ചെന്നൈ: ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്‍റിൽ മധ്യപ്രദേശിനെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ ജാർഖണ്ഡിന് വേണ്ടി തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത‍്യൻ താരം ഇഷാൻ കിഷൻ. മധ‍്യപ്രദേശിനെതിരായ മത്സരത്തിൽ രണ്ടാം ദിനം ജാർഖണ്ഡിനായി ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കിഷൻ 86 പന്തിൽ 10 സിക്‌സും 5 ഫോറും ഉൾപ്പെടെ 107 പന്തില്‍ 114 റൺസ് നേടി. ഒന്നാം ഇന്നിംഗ്‌സിൽ ആദ‍്യം ബാറ്റ് ചെയ്യാനിറങ്ങിയ മധ‍്യപ്രദേശ് 225 റൺസിന് പുറത്തായി 45 റണ്‍സ് ലീഡോടെ ജാർഖണ്ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു ബാറ്റിങ് തുടരുന്നു.
എല്ലാ ഫോർമാറ്റുകളിലും ദേശീയ ടീമിന്‍റെ ഭാഗമായിരുന്ന കിഷൻ, യാത്രാ ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് 2023 സീസണിന്‍റെ അവസാനത്തോടെ ഒരു ഇടവേള തിരഞ്ഞെടുത്തു. തുടർന്ന് നടന്ന മത്സരങ്ങളിൽ ഫോം കണ്ടെത്താനാവത്തതുമൂലം ഈ വർഷമാദ്യം നടന്ന ടി20 ലോകകപ്പിൽ ഇടം നേടാനായില്ല.
ഫെബ്രുവരിയിൽ കിഷനും ശ്രേയസ് അയ്യരും ആഭ്യന്തര റെഡ്-ബോൾ മത്സരങ്ങൾ ഒഴിവാക്കിയിരുന്നു ഇതിനെ തുടർന്ന് ബിസിസിഐ കേന്ദ്ര കരാറിൽ നിന്ന് താരങ്ങളെ ഒഴിവാക്കിയിരുന്നു. ഐപിഎൽ 2024 സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം കിഷൻ മത്സര ക്രിക്കറ്റിലേക്ക് മടങ്ങി 14 കളികളിൽ നിന്ന് ഏക അർധ സെഞ്ച്വറിയോടെ 320 റൺസ് നേടി.2023 നവംബറിലാണ് കിഷൻ അവസാനമായി ഇന്ത്യക്കായി ഒരു ടി20 കളിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒരു ടെസ്റ്റ് മത്സരത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ അയ്യർ നയിക്കുന്ന ഇന്ത്യ ഡി ടീമിലെ വിക്കറ്റ് കീപ്പറായും കിഷൻ ഈ ആഴ്ച ആദ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.