സി.കെ. രാജേഷ്കുമാർ
എനിക്കൊരു സ്വപ്നമുണ്ട്, എന്ന് തുടങ്ങുന്ന മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ പ്രശസ്തമായ പ്രസംഗത്തെ ഇന്ത്യയിലെ ഫുട്ബോള്‍ സാഹചര്യങ്ങളുമായി ചേര്‍ത്ത് പറയാന്‍ ശ്രമിച്ചാല്‍ അത് ഇങ്ങനെ തുടങ്ങാം. എനിക്കൊരു സ്വപ്നമുണ്ട്. ഇന്ത്യയുടെ കായിക ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സ്വപ്നം. ഫുട്ബോളില്‍ ഒരുദിവസം ഈ രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന സ്വപ്നം, ലോകകപ്പിന് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടും ദരിദ്രനാരായണന്മാരാണ് തങ്ങളെന്ന സ്വയം ബോധ്യത്തില്‍ ടീമിനെ അയയ്ക്കേണ്ട എന്ന നിലപാടെടുത്ത ഇന്ത്യയിലെ ഫുട്ബോള്‍ ഭരണാധികാരികളുടെ നടപടികളിലൂടെ ഇടിഞ്ഞ ആത്മബോധത്തെ തിരികെപ്പിടിക്കണം എന്ന സ്വപ്നം. ഒരിക്കല്‍ ബൂട്ടില്ലാത്തതിന്റെ പേരില്‍ നാണക്കേട് ഏറ്റുവാങ്ങിയ ഇന്ത്യയുടെ അഭിമാനത്തെ ഉയര്‍ത്തണം എന്ന സ്വപ്നം. ലോകകപ്പിന്റെ വിശാല ഭൂമികയില്‍ കളിമികവിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയെത്തുന്ന ഇന്ത്യന്‍ ടീം എന്ന സ്വപ്നം. അതെ, ആ സ്വപ്നത്തിലേക്ക് നമുക്ക് യാഥാര്‍ഥ്യബോധത്തോടെ നടന്നടുക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ നമുക്കുണ്ടായിരിക്കുന്നത്.
പ്രതീക്ഷയുടെ വാതായനം പോട്ട് 2
2026ല്‍ അമെരിക്കയിലും ക്യാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പില്‍ ആറ് കോണ്‍ഫെഡറേഷനുകളില്‍നിന്നായി 48 ടീമുകള്‍ യോഗ്യത നേടും. അതുകൊണ്ടുതന്നെ കൂടുതല്‍ ടീമുകള്‍ക്ക് അവസരം ലഭിക്കും. ഇതില്‍ ഏഷ്യയുടെ ക്വാട്ട എന്നത് നാലില്‍നിന്ന് എട്ടായി ഉയരും. ഈ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യോഗ്യത നേടാന്‍ സാധിക്കും.
ലോകകപ്പിന്റെ യോഗ്യതാ പോരാട്ടങ്ങള്‍ ഉടന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ഉണ്ട് എന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരനുകൂല ഘടകമാണ്. എന്നാല്‍, ഇതിലേറെ ആനുകൂല്യമുള്ള ഒരുകാര്യം കൂടി സംഭവിക്കും. അത് ഗ്രൂപ്പ് തരംതിരിവിനുള്ള പോട്ട് ക്രമീകരണം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യമാണ്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) കീഴിലുള്ള ടീമുകളുടെ പോട്ട് ക്രമീകരണത്തില്‍ ഇന്ത്യ പോട്ട് രണ്ടില്‍ എത്തുമെന്നതാണ് ലോകകപ്പിലേക്കുള്ള യാത്രയില്‍ ഇന്ത്യക്ക് ശുഭസൂചന നല്‍കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ പോട്ട് രണ്ടില്‍ എത്തുന്നത്.
ജൂലൈ 20ലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പോട്ടുകളിലെ ടീമുകള്‍ പരിഗണിക്കുന്നത്. അതിനാല്‍ നിലവില്‍ 100-ാം റാങ്കിലുള്ള ഇന്ത്യ പോട്ട് രണ്ടില്‍ തന്നെ ഉള്‍പ്പെടുമെന്ന് ഉറപ്പാണ്. ഇന്റര്കോണ്ടിനന്റന് കപ്പിലും സാഫ് കപ്പിലും കിരീടം നേടിയതോടെ തൊട്ടുപിന്നിലുള്ള ലെബനന് റാങ്കിങ്ങില്‍ ഇന്ത്യയെ മറികടക്കാനുള്ള സാധ്യത കുറവാണ്.
