കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ഏഴാം പോരാട്ടത്തിന് ഇന്നിറങ്ങുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹൈദരാബാദ് എഫ് സിക്ക് എതിരെയാണ് മത്സരം. കഴിഞ്ഞ സീസണില്‍, ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ചാംപ്യന്മാരായ ടീമാണ് ഹൈദരാബാദ് എഫ് സി. ഈ സീസണില്‍ കൊമ്പന്മാരുടെ അഞ്ചാം ഹോം മത്സരമാണ് ഇന്ന് രാത്രി എട്ടിന് തുടങ്ങുക.
ആറ് മത്സരങ്ങളില്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മഞ്ഞപ്പട. അതേസമയം, ഹൈദരാബാദ് നിസാംസ് എന്നറിയപ്പെടുന്ന സംഘത്തിന് ഈ സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി മൂന്ന് പോയിന്റോടെ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി.മഞ്ഞപ്പടയുടെ പരിക്കേറ്റ് പുറത്തായതും സസ്പെന്ഷനിലുള്ളതുമായി മൂന്ന് കളിക്കാര്‍ തിരിച്ചെത്തുന്ന മത്സരമാണ് ഹൈദരാബാദിന് എതിരായത്.
അതുകൊണ്ടുതന്നെ ടീം സെലക്ഷനില്‍ മുഖ്യ പരിശീലകന് ഇവാന് വുകോമനോവിച്ച് കാര്യമായ വെല്ലുവിളി നേരിടും മഞ്ഞപ്പടയുടെ എക്കാലത്തെയും ഏറ്റവും മികച്ച ഏഷ്യന്‍ സൈനിങായ ജാപ്പനീസ് താരം ഡൈസുകെ സകായ്, യുറഗ്വായ് പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഡയമാന്റകോസിന്റെ അഭാവത്തില്‍ ഘാനയുടെ ഖ്വാമെ പെപ്രയായിരിക്കും ഹൈദരാബാദിനെതിരേ മഞ്ഞപ്പടയുടെ ആക്രമണം നയിക്കുക.