ഇതാ യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ പോരാളികൾ
യുഎസ് ക്രിക്കറ്റ് ടീം അംഗങ്ങൾ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ.

ഇതാ യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ പോരാളികൾ

ട്വന്‍റി20 ലോകകപ്പിൽ പാക്കിസ്ഥാനെ അട്ടിമറിച്ച യുഎസ് ടീമിലെ ഇന്ത്യൻ വംശജർ അടക്കമുള്ള വിദേശ താരങ്ങളെ പരിചയപ്പെടാം...

പ്രത്യേക ലേഖകൻ

ട്വന്‍റി20 ലോകകപ്പിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ അട്ടിമറിച്ച യുഎസ്എയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത് ആറ് ഇന്ത്യൻ വംശജരായിരുന്നു. ഇവരുൾപ്പെടെ യുഎസിന്‍റെ പതിനഞ്ചംഗ ടീമിൽ എട്ട് ഇന്ത്യൻ വംശജരുണ്ട്. രണ്ട് പാക്കിസ്ഥാൻ വംശജരെ കൂടി കൂട്ടിയാൽ ടീമിലെ പത്തു പേരും ഏഷ്യൻ വംശജരാണ്. മൂന്നു പേർ ബ്രിട്ടീഷ് വംശജരും.

മോനാങ്ക് പട്ടേൽ

Indian origin players of US cricket team
Monank Patel

യുഎസ് ടീമിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് ഈ ഗുജറാത്തുകാരൻ. ഗുജറാത്തിലെ ആനന്ദിലാണ് ജനനം. സംസ്ഥാനത്തിന്‍റെ അണ്ടർ-16, അണ്ടർ-19 ടീമുകളിൽ കളിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ട്വന്‍റി20 ക്രിക്കറ്റിൽ തന്‍റെ മൂന്നാം അർധ സെഞ്ചുറിയാണ് വ്യാഴാഴ്ച പാക്കിസ്ഥാനെതിരേ ഈ മുപ്പത്തൊന്നുകാരൻ നേടിയത്. 2010ൽ യുഎസ് ഗ്രീൻ കാർഡ് കിട്ടിയ മോനാങ്ക് പട്ടേൽ 2016ൽ അവിടെ സ്ഥിരതാമസമാക്കി.

സൗരഭ് നേത്രവൽക്കർ

Saurabh Netravalkar
സൗരഭ് നേത്രവൽക്കർ കുടുംബാംഗങ്ങളോടൊപ്പം.

ഇന്ത്യ അണ്ടർ-19 ടീമംഗമായിരുന്ന നേത്രവൽക്കർ ഇടങ്കയ്യൻ പേസ് ബൗളറാണ്. 2008-09 കച്ച് ബിഹാർ ട്രോഫിയിൽ ആറു മത്സരങ്ങളിൽ നിന്ന് മുപ്പത് വിക്കറ്റ് നേടി. അണ്ടർ-19 ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയിൽ നടത്തിയ ത്രിരാഷ്‌ട്ര ടൂർണമെന്‍റിൽ എട്ട് വിക്കറ്റുമായി ടോപ് വിക്കറ്റ് ടേക്കറുമായിരുന്നു. പിന്നീട് മുംബൈയുടെ രഞ്ജി ട്രോഫി ടീമിലെത്തി. ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് കളിക്കാൻ അവസരം കിട്ടിയത്, അതിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുഎസിനു വേണ്ടി ഇതിനകം 29 ട്വന്‍റി20 അന്താരാഷ്‌ട്ര മത്സരം കളിച്ച നേത്രവൽക്കർ 29 വിക്കറ്റാണ് നേടിയിട്ടുള്ളത്. ഓവറിൽ ശരാശരി 6.62 റൺസ് മാത്രം വഴങ്ങുന്ന മികച്ച ഇക്കോണമിയാണ് ഈ മുപ്പത്തിരണ്ടുകാരനെ ശ്രദ്ധേയനാക്കുന്നത്.

ഹർമീത് സിങ്

Harmeet Singh
ഹർമീത് സിങ്, അന്നും ഇന്നും.