എഎഫ്സി ടീമുകളുടെ ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഓരോ പോട്ടുകളിലും രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത്. ഫിഫ റാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള 27 ഏഷ്യന്‍ ടീമുകള്‍ ആദ്യത്തെ മൂന്ന് പോട്ടുകളിലാണ് ഉള്‍പ്പെടുന്നത്. ഏറ്റവും മികച്ച റാങ്കുള്ള ഒമ്പത് ടീമുകള്‍ പോട്ട് ഒന്നിലും പിന്നീടുള്ള ഒമ്പത് ടീമുകള്‍ പോട്ട് രണ്ടിലും ശേഷിക്കുന്ന ഒമ്പത് ടീമുകള്‍ പോട്ട് മൂന്നിലും വരുന്നു. 28-മുതല്‍ 45 വരെ റാങ്കുള്ള ടീമുകള്‍ പോട്ട് നാലിലാണ് ഇടം പിടിക്കുക. ഇതില്‍ ആദ്യ മൂന്നു പോട്ടില്‍ വരുന്ന ടീമുകള്‍ നേരിട്ട് രണ്ടാം റൗണ്ടിലെത്തും. സാഫ് ചാംപ്യന്മാരായതോടെയാണ് ഇന്ത്യ പോട്ട് രണ്ടിലെത്തിയത്. പോട്ട് ഒന്നിലുള്ള ടീമുകള്‍ ജപ്പാന്, ഇറാന്, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, സൗദി അറേബ്യ, ഖത്തര്‍, ഇറാഖ് എന്നീ കരുത്തരാണ്. ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ളവരാണ് ഇവര്‍.
പോട്ട് രണ്ടിലുള്ള ഇന്ത്യയുടെ ഗ്രൂപ്പില്‍ ഒരു അതിശക്ത ടീമേ ഉണ്ടാകുകയുള്ളൂ. ബാക്കി മൂന്നു ടീമും റാങ്കിംഗില്‍ പിന്നില്‍ ഉള്ളവരായിരിക്കും എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് അനുകൂലഘടകമാകുന്നത്.
ഇന്ത്യ രണ്ടാം റൗണ്ടില്‍ തുടങ്ങും
36 ടീമുകളെ 9 ഗ്രൂപ്പുകളാക്കിയാണ് രണ്ടാംറൗണ്ട് നടക്കും. റാങ്കിങ്ങില്‍ 100-ാം സ്ഥാനത്തേക്കുയര്‍ന്നതോടെ ഇന്ത്യ ഇത്തവണ നേരിട്ട് രണ്ടാം റൗണ്ട് മുതലാണ് മല്‍സരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ നാല് ടീം വീതം. ഈ റൗണ്ടില്‍ ഇന്ത്യയ്ക്കൊപ്പം ഓസ്ട്രേലിയ, സൗത്ത് കൊറിയ, ജപ്പാന്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ വമ്പന്മാരില് ആരെങ്കിലുമായിരിക്കും ഉള്‍പ്പെടുന്നത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണേലും ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അവസരമുണ്ട്. രണ്ടാം റൗണ്ട് കടന്നെത്തുന്ന 18 ടീമുകളാണ് മൂന്നാം റൗണ്ടിലെത്തുന്നത്. ഇവിടെ ആറ് വീതം ടീമുകളുള്ള മൂന്നു ഗ്രൂപ്പുകളിലുണ്ടാകും. ഇവിടെ ജീവന്മരണ പോരാട്ടം തന്നെ ഇന്ത്യക്ക് നടത്തേണ്ടി വരും. കാരണം മൂന്നാം റൗണ്ടിലെത്തുന്ന 18 ടീമുകളും കരുത്തരായിരിക്കും. എന്നാല്‍, എട്ടു ടീമുകള്‍ക്ക് നേരിട്ട് യോഗ്യതയും ഒരു ടീമിന് പ്ലേ ഓഫ് വഴി യോഗ്യതയും ലഭിക്കുമെന്നതിനാല്‍ ഒരു ജീവന്മരണ പോരാട്ടം തന്നെ നടത്തിയാല്‍ ഇന്ത്യക്ക് മുന്നേറാനാകും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍, അതായത് മൂന്നു ഗ്രൂപ്പുകളില്‍നിന്ന് ആറ് ടീമുകള്‍ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകും. മൂന്നാമതോ നാലാമതോ ആയി ഫിനിഷ് ചെയ്താല്‍ ഇന്ത്യക്ക് നാലാം റൗണ്ടിലേക്ക് മുന്നേറാം. അവിടെ മൂന്നാം റൗണ്ടി്ലെ മൂന്നു ഗ്രൂപ്പുകളിലെയും 3,4 സ്ഥാനക്കാര്‍ രണ്ട് ഗ്രൂപ്പുകളിലായി കൊമ്പുകോര്‍ക്കും. രണ്ടു ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കും. ഗ്രൂപ്പുകളിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാനും അവസരമുണ്ട്. ഇന്റര്‍ കോണ്ടിനെന്റല് ടീമായിരിക്കും പ്ലേ ഓഫില്‍ ഇവിടെ രണ്ടാം സ്ഥാനക്കാര്‍ക്ക് നേരിടേണ്ടി വരിക. ഏറ്റവും മികച്ച ടീമുകള്‍ ആദ്യമേതന്നെ യോഗ്യത സ്വന്തമാക്കും. അതുകൊണ്ടുതന്നെ നാലാം റൗണ്ടില്‍ ഇന്ത്യ ഒന്നാഞ്ഞുപിടിച്ചാല്‍ ലോകകപ്പ് യോഗ്യത അസംഭവ്യമല്ല. പക്ഷേ, സര്‍വവും മറന്നുള്ള അസാമാന്യ പോരാട്ടം തന്നെ ഇന്ത്യ കാഴ്ചവച്ചേ മതിയാകൂ.
