ആർസിബി ടീമിനുള്ളിലെ വിവരങ്ങൾ തേടി ഒരാൾ തന്നെ സമീപിച്ചു; അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ച് മുഹമ്മദ് സിറാജ്
ബെംഗളൂരു: ഐപിഎല്ലിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെ വിവരങ്ങൾ തേടി വാതുവെപ്പുകാരന്‍ എന്ന് സംശയിക്കുന്ന ഒരാള്‍ തന്നെ സമീപിച്ചതായി ആർസിബി താരം മുഹമ്മദ് സിറാജ്. ഇതുമായി ബന്ധപ്പെട്ട് സിറാജ് ഉടൻ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് വിവരം നൽകിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനകത്തുള്ള വിവരങ്ങള്‍ തേടിയാണ് തന്നെ ഒരാള്‍ ബന്ധപ്പെട്ടതെന്ന് സിറാജ് അറിയിച്ചു.
ഒരു ഐപിഎൽ മത്സരത്തെ തുടർന്ന് ഒരുപാട് പണം നഷ്ടപ്പെട്ടെവെന്നും ടീമിലെ വിവരം തേടി ഒരാള്‍ സിറാജിനെ സമീപിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ സിറാജിനെ വിളിച്ചയാൾ വാതുവയ്പുകാരനല്ല. ഐപിഎൽ മത്സരങ്ങളുടെ ബെറ്റിങ്ങിൽ പണം നഷ്‌ടമായ ആളാണെന്നും ഇയാൾ ഹൈദരാബാദിൽനിന്നുള്ള ഒരു ഡ്രൈവറാണെന്നും ബിസിസിഐ അന്വേഷണത്തിൽ ലഭിച്ച വിവരം. അതുകൊണ്ടാണ് അയാൾ ടീമിനകത്തെ വിവരങ്ങൾ സിറാജിനോട് അന്വേഷിച്ചതെന്നും ബിസിസിഐ വൃത്തങ്ങളിൽനിന്നു വിവരം ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
സിറാജ് ഉടൻ തന്നെ വിവരം കൈമാറിയതിനെ തുടർന്ന് സംശയിക്കുന്നയാളെ ഉദ്യോഗസ്ഥർ പിടികൂടി. 2013 ഒത്തുകളി കേസ് വിവാദത്തിന് പിന്നാലെയാണ് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം ശക്തിപ്പെടുത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓരോ ടീമിനേയും അവരുടെ നീക്കങ്ങളും പ്രത്യേകം നിരീക്ഷിക്കാൻ ബിസിസിഐ ഓരോ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.