മറ്റൊരു മുൻ ഇന്ത്യൻ അണ്ടർ-19 താരം. രണ്ടു വട്ടം അണ്ടർ-19 ലോകകപ്പ് കളിച്ചു. ഇടങ്കയ്യൻ സ്പിന്നറും ലോവർ ഓർഡറിൽ പവർ ഹിറ്ററുമാണ്. പാക്കിസ്ഥാനെതിരേ സൂപ്പർ ഓവറിൽ ആറോൺ ജോൺസിനൊപ്പം ബാറ്റിങ്ങിനിറങ്ങിയത് ഹർമീത് ആ‍യിരുന്നു. 2010ലാണ് ആദ്യമായി ഇന്ത്യക്കു വേണ്ടി അണ്ടർ-19 ലോകകപ്പ് കളിക്കുന്നത്. അന്നു നിരാശപ്പെടുത്തിയെങ്കിലും, അടുത്ത ലോകകപ്പിനുള്ള ടീമിലും ഇടം പിടിച്ചു. രണ്ടാമൂഴത്തിൽ ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഇക്കോണമിയിൽ (3.02) പന്തെറിഞ്ഞ ഹർമീത് ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു.

ഒമ്പതാം വയസിൽ മുംബൈയിലെ ശിവാജി പാർക്ക് ജിംഖാന ഗ്രൗണ്ടിൽനിന്ന് പരിശീലകർ കണ്ടെടുത്ത പ്രതിഭ. പത്മാകർ ശിവാൽക്കറും പ്രവീൺ ആംറെയും അടക്കമുള്ളവർക്കു കീഴിൽ പരിശീലനം നേടി. പതിനാറാം വയസിൽ പ്രഥമ രമാകാന്ത് അച്‌രേക്കർ സ്കോളർഷിപ്പിന് അർഹനായി. അണ്ടർ-16, അണ്ടർ-19 തലങ്ങളിൽ മുംബൈ ക്യാപ്റ്റൻ. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഹിമാചൽ പ്രദേശിനെതിരേ ഏഴ് വിക്കറ്റ്. മൂന്നാം മത്സരത്തിൽ തമിഴ്നാടിനെതിരേ ഇന്നിങ്സിൽ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം. ഇന്ത്യ ബി, റെസ്റ്റ് ഓഫ് ഇന്ത്യ ടീമുകളിൽ അംഗവുമായിരുന്നു. പക്ഷേ, അടുത്ത സീസണിൽ മുംബൈ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. ത്രിപുരയ്ക്കു വേണ്ടിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സ്വന്തം.

ഐപിഎൽ സ്പോട്ട് ഫിക്സിങ് വിവാദം ഉയർന്ന 2013ൽ ഹർമീതിന്‍റെ പേരും ഒരു വാതുവയ്പ്പുകാരൻ പുറത്തുവിട്ടിരുന്നു. അന്നു രാജസ്ഥാൻ റോയൽസ് ടീമംഗമായിരുന്ന ഹർമീതിനെ സമീപിച്ചിരുന്നെങ്കിലും തീരെ ചെറുപ്പമായിരുന്നതിനാൽ ഡീൽ ഉറപ്പിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തൽ. ബിസിസിഐ നടത്തിയ അന്വേഷണത്തിൽ ഹർമീത് തെറ്റുകാരനല്ലെന്നാണ് കണ്ടെത്തിയത്. ഇതിനു ശേഷം യുഎസിലേക്ക് കുടിയേറുകയായിരുന്നു.

ജസ്‌ദീപ് സിങ്

Jasdeep Singh
ജസ്‌ദീപ് സിങ്

ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഇന്ത്യയിൽ കളിച്ച് പരിചയമില്ലാത്തയാളാണ് മുപ്പത്തൊന്നുകാരനായ ജസ്‌ദീപ് സിങ്. അഗ്രസീവ് സ്വഭാവമുള്ള ഫാസ്റ്റ് ബൗളർ. കൃത്യതയും അച്ചടക്കവുമാണ് ബൗളിങ്ങിലെ മുഖമുദ്ര. പഞ്ചാബിൽ നിന്ന് കൗമാര പ്രായത്തിൽ തന്നെ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറുകയായിരുന്നു.