നേട്ടമായത് മൂന്ന് കിരീട നേട്ടങ്ങള്‍
ത്രിരാഷ്ട്ര കപ്പിലും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ഏറ്റവുമൊടുവില്‍ സാഫ് കപ്പിലും മുത്തമിട്ടതാണ് ഇന്ത്യക്ക് റാങ്കിങ്ങില്‍ മുന്നിലെത്താന്‍ പ്രേരകമായത്. ഇന്റര്‍ കോണ്ടിനെന്റല് കപ്പിലെ വിജയത്തോടെയാണ് റാങ്കിങ്ങില്‍ ഇന്ത്യ നൂറിലെത്തിയത്. ജൂലൈ 20ല്‍ മറ്റൊരു റാങ്കിങ് കൂടി വരും. സാഫ് കപ്പ് നേടിയതിനാല്‍ അപ്പോള്‍ ഒന്നോ രണ്ടോ റാങ്ക് കൂടി മെച്ചപ്പെടുത്താന്‍ ഇന്ത്യക്കായേക്കും. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ലെബനനെ കലാശപ്പോരില്‍ കീഴടക്കിയതാണ് നേട്ടമായത്. 4.24 പോയന്റ് വര്‍ധിച്ച ഇന്ത്യന്‍ ടീം ലെബനന്, ന്യൂസിലന്‍ഡ് ടീമുകളെ മറികടന്നാണ് നൂറിലെത്തിയത്. അതിന് പിന്നാലെ സാഫ് കപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ ലെബനനെ പരാജയപ്പെടുത്തി. ലെബനന് ലോകറാങ്കിങ്ങില്‍ 99-ാം സ്ഥാനത്തായിരുന്നു ഇന്ത്യയെ നേരിടുമ്പോള്‍.
അല്പം ചരിത്രം
റാങ്കിങ് ഇല്ലാതിരുന്ന കാലത്ത് 1950ലെ ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ഫിഫയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നു പറഞ്ഞ് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഇന്ത്യയെ അയച്ചില്ല. യാത്രാചെലവിന്റെ ഒരുഭാഗം വഹിക്കാമെന്ന് ഫിഫ അംഗീകരിച്ചെങ്കിലും മുടന്തന്‍ ന്യായീകരണങ്ങള്‍ നിരത്തി ഇന്ത്യയെ ലോകകപ്പിന് അയയ്ക്കേണ്ട എന്ന നിലപാടില്‍ ഫുട്ബോള്‍ സംഘടന ഉറച്ചുനിന്നു. പിന്നീട് എത്രയോ കാലമായി ഇന്ത്യ കാത്തിരിക്കുകയാണ് ലോകകപ്പ് പ്രവേശനത്തിനായി. ഇതിനിടെ 2002ല്‍ കൊറിയയിലും ജപ്പാനിലും നടന്ന ലോകകപ്പില്‍ ഇന്ത്യ യോഗ്യതയ്ക്കരികിലെത്തി്. ഒമ്പത് ഗ്രൂപ്പുകളിലായി 39 ഏഷ്യന്‍ ടീമുകള്‍ മത്സരിച്ചു.
