ജയ്പൂർ: ഇന്ത‍്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ മുഖ‍്യ പരിശീലകനാകാൻ രാഹുൽ ദ്രാവിഡ് തിരിച്ചെത്തുന്നു. ഇന്ത‍്യൻ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമാണ് രാഹുൽ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ദ്രാവിഡിന്‍റെ സഹപരിശീലകനായി ഇന്ത‍്യൻ ടീം മുൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡും എത്തുമെന്നും റിപ്പോർട്ടുണ്ട്.
ഔദ‍്യോഗികമായി ദ്രാവിഡിന്‍റെ നിയമനം സംബന്ധിച്ച് പ്രഖ‍്യാപനം രാജസ്ഥാൻ റോയൽസ് ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ ഫ്രാഞ്ചൈസിയുമായി ദ്രാവിഡ് കരാറിൽ ഏർപെട്ടതായാണ് വിവരം.
2011 മുതൽ 2013 വരെയുള്ള സീസണുകളിൽ ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലകനായിരുന്നു. നിലവിലെ പരിശീലകനായ കുമാർ സംഗക്കാര ഡയറ്കടർ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതൽ 2013 വരെ റോയൽസിനായി ഐപിഎല്ലിൽ കളിച്ച ദ്രാവിഡ് 2014, 2015 വർഷങ്ങളിൽ ടീമിന്‍റെ മെന്‍ററായും പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് നായകനായ ദ്രാവിഡ് 2013ൽ ടീമിനെ ചാമ്പ‍്യൻസ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്.