ഐപിഎൽ മെഗാ ലേലം: അറിയേണ്ടതെല്ലാം
സ്പോർട്സ് ഡെസ്ക്
ഐപിഎൽ മെഗാ ലേലം ഇങ്ങടുത്തെത്തി. നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടത്തുന്നത്.
സാധാരണ ലേലത്തിൽനിന്നു വ്യത്യസ്തമാണ് മെഗാ ലേലം. എല്ലാ വർഷവും മിനി ലേലം നടക്കാറുണ്ട്. എന്നാൽ, അവയ്ക്കു മുൻപ് പരമാവധി കളിക്കാരെ ടീമുകൾക്ക് നിലനിർത്താൻ സാധിക്കും. മൂന്നു വർഷം കൂടുമ്പോൾ മാത്രമാണ് മെഗാ ലേലം നടക്കുക. ഇത്തവണത്തെ മെഗാ ലേലത്തിനു മുൻപ് പരമാവധി ആറു കളിക്കാരെ മാത്രമാണ് ഓരോ ടീമിനും നിലനിർത്താൻ സാധിക്കുക. അതുകൊണ്ടു തന്നെ പല ടീമുകളിലും വലിയ തോതിൽ അഴിച്ചുപണി വരുന്നത് മെഗാ ലേലത്തിലൂടെയാണ്.
ഇത്തവണത്തെ മെഗാ ലേലത്തിനു രജിസ്റ്റർ ചെയ്തിരിക്കുന്നത് 1574 കളിക്കാരാണ്. ടീമുകളുടെ താത്പര്യമനുസരിച്ച് ഈ പട്ടിക ഇനി വെട്ടിച്ചുരുക്കും.
പുതിയ ടീമുകളെ തേടി സൂപ്പർ താരങ്ങൾ
ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഇക്കുറി ലേലത്തിലുണ്ട്. ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ് തുടങ്ങിയവരുമെത്തും.
ജോസ് ബട്ലർ, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്വെൽ, ഫാഫ് ഡു പ്ലെസി, ഡേവിഡ് മില്ലർ, രചിൻ രവീന്ദ്ര, ഡേവിഡ് വാർനർ തുടങ്ങിയ വിദേശ സൂപ്പർ താരങ്ങളും പുതിയ ടീമുകളെ തേടുന്നു.
പഞ്ചാബ് 'സമ്പന്നർ', രാജസ്ഥാൻ 'ദരിദ്രർ'
120 കോടി രൂപയാണ് ഓരോ ടീമിനും ഇത്തവണ മെഗാ ലേലത്തിൽ ചെലവാക്കാൻ സാധിക്കുക. എന്നാൽ, കളിക്കാരെ നിലനിർത്തുമ്പോൾ ഇതിൽ നിന്ന് തുക കുറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടു തന്നെ രണ്ടു പേരെ മാത്രം നിലനിർത്തിയ പഞ്ചാബ് കിങ്സിന്‍റെ പക്കലാണ് ലേലത്തിൽ ചെലവാക്കാൻ ഏറ്റവും കൂടുതൽ പണമുള്ളത്- 110.5 കോടി രൂപ! ആറു കളിക്കാരെ നിലനിർത്തിയതു കാരണം 41 കോടി മാത്രം കൈയിലുള്ള രാജസ്ഥാൻ റോയൽസാണ് ഏറ്റവും പിന്നിൽ.
പത്ത് ടീമുകളാണ് ഐപിഎല്ലിലുള്ളത്. ഓരോരുത്തർക്ക് 18 മുതൽ 25 കളിക്കാരെ വരെ ടീമിൽ ഉൾപ്പെടുത്താം. ഇതിൽ വിദേശ താരങ്ങൾ എട്ടു പേരേ പാടുള്ളൂ. നിലനിർത്താത്ത താരങ്ങളെയും ലേലത്തിൽ റൈറ്റ് ടു മാച്ച് സൗകര്യം ഉപയോഗിച്ച് തിരിച്ചുവാങ്ങാനും ടീമുകൾക്ക് അവസരമുണ്ട്. എന്നാൽ, അയാൾക്ക് ലേലത്തിൽ പരമാവധി ലഭിച്ച വില തന്നെ ടീം നൽകേണ്ടി വരും.
