ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹിക്കെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 9 റൺസ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
ഡൽഹിയുടെ ക്യാപ്റ്റനെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. പിന്നീട് ഇറങ്ങിയ ഫിൽ സാൾട്ട് (59), മിച്ചൽ മാർഷ്(63) എന്നിവരുടെ മികച്ച കൂട്ടുകെട്ടിൽ ഡൽഹിക്ക് നല്ല തുടക്കം സമ്മാനിച്ചു. പന്ത്രണ്ടാം ഓവറിൽ മാർക്കണ്ഡേ സാൽട്ടിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തപ്പോൾ 112/2 എന്ന നിലയിലായിരുന്നു ഡൽഹി. പതിമൂന്നാം ഓവറിൽ മിച്ചൽ മാർഷും പുറത്തായി. പിന്നീടങ്ങോട്ട് വിക്കറ്റുകളുടെ കുത്തൊഴുക്കായി. മനീഷ് പാണ്ഡെ(1), പ്രിയം ഗാർഗ്(12), സർഫ്രാസ് ഖാൻ (9) എന്നിവർ വന്ന വേഗത്തിൽ തിരികെപ്പോയി.
അവസാന ഓവറുകളിൽ അക്സർ പട്ടേൽ(29), റിപൽ പട്ടേൽ(11) എന്നിവർ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിന് 9 റൺസകലേ പ്രതീക്ഷകൾ അവസാനിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓപ്പണിങ് റോളിൽ അഭിഷേക് ശർമയും ഫിനിഷിങ് റോളിൽ ഹെൻറിച്ച് ക്ലാസനും നടത്തിയ വെടിക്കെട്ടുകളാണ് ടീമിനു മികച്ച സ്കോർ സമ്മാനിച്ചത്.
36 പന്ത് നേരിട്ട അഭിഷേക് 12 ഫോറും ഒരു സിക്സും സഹിതം 67 റൺസെടുത്തു. മായങ്ക് അഗർവാൾ (5), രാഹുൽ ത്രിപാഠി (10), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (8), ഹാരി ബ്രൂക്ക് (0) എന്നിവർ ക്ഷണത്തിൽ മടങ്ങിയെങ്കിലും മറുവശത്ത് അഭിഷേക് ഉറച്ചു നിന്നു.
27 പന്തിൽ രണ്ട് ഫോറും നാലു സിക്സും ഉൾപ്പെടെ 53 റൺസെടുത്ത ക്ലാസൻ അവസാന ഓവറുകളിൽ വീണ്ടും റൺ നിരക്ക് ഉയർത്തി. അബ്ദുൾ സമദ് (21 പന്തിൽ 28), അക്കീൽ ഹുസൈൻ (10 പന്തിൽ 16 നോട്ടൗട്ട്) എന്നിവർ മികച്ച പിന്തുണയും നൽകി.
നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 27 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മിച്ചൽ മാർഷാണ് ഡൽഹി ബൗളർമാരിൽ മികച്ചുനിന്നത്. ഇഷാന്ത് ശർമയ്ക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ്. സൺറൈസേഴ്സിൻ്റെ മാർക്കണ്ഡേ 2 വിക്കറ്റ് നേടി.