിട്ടപ്പോഴേക്കും വീണ്ടും മഴയെത്തുകയും തുടർന്ന് മത്സരം ഉപേക്ഷിക്കുകയുമായിരുന്നു.
പാക്കിസ്ഥാനും ഇന്തോനേഷ്യയും തമ്മിലുള്ള രണ്ടാമത്തെ ക്വാർട്ടർ ഫൈനലും മഴ കാരണം ഉപേക്ഷിച്ചതോടെ പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചു. ഈ മത്സരത്തിൽ ഒരു പന്ത് പോലും എറിയാനായിരുന്നില്ല.
രണ്ടു മത്സരങ്ങൾക്കും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ, മികച്ച ഐസിസി റാങ്കിങ് മാനദണ്ഡമാക്കിയാണ് ഇന്ത്യക്കും പാക്കിസ്ഥാനും സെമി ഫൈനലിലേക്കു പ്രവേശനം നൽകിയത്.