ജിദ്ദ: ഐപിൽ താരലേലത്തിന് നവംബർ 24 ഞായറാഴ്ച തുടക്കം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ജിദ്ദയിലെ അബാദേയ് അൽ ജോഹർ തിയറ്ററിൽ രണ്ട് ദിവസങ്ങളിലായാണ് ലേലം നടക്കുക. 1574 താരങ്ങൾ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 ടീമുകൾക്ക് മൊത്തം 641 കോടി രൂപയാണ് ബാക്കിയുള്ളത്. ഓരോ ടീമിനും 120 കോടി രൂപ ചെലവിടാൻ കഴിയും. ലേലത്തിലെ ഏറ്റവും വിലയേറിയ താരം ആരായിരിക്കുമെന്ന ആകാംശയിലാണ് കായികലോകം.
കഴിഞ്ഞ തവണ മിച്ചൽ സ്റ്റാർക്കിന് ലഭിച്ച 24.75 കോടി എന്ന ഭീമൻ തുക ഇത്തവണ ആര് മറികടക്കുമെന്നാണ് അറിയാനുള്ളത്. ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് 25 കോടി മുതൽ 30 കോടി വരെ ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഏറ്റവും കൂടുതൽ ലേലതുകയുള്ളത് പഞ്ചാബ് കിങ്സിനാണ് 110 കോടി ലേലതുകയാണ് പഞ്ചാബ് കിങ്സിനുള്ളത്. നിലനിർത്തിയ താരങ്ങളടക്കം ഒരു ടീമിന് 25 താരങ്ങളെവരെ ടീമിലെടുക്കാം. ഞായറാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാനാകും.