മുംബൈ: ബ്രേക്കില്ലാതെ കുതിച്ചു പായുന്ന ട്രെയിൻ പോലെയാണ് ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനമെന്ന് പാക്കിസ്ഥാന്‍റെ മുൻ ക്യാപ്റ്റൻ വസിം അക്രം. ആർക്കും തടയാനാവാത്ത വേഗവും കരുത്തുമാണ് ഇന്ത്യൻ ടീമിനെന്നാണ് മറ്റൊരു മുൻ പാക് ക്യാപ്റ്റനായ ഷോയിബ് മാലിക്കുമായി നടത്തിയ സംഭാഷണത്തിൽ അക്രം പറയുന്നത്.
ന്യൂസിലൻഡിനെതിരായ പ്രകടനം കൂടി കണ്ടതോടെയാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും. പ്രതിസന്ധികൾക്കു മുന്നിൽ പതറാതെ പൊരുത്തപ്പെട്ടു മുന്നേറാൻ ടീമിനു സാധിക്കുന്നു. ഹാർദിക് പാണ്ഡ്യക്കു പരുക്കേറ്റപ്പോൾ ടീമിൽ ഒന്നിനു പകരം രണ്ടു മാറ്റങ്ങൾ വരുത്തേണ്ടി വന്നു. എന്നിട്ടും ടീമിന്‍റെ പ്രകടനത്തെ ബാധിച്ചില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ടീമിന്‍റെ പക്കലുള്ളത് അപകടകരമായ ആയുധങ്ങളാണ്, മികവാണ്, കഴിവാണ്, അതിലൊക്കെ ഉപരിയായി, ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പാക്കുന്നതിലുള്ള മേന്മയാണ്- അക്രം പ്രശംസ ചൊരിഞ്ഞു.
ന്യൂസിലൻഡിനെതിരേ വിക്കറ്റുകൾ നഷ്ടമായിട്ടും ഇന്ത്യ സമ്മർദത്തിലായില്ല. ശാന്തരായി തന്നെ മുന്നേറി, എല്ലാം അവരുടെ നിയന്ത്രണത്തിൽ തന്നെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച കൂട്ടുകെട്ടുണ്ടാക്കിയിട്ടും കിവീ ബാറ്റർമാരെ പിടിച്ചകെട്ടാൻ ഇന്ത്യൻ ബൗളർമാർക്കു സാധിച്ചതാണ് മാലിക് ചൂണ്ടിക്കാട്ടിയത്. ന്യൂസിലൻഡിന്‍റെ സ്കോർ 300 കടന്നെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.