നൊസ്തുഷ പ്രദീപ് കെൻജിഗെ

Nosthusha Pradeep Kenjige
നൊസ്തുഷ പ്രദീപ് കെൻജിഗെ

യുഎസ് ടീമിലെ ആറ് ഇന്ത്യൻ വംശജരിൽ നാലു പേരും ഇന്ത്യയിൽ ജനിച്ച് യുഎസിലേക്കു കുടിയേറിയവരാണ്. എന്നാൽ, കെൻജിഗെ ജനിച്ചത് യുഎസിലെ അറ്റ്ലാന്‍റയിൽ തന്നെയാണ്. പക്ഷേ, ബാല്യം ബംഗളൂരുവിലായിരുന്നു. അവിടെ ജില്ലാ - യൂണിവേഴ്സിറ്റി, മേഖലാ തലങ്ങളിൽ ക്രിക്കറ്റ് ടീമുകളിൽ ഇടം നേടി. യുഎസിലേക്കു മടങ്ങിപ്പോയ ശേഷം അവിടെ ദേശീയ ടീമിലും ഇടം പിടിച്ചു. 40 അന്താരാഷ്‌ട്ര ഏകദിന മത്സരങ്ങളിൽ 38 വിക്കറ്റും ഏഴ് ട്വന്‍റി20 മത്സരങ്ങളിൽ ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ലിസ്റ്റ് എ ക്രിക്കറ്റിലും 20 റൺസിനടുത്ത് ബാറ്റിങ് ശരാശരിയുമുണ്ട്.

നിതീഷ് കുമാർ

Nitish Kumar
നിതീഷ് കുമാർ

വലങ്കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമാണ് ഈ ബാറ്റിങ് ഓൾറൗണ്ടർ. 2010ൽ, പതിനഞ്ചാം വയസിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം. അതു പക്ഷേ, ജന്മരാജ്യമായ ക്യാനഡയുടെ ടീമിലായിരുന്നു. ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനാണ്. 2010ൽ ക്യാനഡയുടെ അണ്ടർ-19 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും കളിച്ചു. ക്യാനഡയ്ക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്. ഇരുപത്തിരണ്ടാം വയസിൽ ദേശീയ ടീമിന്‍റെ ക്യാപ്റ്റനുമായി.

പിന്നീട് യുഎസിലേക്ക് കുടിയേറുകയും അവിടത്തെ ക്രിക്കറ്റ് ടീമിലേക്ക് യോഗ്യത നേടുകയുമായിരുന്നു. 24 ട്വന്‍റി20 മത്സരങ്ങളിൽ നാല് അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ രണ്ടും ലിസ്റ്റ് എ ക്രിക്കറ്റിൽ നാലും സെഞ്ചുറികളും നേടി.

പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന ഇന്ത്യൻ വംശജർ

മിലിന്ദ് കുമാറും നിസർഗ് പട്ടേലുമാണ് യുഎസിന്‍റെ പതിനഞ്ചംഗ ടീമിൽ ഉണ്ടായിരുന്നിട്ടും പാക്കിസ്ഥാനെതിരായ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നവർ.

Milind Kumar
മിലിന്ദ് കുമാർ ഇന്ത്യയിൽ രഞ്ജി ട്രോഫി മത്സരത്തിനിടെ.

ഡൽഹിക്കു വേണ്ടി ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള മിലിന്ദ് കുമാർ, ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകൾക്കു വേണ്ടി ഐപിഎല്ലിലും കളിച്ചു. 261 റൺസാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയർന്ന സ്കോർ. ഒമ്പത് സെഞ്ചുറിയും 15 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. യുഎസ്എയ്ക്കു വേണ്ടി നാല് ട്വന്‍റി20 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചു.

