വാങ്കഡെ: തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം സൂര്യകുമാര്‍ യാദവ് ഉദിച്ചുയര്‍ന്നു, ഫലമോ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കരുത്തരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ചു വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.
മുന്‍നിര ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അനായാസം മുംബൈ വിജയത്തിലെത്തി. സൂര്യകുമാര്‍ യാദവ് 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം 43 എടുത്ത് പുറത്തായപ്പോള്‍ ടിം ഡേവിഡ് 13 പന്തില്‍ ഒരു ഫോറും രണ്ട് സിക്സുമടക്കം 24 റണ്ണുമായി പുറത്താവാതെ നിന്നു. നേരത്തേ സെഞ്ചുറിയുമായി തിളങ്ങിയ വെങ്കടേഷ് അയ്യറുടെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഐപിഎല്‍ ഈ സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണ് വെങ്കിടേഷ് അയ്യരിലൂടെ പിറന്നത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ തുടക്കം വെടിക്കെട്ടോടെയായിരുന്നു. രോഹിത് ശര്‍മ്മയും ഇഷാന് കിഷനും ചേര്‍ന്ന് നാലാം ഓവറില്‍ തന്നെ സ്കോര്‍ അമ്പത് കടത്തി.
ടീം സ്കോര്‍ 65-ല്‍ നില്‍ക്കേ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 13 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ സുയാഷ് ശര്‍മ്മയാണ് പുറത്താക്കിയത്. ഉമേഷ് യാദവിന്റെ മിന്നും ക്യാച്ചിലാണ് രോഹിതിന്റെ പുറത്താകല്‍. നേരത്തെ ടീമിലില്ലാതിരുന്ന രോഹിത് ശര്‍മ, സബ്സ്റ്റിറ്റിയൂട്ടായാണ് ടീമിലെത്തിയത്. ഇഷാന് കിഷനൊപ്പം രോഹിത് ശര്‍മ്മ ഇംപാക്ട് പ്ലെയറായി മൈതാനത്ത് എത്തിയത് മുംബൈ ഇന്ത്യന്‍സ് ആരാധകരെ ത്രില്ലടിപ്പിച്ചു. ക്രീസിലൊന്നിച്ച ഇഷാന് കിഷന്-സൂര്യകുമാര്‍ സഖ്യത്തിന്റെ ചുമലിലായി മുംബൈയുടെ ചേസിംഗ്. അഞ്ച് വീതം ഫോറും സിക്സുമായി അര്‍ധസെഞ്ചുറി നേടിയ ഇഷാന് കിഷനെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത് ബ്രേക്ക് ത്രൂവായി.
പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച് സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും മുംബൈയെ അനായാസം വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു. ഫോമില്ലായ്മയുടെ എല്ലാ പരാതിയും തീര്‍ത്ത സൂര്യ ബൗളര്‍മാരെ നാലുപാടും പറത്തിയതോടെ മുംബൈ ഇന്ത്യന്‍സ് 15-ാം ഓവറില്‍ 150 പിന്നിട്ടു. അതിനിടെ, 14-ാം ഓവറിലെ അവസാന പന്തില്‍ തിലക് വര്‍മ്മയെ(25 പന്തില്‍ 30) നഷ്ടമായതൊന്നും മുംബൈയെ തെല്ലും ബാധിച്ചില്ല. തിലകിനെ സുയാഷ് പുറത്താക്കി. പിന്നീടിറങ്ങിയ ടിം ഡേവിഡും തകര്‍ത്തടിച്ചതോടെ മുംബൈ വിജയത്തോടടുത്തു.
25 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത സൂര്യകുമാറിനെ താക്കൂറും പിന്നാലെയിറങ്ങിയ നേഹല്‍ വദേരയെ(6) ലോക്കി ഫെര്‍ഗൂസണും പുറത്താക്കിയെങ്കിലും കാര്യമുണ്ടായില്ല. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് മുംബൈയെ വിജയത്തിലെത്തിച്ചു. കൊല്‍ക്കത്തയ്ക്കായി സുയാഷ് ശര്‍മ്മ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ശര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്ഗൂസണ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാരായണ്‍ ജഗദീശനെ(0) കാമറൂണ്‍ ഗ്രീനാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയ വെങ്കടേഷ് അയ്യര്‍ തകര്‍ത്തടിച്ച് കളിച്ചതോടെ കൊല്‍ക്കത്ത സ്കോര്‍ വേഗത്തില്‍ അമ്പത് കടന്നു.
എന്നാല്‍ ടീം സ്കോര്‍ 57-ല്‍ നില്‍ക്കേ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ പീയുഷ് ചൗള പുറത്താക്കി. 12 പന്തില്‍ നിന്ന് 8-റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ക്യാപ്റ്റന്‍ നിതീഷ് റാണ(5), ശര്‍ദുല്‍ താക്കൂര്‍(13) എന്നിവര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ വെങ്കടേഷ് അയ്യറാണ് കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച വെങ്കടേഷ് അയ്യര്‍ 17-ാം ഓവറില്‍ സെഞ്ചുറിയും തികച്ചു. 49-പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഐപിഎല്‍ കരിയറിലെ വെങ്കടേഷിന്റെ ആദ്യ സെഞ്ചുറിയാണ് വാംഖഡേയിലേത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി സെഞ്ചറി നേടുന്ന രണ്ടാമത്തെ താരമാണ് വെങ്കടേഷ് അയ്യര്‍.
ആദ്യ ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂരിനെതിരേ സെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് കൊല്‍ക്കത്തയ്ക്കായി സെഞ്ചുറി നേടുന്ന് ആദ്യ താരം.റൈലി മെറിഡിത്ത് എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി നേടിക്കൊണ്ട് അയ്യര്‍ ആരാധകരെ ആവേശത്തിലാക്കി. എന്നാല്‍ രണ്ടാം പന്തില്‍ റിവേഴ്സ് ഹിറ്റിന് ശ്രമിച്ച താരം ജാന്‍സന്റെ കൈകളിലൊതുങ്ങി. 51 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളുടേയും ഒമ്പത് സിക്സറുകളുടേയും അകമ്പടിയോടെ 104 റണ്‍സെടുത്താണ് വെങ്കടേഷ് മടങ്ങിയത്.അവസാന ഓവറുകളില്‍ റസ്സല്‍ വെടിക്കെട്ട് നടത്തിയതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സിന് അവസാനിച്ചു.
റസ്സല്‍ 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.മുംബൈയ്ക്കായി ഹൃതിക് ഷൊകീന് രണ്ടുവിക്കറ്റെടുത്തു. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പിയുഷ് ചൗളയും തിളങ്ങി. കാമറൂണ്‍ ഗ്രീന്‍, ജാന്സന്, റൈലി മെറിഡിത്ത് എന്നിവരും ഓരോ വിക്കറ്റെടുത്തു. മത്സരത്തിലൂടെ മുംബൈക്കായി അര്ജുന് ടെന്‍ഡുല്‍ക്കറും ഡ്വെയ്ന്‍ യാന്‍സനും അരങ്ങേറി.