ഇനി കാത്തിരിക്കാം, കണക്കിലെ കളികൾ ഒരുവശത്ത് നടക്കട്ടെ, ലേലപ്പുരയ്ക്ക് തീപിടിക്കുമ്പോൾ ഐപിഎൽ ടീമുകളുടെ രൂപവും ഭാവവുമെല്ലാം മാറാൻ പോകുകയാണ്. പ്രിയതാരങ്ങൾക്കൊപ്പം ടീം ലോയൽറ്റികളും മാറിമറിയുന്ന കാലമാണിനി.
ഓരോ ടീമും നിലനിർത്തിയത് ആരെയൊക്കെ
1. മുംബൈ ഇന്ത്യൻസ്
ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, തിലക് വർമ.
റൈറ്റ് ടു മാച്ച്: അൺക്യാപ്പ്ഡ് പ്ലെയർ 1
2. സൺറൈസേഴ്സ് ഹൈദരാബാദ്
ഹെൻറിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി.
റൈറ്റ് ടു മാച്ച്: അൺക്യാപ്പ്ഡ് പ്ലെയർ 1
3. ചെന്നൈ സൂപ്പർ കിങ്സ്
ഋതുരാജ് ഗെയ്ക്ക്വാദ്, രവീന്ദ്ര ജഡേജ, മതീശ പതിരണ, ശിവം ദുബെ, എം.എസ്. ധോണി.
റൈറ്റ് ടു മാച്ച്: അൺക്യാപ്പ്ഡ്/ക്യാപ്പ്ഡ് പ്ലെയർ 1
4. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
വിരാട് കോലി, രജത് പാട്ടീദാർ, യാഷ് ദയാൽ.
റൈറ്റ് ടു മാച്ച്: അൺക്യാപ്പ്ഡ് പ്ലെയർ 1, ക്യാപ്പ്ഡ് പ്ലെയർ 2; അല്ലെങ്കിൽ ക്യാപ്പ്ഡ് പ്ലെയർ 3
5. ഡൽഹി ക്യാപ്പിറ്റൽസ്
അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ.
റൈറ്റ് ടു മാച്ച്: അൺക്യാപ്പ്ഡ് പ്ലെയർ 1, ക്യാപ്പ്ഡ് പ്ലെയർ 1; അല്ലെങ്കിൽ ക്യാപ്പ്ഡ് പ്ലെയർ 2
6. കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
റിങ്കു സിങ്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്ര റസൽ, ഹർഷിത് റാണ, രമൺദീപ് സിങ്.
റൈറ്റ് ടു മാച്ച്: ഇല്ല
7. രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ.
റൈറ്റ് ടു മാച്ച്: ഇല്ല
8. ഗുജറാത്ത് ടൈറ്റൻസ്
റഷീദ് ഖാൻ, ശുഭ്മൻ ഗിൽ, സായ് സുദർശൻ, രാഹുൽ തെവാത്തിയ, ഷാറുഖ് ഖാൻ.
റൈറ്റ് ടു മാച്ച്: ക്യാപ്പ്ഡ് പ്ലെയർ 1
9. ലഖ്നൗ സൂപ്പർ ജയന്‍റ്സ്
നിക്കോളാസ് പുരൺ, രവി ബിഷ്ണോയ്, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി.
റൈറ്റ് ടു മാച്ച്: ക്യാപ്പ്ഡ് പ്ലെയർ 1
10. പഞ്ചാബ് കിങ്സ്
ശശാങ്ക് സിങ്, പ്രഭ്സിമ്രൻ സിങ്.
റൈറ്റ് ടു മാച്ച്: ക്യാപ്പ്ഡ് പ്ലെയർ 4