Nisarg Patel
നിസർഗ് പട്ടേൽ

മുപ്പത്താറുകാരനായ നിസർഗ് പട്ടേൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനിച്ചതെങ്കിലും ഇന്ത്യൻ സർക്യൂട്ടിൽ കളിക്കാൻ അവസരം കിട്ടിയിട്ടില്ല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമാണ് യുഎസിലേക്ക് കുടിയേറിയത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന കാലത്ത് അവിടത്തെ പൗരത്വവും നേടിയിരുന്നു. പിന്നീട് യുഎസിലേക്കു മടങ്ങി. ഇടങ്കയ്യൻ സ്പിന്നറായ മുപ്പത്താറുകാരൻ യുഎസിനായി 41 ഏകദിനങ്ങളും 21 ട്വന്‍റി20 മത്സരങ്ങളും കളിച്ചു. ഏകദിന ക്രിക്കറ്റിൽ 42 വിക്കറ്റും ടി20യിൽ 27 വിക്കറ്റും നേടിയിട്ടുണ്ട്. ബാറ്റിങ്ങിലും മോശമല്ല.

ഉന്മുക്ത് ചന്ദ് ജസ്റ്റ് മിസ്സ്...!

Unmukt Chand
ഉന്മുക്ത് ചന്ദ്

2012ലെ അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ ചാംപ്യൻമാരാക്കിയ ക്യാപ്റ്റൻ ഉൻമുക്ത് ചന്ദ് അവസാന നിമിഷം വരെ യുഎസ് സെലക്റ്റർമാരുടെ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ടീമിൽ ഇടം കിട്ടിയില്ല. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ സെഞ്ചുറി നേടിയ ഉന്മുക്ത്, അതിനു മുൻപ്, സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഡൽഹിക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. ഡൽഹി ഡെയർഡെവിൾസ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ഐപിഎൽ ടീമുകളുടെയും ഭാഗമായിരുന്നു. ഇന്ത്യ എ, ഇന്ത്യ അണ്ടർ-23 ടീമുകളുടെ ക്യാപ്റ്റനുമായിരുന്ന ഉന്മുക്ത് ഒരുകാലത്ത് വിരാട് കോലിയുമായാണ് താരതമ്യം ചെയ്യപ്പെട്ടിരുന്നത്. പക്ഷേ, സ്ഥിരത പുലർത്താൻ സാധിക്കാതെ വന്നതോടെ അവസരങ്ങൾ കുറയുകയും, അങ്ങനെ മറ്റു സാധ്യതകൾ തേടി യുഎസിലേക്ക് കുടിയേറുകയുമായിരുന്നു.

പാക് വംശജർ

രണ്ടു പാക്കിസ്ഥാൻ വംശജരും യുഎസ് ക്രിക്കറ്റ് ടീമിനു ശക്തി പകരുന്നു- അലി ഖാൻ, ഷയാൻ ജഹാംഗിർ എന്നിവർ. ഇതിൽ

Ali Khan
അലി ഖാൻ

അലി ഖാൻ ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റ് സർക്യൂട്ടിൽ തന്നെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. മുപ്പത്തിമൂന്നുകാരനായ ഫാസ്റ്റ് ബൗളറുടെ പ്രധാന മികവ് യോർക്കറുകളിൽ തന്നെയാണ്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഐപിഎൽ ടീമിലും അംഗമായിരുന്നു. പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അലി ഖാൻ പതിനെട്ടാം വയസിലാണ് കുടുംബത്തോടൊപ്പം യുഎസിലേക്കു കുടിയേറിയത്. കരീബിയൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ, ആദ്യ പന്തിൽ തന്നെ കുമാർ സംഗക്കാരെയ ക്ലീൻ ബൗൾ ചെയ്തുകൊണ്ടാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധയിലേക്കു വരുന്നത്.

Shayan Jahangir
ഷയാൻ ജഹാംഗിർ

ഇരുപത്തൊമ്പതുകാരനായ ഷയാൻ ജഹാംഗിർ മധ്യനിര ബാറ്ററാണ്. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല. അന്താരാഷ്‌ട്ര തലത്തിൽ ഒരു ട്വന്‍റി20 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. അതേസമയം, 12 ഏകദിനങ്ങളിൽ ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.