യെമന്‍, ബ്രൂണൈ, യുഎഇ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുണ്ടായിരുന്നത്. കരുത്തരായ യുഎഇ യെ അടക്കം പരാജയപ്പെടുത്തിയ ഇന്ത്യ ആറ് മത്സരങ്ങളില്‍ നിന്നായി 11 പോയന്റുകള്‍ നേടി. എന്നാല്‍ 12 പോയന്റുകള്‍ നേടിയ യുഎഇ അടുത്ത സ്റ്റേജിലേക്ക് മുന്നേറി. 11 പോയന്റുകള്‍ നേടിയ യെമന്‍ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് മത്സരത്തില്‍ ബ്രൂണൈയെ ഹോം,എവേ മത്സരങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെടുത്തി. യുഎഇ യെ ഹോം മത്സരത്തിലും തകര്‍ത്തു. എന്നാല്‍ യെമനുമായി ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതാണ് ഇന്ത്യ്ക്ക് തിരിച്ചടിയായത്. യുഎഇ യോട് എവേ മത്സരത്തില്‍ പരാജയപ്പെട്ടതാണ് റൗണ്ടിലെ ഏക തോല്‍വി. ഒരു മത്സരത്തിലെങ്കിലും യെമനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ത്യ്ക്ക് അടുത്ത സ്റ്റേജില്‍ കടക്കാമായിരുന്നു.
തന്ത്രം മാറ്റിയുള്ള കളി
ഇന്ത്യയുടെ പരിശീലകനായി ഇഗോര്‍ സ്റ്റിമാക്ക് എത്തിയതോടെയാണ് ടീമിന് നേട്ടങ്ങള്‍ കൈവന്നത്. ആദ്യ കാലങ്ങളില്‍ പരാജയമായിരുന്നുവെങ്കിലും പതിയെ ഇന്ത്യ വിജയം ശീലമാക്കി. ഓരോ കളിക്കാരന്റെയും മികവ് തിരിച്ചറിഞ്ഞ് അവര്‍ക്കായി കോച്ച് പ്രത്യേകം കളരികള്‍ തയാറാക്കി. എന്നിട്ട് ഈ ടീമിനെ ഏതുരീതിയില്‍ കളിപ്പിക്കാം എന്നാലോചിച്ചു. അതില്‍നിന്നാണ് പരമ്പരാഗതമായി ഇന്ത്യ കളിക്കാറുള്ള 4-4-2 എന്ന ഫോര്‍മേഷനില്‍ മാറ്റമുണ്ടാക്കാന്‍ സ്റ്റിമാക്ക് തീരുമാനിച്ചു. അത് ഓരോ കളികളിലും വ്യത്യസ്തമായിരിക്കും. എതിരാളികളെ അറിഞ്ഞുകൊണ്ടുള്ള ഒരു പൂഴിക്കടകന്‍. 4-4-2ല്‍നിന്ന് 4-2-3-1 എന്ന ശൈലിയിലേക്ക് വളരെ വേഗം കൂടുമാറി. ഈ ശൈലിയാണ് കൂടുതല്‍ കളികളിലും സ്റ്റിമാക്ക് ടീമിനെ ഇറക്കിയത്. രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്ഡറുകള് മൈതാനത്ത് നിലയുറപ്പിക്കുന്ന വിധത്തില്‍ കൃത്യമായ ഗെയിംപ്ലാനാണ് സ്റ്റിമാച്ച് നടപ്പിലാക്കിയത്. ഇത് ഗുണം കണ്ടു തുടങ്ങി, വിജയങ്ങളും വന്നു. സുനില്‍ ഛേത്രിക്കൊപ്പം ലാലിയന്‍സുല ചാങ്തേയും സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കരുണിയനും ഉദാന്ത സിങ്ങും അന്‍വര്‍ അലിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. പ്രതിരോധത്തിലെ ഇന്ത്യയുടെ കരുത്ത് എടുത്തു പറയണം. സന്ദേശ് ജിങ്കനും അന്‍വര്‍ അലിയും നിഖില്‍ പൂജാരിയും പ്രീതം കോട്ടാലും ആകാശ് മിശ്രയും സുഭാസിഷ് ബോസും വിശ്വസനീയരായി ഉയര്‍ന്നു കഴിഞ്ഞു. പരിചയസമ്പത്തും പുതുരക്തിവും ചേരുന്ന ഈ ടീം മികച്ച ഒത്തിണക്കം കാണിക്കുന്നുണ്ട്. മധ്യനിരയില്‍ അനിരുദ്ധ് ഥാപ്പ, ജീക്സണ് സിങ്ങ് എന്നിവരുടെ പ്രകടനവും മികവുറ്റതാണ്.
മികച്ച സൗകര്യമൊരുക്കി, പരിശീലനങ്ങള്‍ നല്കിയാല് ഈ ടീം അദ്ഭുതങ്ങള്‍ കാണിക്കും. അങ്ങനെ ആ സ്വപ്നത്തിലേക്ക് പതിയെ നടന്നടുക്കാനാകും.