1983ൽ ഇന്ത്യ ലോകകപ്പ് ചാംപ്യൻമാരായത് ഭാഗ്യംകൊണ്ടു മാത്രമാണെന്ന് വെസ്റ്റിൻഡീസിന്‍റെ പേസ് ബൗളിങ് ഇതിഹാസം ആൻഡി റോബർട്ട്സ്. ഫൈനലിൽ എടുത്തുപറയാവുന്ന പ്രകടനം ഒരൊറ്റ ഇന്ത്യൻ കളിക്കാരിലൽനിന്നും ഉണ്ടായിട്ടില്ലെന്നും റോബർട്ട്സ് പറഞ്ഞു.
ഇതേ റോബർട്ട്സ് കൂടി ഉൾപ്പെട്ട വിൻഡീസ് ടീമിനെയാണ് 1983ലെ ഫൈനലിൽ കപിൽ ദേവ് നയിച്ച ഇന്ത്യ പരാജയപ്പെടുത്തിയത്. മദൻലാലിന്‍റെ ബൗളിങ് മികവും (3/31) മൊഹീന്ദർ അമർനാഥിന്‍റെ ഓൾറൗണ്ട് പ്രകടനവും (26 റൺസ്, 3/12) ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസും രണ്ടു വട്ടം ഏറ്റുമുട്ടിയപ്പോഴും ഒന്നിൽ ഇന്ത്യ ജയിച്ചിരുന്നു, ഒന്നിൽ വെസ്റ്റിൻഡീസും. സിംബാബ്‌വെയെ രണ്ടു വട്ടവും ഇംഗ്ലണ്ടിനെ ഒരുവട്ടവും തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഫൈനലിലുമെത്തി.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 183 റൺസ് മാത്രമാണു നേടാനായത്. എന്നാൽ, ഡെസ്മണ്ട് ഹെയ്ൻസും ഗോർഡൻ ഗ്രീനിഡ്ജും വിവിയൻ റിച്ചാർഡ്സും ക്ലൈവ് ലോയ്ഡും എല്ലാം ഉൾപ്പെട്ട വിൻഡീസ് ബാറ്റിങ് നിരയ്ക്ക് ആ സ്കോർ മറികടക്കാനായില്ല.
1983 വരെ വെസ്റ്റിൻഡീസ് ഒരു ലോകകപ്പ് മത്സരം പോലും തോറ്റിട്ടില്ലെന്ന് റോബർട്ട്സ് ചൂണ്ടിക്കാട്ടി. 1975ലും 1979ലും ഒരു മത്സരം പോലും തോൽക്കാതെയാണ് വിൻഡീസ് ചാംപ്യൻമാരായത്. എന്നാൽ, 1983ൽ ഞങ്ങൾ രണ്ടു മത്സരം തോറ്റു, രണ്ടും ഇന്ത്യയോടായിരുന്നു, റോബർട്ട്സ് അനുസ്മരിച്ചു.
എന്നാൽ, അതേ വർഷം വിൻഡീസ് ഇന്ത്യയെ ഏകദിന പരമ്പരയിൽ 5-0 എന്ന നിലയിലും ടെസ്റ്റ് പരമ്പരയിൽ 3-0 എന്ന നിലയിലും പരാജയപ്പെടുത്തിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പ് കഴിഞ്ഞ് അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോൾ 6-0ത്തിനും ഇന്ത്യക്കെതിരേ വിൻഡീസ് പരമ്പര നേടിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിയൻ റിച്ചാർഡ്സ് പുറത്തായതായിരുന്നു 1983 ഫൈനലിലെ വഴിത്തിരിവെന്നും അദ്ദേഹം വിലയിരുത്തുന്നു. മദൻലാലിന്‍റെ പന്തിൽ കപിൽ ദേവ് പിന്നോട്ടോടി എടുത്ത അസാമാന്യ ക്യാച്ച് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ സുവർണ മുഹൂർത്തങ്ങളിലൊന്നാണ്.