കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം പരിശീലകന് ഇവാന് വുകോമനോവിച്ച് വിലക്കിനു ശേഷം ടീമിനൊപ്പം. വുകമാനോവിച്ചിനെ സാക്ഷിയാക്കി, ആ തന്ത്രങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് നിര്‍ണായക മത്സരത്തില്‍ കരുത്തരായ ഒഡീഷ എഫ് സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ജയത്തില്‍ക്കുറഞ്ഞ ഒന്നുകൊണ്ടും മഞ്ഞപ്പട സംതൃപ്തമാകില്ല. ഈ സീസണില്‍ കൊച്ചിയില്‍ കളിച്ച മത്സരങ്ങളിലൊന്നിലും കേരള ബ്ലാസ്റ്റേഴ്സ് തോല്‍വിയറിഞ്ഞിട്ടില്ല രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒരു കളി സമനിലയായി. അതേ സമയം 10 മത്സര വിലക്കിനു ശേഷം മുഖ്യ പരിശീലകന് ഇവാന് വുകോമനോവിച്ച് തിരിച്ചെത്തുന്ന മത്സരം കൂടിയാണ് ഒഡിഷ എഫ് സിക്ക് എതിരായത്. ഒരു വമ്പന്‍ തിരിച്ചുവരവായിരിക്കും ഇവാന് വുകോമനോവിച്ചും ലക്ഷ്യം വയ്ക്കുന്നത്. ആശാന്റെ തിരിച്ചു വരവ് വമ്പന്‍ ജയത്തോടെ ആഘോഷിക്കുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.
മൂന്ന് മത്സരങ്ങളില്‍ ഒരു ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ സമ്മിശ്ര ഫലങ്ങളുമായി നാല് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ഒഡീഷ. ഏഴ് പോയിന്റുള്ള മഞ്ഞപ്പട നാലാം സ്ഥാനത്തും. ഒഡീഷയ്ക്കെതിരെ ജയിച്ച് ലീഗ് പോയിന്റ് ടേബിളിന്റെ മുന്‍നിരയില്‍ തുടരാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുക.
സസ്പെന്‍ഷനും പരുക്കും പ്രശ്നം
മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട മിലോസ് ഡ്രിന്‍സിച്ച്, പ്രബീര്‍ ദാസ് എന്നിവരുടെ അഭാവത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷയ്ക്കെതിരേയും ഇറങ്ങുക. പരുക്കേറ്റ ഐബാന്‍ബ ഡോഹ്ലിങ്ങും ഇന്ന് കളിക്കില്ല. പ്രതിരോധം ശക്തമാക്കുന്ന സൈനിങ്ങുകള്‍ നടത്തിയെങ്കിലും നാല് മത്സരങ്ങളില്‍ നാല് ഗോള്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വഴങ്ങിയത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു മത്സരത്തില്‍ മാത്രമാണ് ക്ലീന്‍ ഷീറ്റുമായി കളം വിട്ടത്.
അതേസമയം, പരുക്കേറ്റ് വിശ്രമത്തിലുള്ള ക്രൊയേഷ്യന്‍ സെന്റര്‍ ഡിഫെന്‍ഡര്‍ മാര്‍ക്കോ ലെസ്കോവിച്ച് ഒഡിഷയ്ക്കെതിരേ കളിക്കുമെന്നാണ് കരുതുന്നത്. സന്ദീപ് സിങ്, റൂയിവ ഹോര്‍മിപാം, പ്രീതം കോട്ടാല്‍, നവോച്ച സിങ് എന്നിവരായിരുന്നു കഴിഞ്ഞ മത്സരത്തില്‍ മഞ്ഞപ്പടയുടെ ഡിഫെന്‍സില്‍. ഇവര്‍ തന്നെ അടുത്ത കളിയിലും പ്രതിരോധത്തില്‍ അണിനിരക്കാനാണ് സാധ്യത.
പരുക്കേറ്റ് വിശ്രമത്തിലുള്ള ജീക്സണ് സിങിന്റെ അഭാവം മധ്യനിരയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഡാനിഷ് ഫറൂഖ് ബട്ട് ആയിരുന്നു സെന്റര്‍ മിഡ്ഫീല്‍ഡില്‍ കളിച്ചത്. ഡൈസുകെ സകായിക്ക് പകരം മലയാളി താരം കെ.പി. രാഹുല്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. ഡൈസുകെ സകായിയെ ആക്രമണത്തിന് നിയോഗിച്ചേക്കാം.
വുകമാനോവിച്ചിന്റെ വരവ് ആത്മവിശ്വാസമേകും
വിലക്കിനു ശേഷം പരിശീലകന് വുകോമനോവിച്ച് തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസമേകും. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് എലിമിനേറ്ററില്‍ ബംഗളൂരു എഫ്സിക്കെതിരേ ബ്ലാസ്റ്റേഴ്സിനെതിരായ ഫ്രീകിക്ക് ഗോളില്‍ പ്രതിഷേധിച്ച് ഇവാന് വുകോമനോവിച്ച് ടീമിനെ കളത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ആ നടപടിക്കായിരുന്നു എ ഐ എഫ് എഫ് സെര്‍ബിയന്‍ മാനേജര്‍ക്ക് 10 മത്സര വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ഏര്‍പ്പെടുത്തിയത്.
അന്ന് മുതല്‍ ഇന്നലെ വരെ 238 ദിവസം ഇവാന് വുകോമനോവിച്ച് ഡഗ് ഔട്ടിലില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളത്തിലിറങ്ങിയത്. . 2023 സൂപ്പര്‍ കപ്പ്, 2023 ഡ്യൂറന്‍ഡ് കപ്പ്, 2023 - 24 സീസണിലെ ആദ്യ നാല് ഐ എസ് എല്‍ മത്സരങ്ങള്‍ എന്നിങ്ങനെ 10 മത്സരത്തിലാണ് ആശാനില്ലാതെ മഞ്ഞപ്പട കളത്തിലെത്തിയത്.
കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച പരിശീലകനാണ് 46 കാരനായ ഈ സെര്ബിയക്കാരന്. 2021 ജൂണ്‍ 17 നാണ് കൊച്ചി ആസ്ഥാനമായ ക്ലബ്ബിലേക്ക് ഇദ്ദേഹമെത്തിയത്. ഇതുവരെ 52 മത്സരങ്ങളില്‍ സെര്‍ബിയന്‍ പരിശീലകന് കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചു. 24 ജയം, 10 സമനില, 18 തോല്‍വി എന്നിങ്ങനെയാണ് ആശാന്റെ ശിക്ഷണത്തിനു കീഴില്‍ മഞ്ഞപ്പടയുടെ പ്രകടനം. 46.15 ആണ് വിജയ ശതമാനം.
മഞ്ഞപ്പടയുടെ ചരിത്രത്തില്‍ കരാര്‍ പുതുക്കി ലഭിച്ച ഏക മാനേജറാണ് വുകോമനോവിച്ച്.